ഐഎഎസ് ഉദ്യോഗസ്ഥരായ ജ്യോതിലാലിനോടും, ശര്മ്മിള മേരി ജോസഫും കോടതിയില് ഹാജരാകണം; ഉത്തരവിട്ട് സുപ്രീം കോടതി
New delhi, 19 ഓഗസ്റ്റ് (H.S.) കോടതി അലക്ഷ്യ നടപടിയില്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ജ്യോതിലാലിനോടും, ശര്‍മ്മിള മേരി ജോസഫും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. ശമ്പളപരിഷ്‌കരണം സംബന്ധിച്ചുള്ള കോളേജ് അധ്യാപകരുടെ കേസിലാണ് ഹൈക്കോടതിയില്‍ ഹാജര
Supreme Court HD


New delhi, 19 ഓഗസ്റ്റ് (H.S.)

കോടതി അലക്ഷ്യ നടപടിയില്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ജ്യോതിലാലിനോടും, ശര്‍മ്മിള മേരി ജോസഫും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. ശമ്പളപരിഷ്‌കരണം സംബന്ധിച്ചുള്ള കോളേജ് അധ്യാപകരുടെ കേസിലാണ് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. കെ.ആര്‍. ജ്യോതിലാല്‍ അഡീഷല്‍ ചീഫ് സെക്രട്ടറിയും ശര്‍മ്മിള മേരി ജോസഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.

കെ.ആര്‍. ജ്യോതിലാലിനോടും ശര്‍മ്മിള മേരി ജോസഫിനോടും കോടതി അലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇരുവരും മറ്റ് ചില ഉദ്യോഗസ്ഥരും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ മറുപടി അറിയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗം ഇല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കോടതി അലക്ഷ്യ കേസില്‍ മറുപടി നല്‍കാമെന്നും എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിങ് കോണ്‍സല്‍ പി.എസ്. സുല്‍ഫിക്കര്‍ അലിയും കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതൊരു അഭിമാന പ്രശ്നമായി കാണേണ്ടന്നും, കോടതിയില്‍ ഹാജരാകാനും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരെ കോടതി നല്ലതുപോലെ നോക്കിക്കോളും എന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഏഴാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എയ്ഡഡ് കോളജ് അധ്യാപകരുടെ നിവേദനം പരിഗണിച്ച് മൂന്നുമാസത്തിനുള്ളില്‍ ഉത്തരവ് ഇറക്കാന്‍ 2020 സെപ്റ്റംബര്‍ 18ന് സര്‍ക്കാരിനു ഹൈക്കോടതി നല്‍കിയിരുന്നു . ഇത് അനുസരിച്ച് 2021ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. 2021 മുതല്‍ ശമ്പള പരിഷ്‌കരണം നടത്താം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് കോടതി റദ്ദാക്കുകയും 2016 മുതല്‍ ശമ്പള പരിഷ്‌കരണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പാക്കത്തിന് എതിരെയാണ് കോടതി അലക്ഷ്യ ഹര്‍ജി. മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുമ്പോള്‍ 2500 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

---------------

Hindusthan Samachar / Sreejith S


Latest News