Enter your Email Address to subscribe to our newsletters

Kozhikode , 19 ഓഗസ്റ്റ് (H.S.)
മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിൽ അധിക ഇന്ധനം നിറയ്ക്കേണ്ടി വന്നതിനാൽ യാത്രക്കാരുടെ ലഗേജുകൾ ദുബൈയിൽ തന്നെ ഇറക്കിവച്ചതായി സ്പൈസ് ജെറ്റിൻ്റെ വിശദീകരണം. ദുബൈയിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ദിവസങ്ങൾ കഴിഞ്ഞിട്ടും ലഗേജ് ലഭിക്കാത്ത സംഭവത്തിലാണ് വിമാനക്കമ്പനിയുടെ പ്രതികരണം. ഇതിന് പിന്നാലെ കരിപ്പൂരിൽനിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
പലപ്പോഴും മോശം കാലാവസ്ഥയോ മറ്റ് സാങ്കേതിക കാരണങ്ങളോ ഉണ്ടാകുമ്പോൾ വിമാനത്തിൽ കൂടുതൽ ഇന്ധനം നിറയ്ക്കേണ്ടി വരാറുണ്ടെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വിമാനത്തിൻ്റെ സുരക്ഷിതമായ പറക്കലിനായി യാത്രക്കാരുടെ ലഗേജുകൾ പൂർണമായോ ഭാഗികമായോ ദുബൈ വിമാനത്താവളത്തിൽ തന്നെ ഇറക്കിവയ്ക്കാറുണ്ടെന്നും കമ്പനി അറിയിച്ചു. കൃത്യമായ മറുപടി ലഭിക്കാത്ത പക്ഷം സ്പൈസ് ജെറ്റിൻ്റെ ഔദ്യോഗിക കസ്റ്റമർ കെയർ ഇമെയിൽ വഴിയോ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയോ പരാതിപ്പെടാമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്.
ഓഗസ്റ്റ് 13ന് ദുബൈയിൽനിന്ന് കോഴിക്കോട്ടെത്തിയ യാത്രക്കാർക്കാണ് അഞ്ച് ദിവസമായിട്ടും ലഗേജുകൾ ലഭിക്കാത്തത്. രണ്ട് ദിവസത്തിനകം ലഗേജ് വീട്ടിലെത്തിക്കാമെന്ന് വിമാനക്കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ലഗേജിനെക്കുറിച്ച് അന്വേഷിക്കാൻ എയർലൈൻ അധികൃതർ നൽകിയ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ ആരും ഫോൺ എടുക്കുന്നില്ലെന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. മലപ്പുറം വേങ്ങര സ്വദേശിയായ മുസ്തഫ ഉൾപ്പെടെയുള്ള നിരവധി പ്രവാസികളാണ് ലഗേജ് ലഭിക്കാതെ ദുരിതത്തിലായത്. ഓഗസ്റ്റ് 15ന് കോഴിക്കോട്ടുനിന്ന് ദുബൈയിലേക്ക് പോയ യാത്രക്കാർക്കും സമാനമായ രീതിയിൽ ലഗേജ് യഥാസമയം ലഭിച്ചില്ലെന്ന പരാതിയുണ്ട്.
ഓഗസ്റ്റ് 13ന് എസ്ജി 5153 എന്ന വിമാനത്തിലാണ് താൻ നാട്ടിലെത്തിയതെന്ന് യാത്രക്കാരനായ മുസ്തഫ വ്യക്തമാക്കി. ഉച്ചയ്ക്ക് 12ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ആറ് മണിക്കൂർ വൈകി വൈകിട്ട് 6.20നാണ് യാത്ര തിരിച്ചത്. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തുനിന്ന കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പലരുടെയും ലഗേജുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചതോടെ നഷ്ടപരിഹാരം നൽകാമെന്നും രണ്ട് ദിവസത്തിനകം ലഗേജുകൾ വീട്ടിലെത്തിക്കാമെന്നും അധികൃതർ രേഖാമൂലം ഉറപ്പുനൽകിയെന്നും മുസ്തഫ പറയുന്നു. എന്നാൽ അഞ്ച് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല. ബന്ധപ്പെടാൻ നൽകിയ നമ്പർ നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും പ്രവാസികളുടെ ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം
ലഗേജ് പ്രശ്നങ്ങൾക്ക് പുറമെ, കരിപ്പൂരിൽനിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. തിങ്കളാഴ്ച വൈകിട്ട് ആറിന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകിയതിന് ശേഷം റദ്ദാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കാത്തുനിന്നത്. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറയുന്നു.
പിന്നീട് ചൊവ്വാഴ്ച രാവിലെ ആറിന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വീണ്ടും വൈകി. ചൊവ്വാഴ്ച ഉച്ചയായിട്ടും യാത്രയെക്കുറിച്ച് യാതൊരു വിവരവും നൽകാത്തതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിലെ എയർലൈൻ കൗണ്ടറിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിന് ശേഷമാണ് വിമാനം പൂർണമായും റദ്ദാക്കിയെന്നും ടിക്കറ്റ് തുക തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചത്. ഇതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽനിന്ന് മടങ്ങിയത്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് നിരന്തരം ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. അവധിക്കായി നാട്ടിലേക്ക് വരുന്നവർ കുടുംബാംഗങ്ങൾക്കായി കൊണ്ടുവരുന്ന സാധനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ലഗേജുകൾ നഷ്ടപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ട്. ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി യാത്ര ചെയ്യുന്നവരോട് വിമാനക്കമ്പനികൾ കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ വ്യോമയാന മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR