Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)
ഓൺലൈൻ തട്ടിപ്പുകാർക്ക് പൂട്ടിടാൻ പുതിയ അത്യാധുനിക സംവിധാനവുമായി കേരള പൊലീസ് രംഗത്ത്. നിങ്ങൾക്ക് ലഭിക്കുന്ന ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്സൈറ്റ് ലിങ്കുകൾ എന്നിവ വ്യാജമാണോ എന്ന് ഇനിമുതൽ ഒരു വാട്സാപ്പ് മെസ്സേജിലൂടെ നിമിഷങ്ങൾക്കകം തിരിച്ചറിയാം. മനസ്സിലായോ എന്ന അടിക്കുറിപ്പോടെ കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ പുതിയ ഹെൽപ്പ് ലൈൻ നമ്പർ പുറത്തുവിട്ടത്.
ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാം: 9497964163
നിങ്ങൾക്ക് വരുന്ന സന്ദേശങ്ങളിലോ കോളുകളിലോ സംശയം തോന്നിയാൽ ഈ നമ്പറിലേക്ക് ചാറ്റ് ചെയ്ത് അതിൻ്റെ വിശ്വാസ്യത പരിശോധിക്കാവുന്നതാണ്.
എന്തൊക്കെ വിവരങ്ങൾ പരിശോധിക്കാം?
- ഫോൺ നമ്പറുകൾ & എസ്.എം.എസ്: അപരിചിതരിൽ നിന്ന് വരുന്ന ഭീഷണി സന്ദേശങ്ങൾ അല്ലെങ്കിൽ സമ്മാനങ്ങൾ അടിച്ചിരിക്കുന്നു എന്ന വ്യാജ എസ്.എം.എസുകൾ.
- ബാങ്ക് വിവരങ്ങൾ: പണം അയക്കാൻ ആവശ്യപ്പെട്ട് തട്ടിപ്പുകാർ നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകൾ.
- വെബ്സൈറ്റ് ലിങ്കുകൾ & ഇമെയിൽ: പ്രമുഖ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ ഓഫർ ലിങ്കുകൾ, ഇമെയിലുകൾ.
- ഐ.പി അഡ്രസുകൾ: ഓൺലൈൻ വഴി നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്ന സംശയാസ്പദമായ ഐ.പി വിലാസങ്ങൾ.
- ആപ്ലിക്കേഷൻ ഫയലുകൾ: പ്ലേ സ്റ്റോറിലില്ലാത്ത, ഫോൺ ഹാക്ക് ചെയ്യാൻ സാധ്യതയുള്ള ആപ്പ് ഫയലുകൾ.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപോ, അപരിചിതർക്ക് പണം കൈമാറുന്നതിന് മുൻപോ ഈ സേവനം ഉപയോഗിക്കുന്നത് വഴി വലിയൊരു സാമ്പത്തിക ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ പൊതുജനങ്ങൾക്ക് സാധിക്കും. ഓർക്കുക, സൈബർ സുരക്ഷ നിങ്ങളുടെ കൈകളിലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വൻതോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് പൊലീസ് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് ഉടനടി വായ്പ, വീട്ടിലിരുന്ന് ജോലി ചെയ്ത് ദിവസേന ആയിരങ്ങൾ സമ്പാദിക്കാം തുടങ്ങിയ വ്യാജ പരസ്യങ്ങളാണ് തട്ടിപ്പുകാർ ഇപ്പോൾ പ്രധാന ആയുധമാക്കുന്നത്.
തട്ടിപ്പുകാരുടെ പുതിയ രീതികൾ ഇങ്ങനെ:
വ്യാജ ലോൺ ആപ്പുകൾ
സോഷ്യൽ മീഡിയ വഴിയും എസ്.എം.എസ് വഴിയും ആകർഷകമായ വായ്പാ ഓഫറുകൾ നൽകി ആളുകളെ ആകർഷിക്കുന്നു. തുടർന്ന് പ്ലേ സ്റ്റോറിലില്ലാത്ത ചില പ്രത്യേക ഫയലുകൾ (APK Files) ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ കോൺടാക്റ്റുകൾ, ഫോട്ടോകൾ, ബാങ്ക് വിവരങ്ങൾ എന്നിവയെല്ലാം തട്ടിപ്പുകാരുടെ കൈകളിലെത്തും.
പാർട്ട് ടൈം ജോലി തട്ടിപ്പ്
യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, ഗൂഗിളിൽ റിവ്യൂ എഴുതുക തുടങ്ങിയ ലളിതമായ ജോലികളിലൂടെ പണം നൽകാമെന്ന് പറഞ്ഞ് ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ആളുകളെ കൂട്ടിച്ചേർക്കുന്നു. തുടക്കത്തിൽ ചെറിയ തുക കമ്മീഷനായി നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം, വലിയ തുകകൾ ഇൻവെസ്റ്റ് ചെയ്യിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
വ്യാജ സിസ്റ്റം അപ്ഡേറ്റുകൾ
നിങ്ങളുടെ ഫോണിൽ പെട്ടെന്ന് അടിയന്തിരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്ന രീതിയിൽ പോപ്പ്-അപ്പ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെടാം. ഇതിൽ ക്ലിക്ക് ചെയ്താൽ ഫോണിൻ്റെ നിയന്ത്രണം പൂർണമായി ഹാക്കർമാരുടെ കൈകളിലാകുന്ന മാല്വെയറുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും
സ്വീകരിക്കേണ്ട മുൻകരുതലുകൾ
- വാട്സാപ്പിലോ ടെലിഗ്രാമിലോ അപരിചിതർ അയക്കുന്ന ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.
- ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നല്ലാതെ ഒരു ആപ്ലിക്കേഷനും ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.
- ഒ.ടി.പി, ബാങ്ക് പാസ്വേഡ്, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്.
- നിങ്ങളുടെ ഫോണിന്റെ ഒഫീഷ്യൽ സെറ്റിങ്സ് വഴി മാത്രം സിസ്റ്റം അപ്ഡേറ്റുകൾ ചെയ്യുക.
പണം നഷ്ടമായാൽ എന്ത് ചെയ്യണം?നിങ്ങൾക്ക് എന്തെങ്കിലും രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് നേരിട്ടാൽ ഒട്ടും സമയം കളയാതെ '1930' എന്ന ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക. ആദ്യത്തെ മണിക്കൂറുകളിൽ പരാതി നൽകിയാൽ തട്ടിപ്പുകാർ മാറ്റിയ പണം ബാങ്ക് അക്കൗണ്ടുകളിൽ തന്നെ ബ്ലോക്ക് ചെയ്ത് തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR