Enter your Email Address to subscribe to our newsletters

Kozhikode , 19 ഓഗസ്റ്റ് (H.S.)
എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളെത്തുടർന്ന് ഭയന്നോടില്ലെന്ന് മുൻമന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. തല പോയാലും ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎൽ എക്സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് തൻ്റെ സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും വീടുകളിലടക്കം എട്ടിടങ്ങളിൽ ചൊവ്വാഴ്ച ഇഡി സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ നിയമവിരുദ്ധമായി യാതൊന്നും കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല. മാന്യമായി ജോലി ചെയ്യുന്നവരെ ഇഡി ബോധപൂർവം അപമാനിക്കുകയാണ്. ഇത്തരം നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വർഷങ്ങളായി തനിക്ക് ബന്ധമുള്ള സുഹൃത്തുക്കളെയാണ് അന്വേഷണ ഏജൻസി ചോദ്യമുനയിൽ നിർത്തിയത്. ഇത് പൊതുജനങ്ങൾക്ക് മുന്നിൽ അവർക്ക് വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും രാവിലെ മുതൽ രാത്രി വരെ ഇഡി പരിശോധന നടത്തി. താൻ ഏതെങ്കിലും അധികാര സ്ഥാനത്തേക്ക് വന്നതിന് ശേഷം ഉണ്ടായ ബന്ധമല്ല ഇവർക്കൊക്കെയുള്ളത്. കോളജ് കാലം തൊട്ടുള്ള സുഹൃത്തുക്കളാണവർ. നിയമപരമായി ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കളെ പുകമറയിൽ നിർത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. ഇഡി കയറിയത് കൊണ്ട് മാത്രം അവരുമായുള്ള വർഷങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ താൻ തയാറല്ലെന്നും അത് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലേക്കർ ഇന്ത്യയും വീണയുടെ ബിസിനസുംഏത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ എന്ന് വ്യക്തമാക്കിയ അദ്ദേഹം ഭാര്യ ടി വീണയുടെ ബിസിനസ് കാര്യങ്ങളെക്കുറിച്ചും പ്രതികരിച്ചു. ലേക്കർ ഇന്ത്യ എന്ന കമ്പനിയെക്കുറിച്ച് തൻ്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നും ഒളിച്ചുവച്ചല്ല വീണ സ്ഥാപനം തുടങ്ങിയത്. ഒരു സ്ഥാപനം തുടങ്ങി അത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ്. തനിക്ക് ഇതിൽ യാതൊന്നും ഭയക്കാനില്ല.
എല്ലാം നിയമപരമായി മാത്രമാണ് ചെയ്തിട്ടുള്ളത്. ടി വീണയ്ക്ക് കരാർ അടിസ്ഥാനത്തിൽ നൽകിയ സേവനത്തിനാണ് പണം ലഭിച്ചത്. അവർ ഒരു സ്വതന്ത്ര വ്യക്തിയാണ്. അവർ ഒരു ബിസിനസും ചെയ്യരുത് എന്ന് ഭരണഘടനാപരമായി എവിടെയും പറഞ്ഞിട്ടില്ല. നിലവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകളും തൻ്റെ ഭാര്യയുമായത് കൊണ്ട് മാത്രം ബിസിനസ് ചെയ്യാൻ പാടില്ല എന്നില്ല. കുടുംബ പശ്ചാത്തലത്തിൻ്റെ ഭാഗമായി സർക്കാരിനെ സ്വാധീനിച്ച് ബിസിനസ് നടത്തുന്നതാണ് തെറ്റ്. അത് ആർക്കും പരിശോധിക്കാം.
ഒരുപാട് അസംബന്ധമായ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഒരു രാഷ്ട്രീയ നേതാവിൻ്റെ ഭാര്യയും മകളും ഉന്നത വിദ്യാഭ്യാസം നേടി എന്നത് കൊണ്ട് ബിസിനസ് നടത്തരുത് എന്ന് പറയുന്നത് ശരിയല്ല. ഭർത്താവ് എന്ന നിലയിൽ തനിക്ക് വീണയോട് പറയാനുള്ളത് വെറുതെയിരിക്കരുത് എന്നാണ്. ബിസിനസ് ചെയ്യണം. അതിന് എല്ലാ പ്രോത്സാഹനവും നൽകും. തങ്ങളുടെ സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവും ശേഷിയും അവർക്കുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഎംവിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയും താനും തീരുമാനിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച ചില എംഎൽഎമാർ ഇഡിയെ പേടിച്ച് ബിജെപി ആയിട്ടുണ്ട്. എന്നാൽ അങ്ങനെ പേടിപ്പിച്ചാൽ പേടിക്കുന്നവരല്ല തങ്ങൾ. കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് ഒരു തരത്തിലും യോജിപ്പില്ല. തല അറുക്കുന്നത് വരെ താൻ വിശ്വസിക്കുന്ന പാർട്ടിയിൽ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫിസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട്ടെ പരിശോധനകൾ. അതിനിടെ മുഹമ്മദ് റിയാസിനെ വെറും പരിചയം മാത്രമുള്ളവർക്ക് എതിരെ പോലും ഇഡി പരിശോധന നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിൻ്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡയറിയിലെ വിവരങ്ങളും പരിശോധനയും
എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറായ ടി വീണയുടെ മൊഴികളിൽനിന്നും ഡയറിയിൽനിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കഴിഞ്ഞ മേയിൽ ചുവന്ന കവറുള്ള ഡയറി ഇഡി സംഘം പിടിച്ചെടുത്തിരുന്നു.
നിഖിൽ, വാരിസ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയതായി ഡയറിയിലുണ്ടായിരുന്നു. വീണയെ ചോദ്യം ചെയ്തപ്പോൾ നാലുപേരും റിയാസിൻ്റെ സുഹൃത്തുക്കളാണെന്നും ഒരാൾ തൻ്റെ കൂടി സുഹൃത്താണെന്നുമായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്നും വീണ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനിടെ വീണയെക്കൊണ്ട് ഇവരെ വിളിപ്പിക്കുകയും ചെയ്തിരുന്നു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റുമായ പി നിഖിൽ, ഡിവൈഎഫ്ഐ വെസ്റ്റ്ഹിൽ മേഖല ജോയിൻ്റ് സെക്രട്ടറിയും ഡെസ്റ്റിനേഷൻ ടൂറിസം മാനേജരുമായ എടക്കാട് സ്വദേശി നന്ദുലാൽ, റിയാസിൻ്റെ സഹപാഠികളായ കോഴിക്കോട് സരോവരത്തെ കെസികെ ഡെൻ്റൽസ് ഉടമ പി പി ഷൈജൽ, ഐടി കമ്പനി ഉടമ കാരപ്പറമ്പ് സ്വദേശി ഫെബിഷ് മുഹമ്മദ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എംഡി വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
കൂടാതെ സരോവരത്തെ കെസികെ ഡെൻ്റൽസ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് എന്നീ സ്ഥാപനങ്ങളിലും സംഘമെത്തി. പൊലീസിൻ്റെ സഹായം തേടാതെ കേന്ദ്രസേനയുടെ സുരക്ഷയോടെയായിരുന്നു പരിശോധന. ഇവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ സംഘം ശേഖരിക്കുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇവരിൽ ചിലരുടെ സ്വത്ത് മരവിപ്പിക്കാനും നീക്കമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR