സംസ്ഥാനത്ത് ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് മിഠായി പദ്ധതി വഴി ഗുണമേന്മയുള്ള ഇൻസുലിൻ വിതരണം ചെയ്യാൻ ബാലാവകാശ കമ്മിഷൻ്റെ അടിയന്തര ഉത്തരവ്.
Thiruvananthapuram, 19 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് മിഠായി പദ്ധതി വഴി ഗുണമേന്മയുള്ള ഇൻസുലിൻ വിതരണം ചെയ്യാൻ ബാലാവകാശ കമ്മിഷൻ്റെ അടിയന്തര ഉത്തരവ്. കഴിഞ്ഞ ഒന്നര വർഷമായി ഗുണമേന്മ കുറഞ്ഞ മരുന്ന് നൽകുന്നത് കുട്ടികളു
MITTAYI PROJECT KERALA


Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് മിഠായി പദ്ധതി വഴി ഗുണമേന്മയുള്ള ഇൻസുലിൻ വിതരണം ചെയ്യാൻ ബാലാവകാശ കമ്മിഷൻ്റെ അടിയന്തര ഉത്തരവ്. കഴിഞ്ഞ ഒന്നര വർഷമായി ഗുണമേന്മ കുറഞ്ഞ മരുന്ന് നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന പരാതിയിലാണ് നടപടി.

2018ൽ സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി പ്രകാരം ലഭ്യമാക്കിയിരുന്ന മികച്ച മരുന്നുകളും ആനുകൂല്യങ്ങളും തുടർന്നും ഉറപ്പാക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ, സാമൂഹികനീതി വകുപ്പ് സെക്രട്ടറി, സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർക്കാണ് നിർദേശം നൽകിയത്.

2025-26 സാമ്പത്തിക വർഷത്തിൽ മിഠായി പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ ഒഴിവാക്കണമെന്നും ക്ലിനിക്കുകളുടെ പ്രവർത്തനാരംഭം മുതൽ നൽകിവന്നിരുന്ന മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. കമ്മിഷൻ്റെ ശിപാർശയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം. ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ഡോ എഫ് വിൽസൺ, പി ഷാജേഷ് ഭാസ്കർ എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ഉത്തരവിറക്കിയത്.

പൊതുപ്രവർത്തകയായ ബുഷ്റ ഷിഹാബും കുട്ടികളുടെ മാതാപിതാക്കളും നൽകിയ പരാതിയിലാണ് കമ്മിഷൻ്റെ ഇടപെടൽ. ഗുണമേന്മ കുറഞ്ഞ ഇൻസുലിൻ ഉപയോഗിക്കുന്നത് വഴി കുട്ടികൾ ഡയബറ്റിക് കീറ്റോഅസിഡോസിസ് (ഡികെഎ) എന്ന ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതായും പഠനം മുടങ്ങുന്നതായും മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ശരീരത്തിൽ ഇൻസുലിൻ്റെ അളവ് തീരെ കുറയുമ്പോൾ രക്തത്തിൽ പഞ്ചസാരയും കീറ്റോണുകൾ എന്ന ആസിഡും വർധിക്കുന്ന സങ്കീർണമായ അവസ്ഥയാണ് ഡികെഎ. ഇൻസുലിൻ ഇല്ലാത്തതിനാൽ കോശങ്ങൾക്ക് ഊർജം ലഭിക്കാതെ വരുമ്പോൾ ശരീരം കൊഴുപ്പിനെ വിഘടിപ്പിച്ച് ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടുകയും രക്തം കൂടുതൽ അമ്ലമയമാകുകയും ചെയ്യും.

മിഠായി പദ്ധതി

ടൈപ്പ് വൺ പ്രമേഹം ബാധിച്ച 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും സൗജന്യ ചികിത്സയും മരുന്നുകളും നൽകാനായി 2018ലാണ് സർക്കാർ മിഠായി പദ്ധതി ആരംഭിച്ചത്. ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ, പരിശോധനാ സ്ട്രിപ്പുകൾ തുടങ്ങിയവ ഇതിലൂടെ സൗജന്യമായി നൽകുന്നുണ്ട്. ഓരോ വർഷവും 800 മുതൽ 1200 വരെ കുട്ടികൾ പദ്ധതിയുടെ ഭാഗമാകുന്നുണ്ടെന്നാണ് സാമൂഹികനീതി വകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതിയിൽ അംഗങ്ങളായ 1980 കുട്ടികൾക്കായി 6,78,75,228 രൂപയിലധികം സർക്കാർ ചെലവാക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം പദ്ധതിക്കായി 3.80 കോടി രൂപയാണ് അനുവദിച്ചത്. കുട്ടികളുടെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഈ പദ്ധതിയിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് ബാലാവകാശ കമ്മിഷൻ കർശനമായി വ്യക്തമാക്കിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News