Enter your Email Address to subscribe to our newsletters

Kerala, 19 ഓഗസ്റ്റ് (H.S.)
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു. ആകെ 9941 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എ-യും 979.334 കി.ഗ്രാം കഞ്ചാവും 4727.909 ഗ്രാം ഹാഷിഷ് ഓയിലും 514.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഏഴ് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും കോട്പ പ്രകാരം 30 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.023 കി.ഗ്രാം കഞ്ചാവും ആറ് ഗ്രാം ഹാഷിഷ് ഓയിലും ഒരു ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 35 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9097 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 570 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6526 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
അതിനിടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍. തൊടുപുഴ ഗ്രാന്‍ഡിസ് സ്ഥാപനത്തിലെ വിദ്യാര്‍ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് ക്രൂരമായ മര്‍ദനമേറ്റത്.
തൊടുപുഴയിലെ ഗ്രാന്‍ഡിസ് സ്ഥാപനത്തില്‍ മൊബൈല്‍, ലാപ്‌ടോപ്പ് സര്‍വീസ് കോഴ്സിന് പഠിക്കുന്ന 19 കാരനാണ് സഹപാഠികളില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്. ഹോസ്റ്റലില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാര്‍ഥി, അധ്യാപകരുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നല്‍കി. എന്നാല്‍, ലഹരി ഉപയോഗിച്ചവരെ ചോദ്യം ചെയ്ത് വിട്ടയച്ച അധ്യാപകര്‍ ഇവര്‍ക്കെതിരെ നടപടിയൊന്നുമെടുത്തില്ല. ദൃശ്യങ്ങള്‍ കൈമാറിയത് 19കാരന്‍ ആണെന്ന് മനസിലായതോടെയാണ് സഹപാഠികള്‍ ചേര്‍ന്ന് ജനനേന്ദ്രിയം അടക്കം മര്‍ദിച്ച് തകര്‍ത്തത്.
സംഭവത്തില്‍ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമില്ല.
---------------
Hindusthan Samachar / Sreejith S