സംസ്ഥാനത്ത് പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ പിഎസ്സി ആസ്ഥാനത്ത് വീണ്ടും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
Thiruvananthapuram, 19 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ പിഎസ്സി ആസ്ഥാനത്ത് വീണ്ടും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ
PSC


Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ പിഎസ്സി ആസ്ഥാനത്ത് വീണ്ടും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ രാവിലെ 8:45ഓടെയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രവർത്തകരെ ഒമ്പതരയോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നിലവിൽ പിഎസ്സിയിൽ നടന്നിട്ടുള്ള പരീക്ഷ തട്ടിപ്പുകൾ അന്വേഷിക്കുന്നതിനിടെ ഇന്ന് രാവിലെ പുരാരേഖാ വകുപ്പിലേക്ക് നടക്കുന്ന അസി.കൺസർവേറ്റർ നിയമനത്തിനുള്ള അഭിമുഖത്തെ ചൊല്ലിയാണ് പ്രതിഷേധമുയർന്നത്. ഒരാൾ മാത്രമാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നതെന്നും ഇയാൾ ഇടത് നേതാവാണെന്നും നിയമ വിരുദ്ധമായാണ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ഉയർത്തുന്ന ആരോപണം.

നേരത്തെ തന്നെ ഈ തസ്തികയിലേക്ക് നടക്കുന്ന നിയമനത്തെ ചൊല്ലി വിവാദമുയർന്നിരുന്നു. ഇതിലേക്കുള്ള നിയമനത്തിനായി പ്രത്യേക മാനദണ്ഡങ്ങൾ രൂപീകരിച്ച് ഇഷ്ടക്കാരെ തിരുകികയറ്റാൻ ശ്രമമുണ്ടായെന്നായിരുന്നു ഉയർന്ന ആരോപണം. പുരാരേഖ വകുപ്പ് ഡയറക്ടറുടെ സുഹൃത്തിന്റെ മകനെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കാട്ടി മുമ്പും പ്രതിഷേധമുയർന്നിരുന്നു. നിലവിൽ പ്രത്യേക മാനദണ്ഡം വഴി മറ്റ് ഉദ്യോഗാർഥികളെ മാറ്റി നിർത്തി ഒരാൾക്കുള്ള നിയമനം നടത്താൻ അഭിമുഖം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ തന്നെ പ്രതിഷേധം സംഘടിപ്പിച്ചത്.

പിഎസ്സി ആസ്ഥാനത്തിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും നടത്തി. ചിലർ മതില് ചാടിക്കടന്നും ആസ്ഥാനത്തിനുള്ളിലേക്ക് എത്തിയിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസും പിഎസ്സി സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പുറത്തിറക്കുകയായിരുന്നു. പൊലീസുമായും സെക്യൂരിറ്റി ജീവനക്കാരുമായും വാഗ്വാദത്തിലേർപ്പെട്ട ശേഷമാണ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ അടക്കമുള്ളവർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ പ്രവർത്തകർ പിഎസ്സി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഇതിനിടെ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തെളിവെടുപ്പ് പൂർത്തിയാക്കി. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി പൂർത്തിയായാത്. പിഎസ്സിയിലെ രണ്ട് 2 ഉദ്യോഗസ്ഥരെ പ്രതികളാക്കി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. പിഎസ്സി ആസ്ഥാനത്ത് ഒരാഴ്ചയോളം നീണ്ട തെളിവെടുപ്പിൽ ഓൺ സ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളടക്കം ശേഖരിച്ചു. രേഖകളെല്ലാം ഡിജിറ്റലായതിനാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. ഇടത് സർവീസ് സംഘടനയിൽപെട്ടയാൾക്ക് അന്യായമായി ജോലി ലഭിക്കാൻ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടത്തിയെന്നു സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ മാസം കേസ് രജിസ്റ്റർ ചെയ്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News