മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ്, ഉത്തരവ് ഉടന്
Thiruvananthapuram, 19 ഓഗസ്റ്റ് (H.S.) അര്ജന്റീനിയന് ഫുട്ബോള് താരം ലയണല് മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ ക്രമക്കേടുകളിലുള്ള കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം വരും. വിജി
MESSI KERALA CONTROVERSY


Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)

അര്ജന്റീനിയന് ഫുട്ബോള് താരം ലയണല് മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ ക്രമക്കേടുകളിലുള്ള കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം വരും. വിജിലൻസ് ഉദ്യോഗസ്ഥരുൾപ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ച് ഉടൻ സർക്കാർ ഉത്തരവിറങ്ങുമെന്നാണ് സൂചന.

അതേസമയം, നികുതി വെട്ടിപ്പ് അന്വേഷിക്കുന്ന ജിഎസ്ടി പ്രത്യേക സംഘം പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. നികുതി വെട്ടിപ്പിലെ ജിഎസ്ടി എസ്ഐടിക്ക് പുറമേയാകും ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അന്വേഷണസംഘമെത്തുക. അർജന്റീനയെയും മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള ഇടപാടിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

വിദേശ പണമിടപാട്, കള്ളപ്പണ ഇടപാട്, വിശ്വാസവഞ്ചന, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവയിൽ സമഗ്രാന്വേഷണം നടത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടാകും എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറുക. റിപ്പോർട്ടിന്റെ പരിശോധന പൂർത്തിയായെന്നും സർക്കാർ വൈകാതെ തുടർനടപടി പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

അർജന്റീനയെ കേരളത്തിൽ എത്തിക്കാൻ 126 കോടി രൂപ വിദേശത്തേക്ക് അയച്ചെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പറഞ്ഞത്. ഇടപാടിൽ 22.68 കോടി രൂപ നികുതി അടച്ചില്ലെന്ന് ജിഎസ്ടി കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയശേഷം നികുതി അടയ്ക്കാത്തതിനെതിരെ കർശന നടപടിയെടുക്കാത്തതിലാണ് അഞ്ചംഗ എസ്ഐടി അന്വേഷണം നടക്കുന്നത്. 2025 ഓഗസ്റ്റിൽ സമൻസ് അയച്ചശേഷം ഏഴു മാസത്തോളം ഒന്നും ചെയ്തില്ലെന്നാണ് കണ്ടെത്തൽ.

കോടികളുടെ നികുതിയും പലിശയും പിഴയും ഈടാക്കേണ്ട കേസിൽ ഗൗരവത്തോടെയുള്ള നടപടിയുണ്ടായില്ല. ജിഎസ്ടി തലപ്പത്തേക്ക് സമർപ്പിച്ച റിപ്പോർട്ടിലും ഈ സമീപനം പ്രതിഫലിച്ചു. ഈ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ജിഎസ്ടി എസ്ഐടി സമർപ്പിക്കുമെന്നാണ് സൂചന. മെസിയെ കൊണ്ടുവരാൻ നടത്തിയ നീക്കങ്ങളിലെ സാമ്പത്തിക ഇടപാടിൽ ഇ.ഡി. അന്വേഷണം തുടങ്ങിയിരുന്നു. സംസ്ഥാന സർക്കാരിന്റെ പക്കലുള്ള റിപ്പോർട്ട് ഇ.ഡി. ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. സർക്കാരിന്റെ അന്വേഷണ വിവരങ്ങളും ഇ.ഡി. ശേഖരിക്കുന്നുണ്ട്. വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങൾ ആദായനികുതി വകുപ്പിന്റെ പരിധിയിൽ വരുന്നതാണെങ്കിലും ആ വശവും ഇ.ഡിയുടെ പരിഗണനയിലുണ്ട്. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കടത്തിയതിൽ വിദേശനാണയ വിനിമയ നിയമമായ ഫെമ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് കേന്ദ്രം പരിശോധിക്കുന്നത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News