Enter your Email Address to subscribe to our newsletters

Kollam , 19 ഓഗസ്റ്റ് (H.S.)
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെതിരെയും എ അജികുമാറിനെതിരെയും തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷൻ. ജാമ്യാപേക്ഷയിൽ വാദം തുടരവേ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവർക്കുമുള്ള ദുരൂഹ ബന്ധം തെളിയിക്കുന്ന രേഖകളാണ് ഹാജരാക്കിയത്. ഇരു പ്രതികളെയും സെപ്റ്റംബർ ഒന്നു വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ബോർഡ് മുൻ അംഗം എ അജികുമാർ എന്നിവർക്ക് 2019 ലെ സ്വർണ കവർച്ചയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഇരുവരുടെയും ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്.
ദ്വാരപാലക ശിൽപ പാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പി എസ് പ്രശാന്ത് ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചിരുന്ന ഡിജിറ്റൾ രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ബോർഡ് യോഗം ചേരുന്നതിന് മുൻപ് ഇവർ പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്സാപ്പിലും ബന്ധപ്പെട്ടിരുന്നു.
അജികുമാറും പോറ്റിയും നേരിൽ കണ്ടതിൻ്റെ തെളിവുകളുമുണ്ട്. കൂടാതെ, അജികുമാറിൻ്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ രണ്ട് പേർക്ക് വീടുവച്ചു നൽകുകയും താക്കോൽദാന ചടങ്ങിൽ ഇരുവരും സംബന്ധിക്കുകയും ചെയ്തു.
സ്മാർട് ക്രിയേഷൻസിലേക്ക് സ്വർണ പാളികൾ കൊണ്ടുപോകാൻ അനുമതി തേടി മറ്റൊരാളുടെ ഇമെയിലിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിന് അപേക്ഷ നൽകിയത്. സ്വർണം പൂശലിൻ്റെ 40 വർഷ വാറൻ്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ്. ദേവസ്വം സ്വത്തിൻ്റെ വാറൻ്റി സ്വകാര്യ വ്യക്തിയുടെ പേരിലായതിലും ദുരൂഹതയുണ്ട്. ഇതു റദ്ദ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.
കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് ഇത്തരത്തിൽ കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിൻ്റെ കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്താനും സ്വർണം എവിടേക്കാണ് മാറ്റിയതെന്ന് കണ്ടെത്താനും പ്രതികളെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.
സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വ്യാജ കരാർ നിർമിച്ചതിലും ഇരുവരും പങ്കാളികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. അതെസമയം പി എസ് പ്രശാന്തിനെയും അജികുമാറിനെയും ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR