Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: മാധ്യമങ്ങള്‍ മുതലാളിമാര്‍ക്കും ഭരണകൂടങ്ങള്‍ക്കും കീഴ്‌പ്പെടുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരികയാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
ഡല്‍ഹിയില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച കാര്യം ഓര്‍മിപ്പിച്ച മന്ത്രി, കേരളത്തിലെ മികച്ച മാധ്യമപാരമ്പര്യത്തെയും അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അമ്പത്തെട്ടാമത് ബാച്ചിന്റെ ബിരുദ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ടി സിദ്ദിഖ്.
ജന്തര്‍മന്തറില്‍ ഇന്ന് മുഖ്യധാരാ മാധ്യമപ്രവര്ത്തകര് പോയാല് തല്ലുകിട്ടുന്ന അവസ്ഥയാണെന്നും മന്ത്രി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ടി.എന്‍.ജി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും ട്രഷറര്‍ വിനേഷ് വി കൃതജ്ഞതയും പറഞ്ഞു. ശോഭാ ശേഖര്‍ ട്രസ്റ്റ് പ്രസിഡന്റ് സോമശേഖരന്‍ നാടാര്‍ ശോഭാ ശേഖര്‍ സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു. ജോ എ സ്‌കറിയ മുഖ്യപ്രഭാഷണവും ഐ ജെ ടി ഡയറക്ടര്‍ പി വി മുരുകന്‍ ആമുഖ പ്രഭാഷണവും നടത്തി.
പി ജെ ഡി ജെ റഗുലര്‍ ബാച്ചിലെ റാങ്കുകാരായ ഇസാ ബിജു, എസ്.കൃഷ്ണകുമാര്‍ എന്നിവരും ഈവനിംഗ് ബാച്ചിലെ റാങ്കുകാരായ ഷിജു എലിയാസ്, അഡ്വ. ഗീതാകുമാരി വി എസ്, ബൈജു ചന്ദ്രന്‍, ശോഭാ ശേഖര്‍ അവാര്‍ഡ് ജേതാവ് ജെനീമ നജീബ് എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിച്ചു. മന്ത്രി ടി സിദ്ദിഖിന് പ്രസ് ക്ലബിന്റെ വക ഉപഹാരം പ്രസിഡന്റ് എസ് ശ്രീകേഷ് സമര്‍പ്പിച്ചു.
ഐ ജെ ടി അമ്പത്തൊമ്പതാമത് ബാച്ചിലെ വിദ്യാര്‍ഥികളാണ് ബിരുദ സമര്‍പ്പണ ചടങ്ങ് സംഘടിപ്പിച്ചത്
---------------
Hindusthan Samachar / Sreejith S