Enter your Email Address to subscribe to our newsletters

Kochi, 19 ഓഗസ്റ്റ് (H.S.)
വിചാരണയ്ക്ക് ഹാജരാക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതിയുടെ പക്കല്‍നിന്ന് ഹാഷിഷ് പിടികൂടി. നരബലിക്കേസില്‍ വിചാരണ നടക്കുന്ന കെട്ടിടത്തില്‍നിന്ന് ഇറങ്ങിവരുന്ന സമയത്ത് സംശയം തോന്നിയ പോലീസ് പരിശോധിച്ചപ്പോഴായിരുന്നു ഹാഷിഷ് കണ്ടെത്തിയത്. മുണ്ടിന്റെ മടിക്കുത്തില്‍ രണ്ട് ചെറു പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഇടമലയാര്‍ കോടതി) യിലാണ് നരബലിക്കേസിന്റെ വിചാരണ നടക്കുന്നത്.
കഴിഞ്ഞദിവസം വിചാരണയ്ക്കുശേഷം പ്രതി മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാന്‍ താഴേക്ക് ഇറങ്ങുംവഴിയാണ് മുണ്ട് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംശയംതോന്നിയ പോലീസ് ഇയാളെ പരിശോധിക്കുകയും ആറ് ഗ്രാം ഹാഷിഷ് കണ്ടെത്തുകയുമായിരുന്നു. ഉടന്‍തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജഡ്ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ സൗത്ത് പോലീസ് എത്തി ദേഹപരിശോധന പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളെ പിന്നീട് ജയിലിലേക്ക് മാറ്റി. ശൗചാലയത്തില്‍ പോയ സമയത്ത് ഹാഷിഷ് കൈമാറിയതാകാം എന്നാണ് പോലീസ് കരുതുന്നത്.
ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയാണ് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഷാഫി. കൂട്ടുപ്രതികളായ ലൈലയെയും ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനെയും കഴിഞ്ഞദിവസം വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചിരുന്നു. ആലപ്പുഴ സ്വദേശി റോസ്ലിയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് വ്യാപക പരിശോധന തുടരുകയാണ്. 35 കേസുകളിലായി 37 പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു. ആകെ 9941 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എ-യും 979.334 കി.ഗ്രാം കഞ്ചാവും 4727.909 ഗ്രാം ഹാഷിഷ് ഓയിലും 514.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഏഴ് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും കോട്പ പ്രകാരം 30 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.023 കി.ഗ്രാം കഞ്ചാവും ആറ് ഗ്രാം ഹാഷിഷ് ഓയിലും ഒരു ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
---------------
Hindusthan Samachar / Sreejith S