Enter your Email Address to subscribe to our newsletters

Pathanamthitta , 02 ഓഗസ്റ്റ് (H.S.)
നിലവിലുണ്ടായ പ്രളയം മുന്നറിയിപ്പെന്നും ആറന്മുള വിമാനത്താവള പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും കുമ്മനം രാജശേഖരൻ..
ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും
കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ സവിശേഷമായ അസ്തിത്വമുള്ള പുണ്യസ്ഥലമാണ് പമ്പാനദിയുടെ തീരത്തുള്ള ആറന്മുള. തനിമയാർന്ന പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും സവിശേഷമായ പ്രകൃതിസൗന്ദര്യത്തിന്റെയും വിളനിലമായ ഈ ഭൂപ്രദേശം, സമീപകാലത്ത് കേരളത്തിലുണ്ടായ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളും കനത്ത മഴയും കാരണം വലിയൊരു ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ ഒരു ദിവസത്തെ മഴയും വെള്ളപ്പൊക്കവും നമ്മെ വിറപ്പിച്ചു കൊണ്ട് ഓർമ്മിപ്പിക്കുന്നത്, സുസ്ഥിരമല്ലാത്ത വികസന ആശയങ്ങൾ എത്രത്തോളം വിനാശകരമാണെന്ന പച്ചയായ യാഥാർത്ഥ്യമാണ്.
വെള്ളം ഓരോരുത്തരുടെയും വീടുകളിലേക്ക് ആർത്തലച്ച് ഇരച്ചുകയറുകയാണ്. പാടങ്ങളെല്ലാം മഹാജലസംഭരണികളായിട്ട് പോലും ജലം കവിഞ്ഞൊഴുകി നമ്മുടെ പരിമിതമായ ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനങ്ങൾക്കപ്പുറത്തേക്ക് എത്തിയിരിക്കുന്നു. രാത്രിയിൽ പെയ്തൊഴിയുന്ന മഴയിൽ, പുലർച്ചെ ഉറക്കമുണരുമ്പോൾ കഴുത്തറ്റം വെള്ളത്തിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന സാധാരണക്കാരുടെ ഹൃദയഭേദകമായ വിലാപങ്ങൾ കാണാതെ പോകാൻ കഴിയില്ല. ഇന്നലെ ആറന്മുളയിലെ എം.എൽ.എ പോലും ഇവിടെ അതിഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത് എന്ന് പരസ്യമായി വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ നൂറിരട്ടി ഗുരുതര സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് അന്ന് ഞാൻ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിൽ പങ്കുചേർന്നത്.
അന്നും ഇന്നും ഞാൻ നിലകൊണ്ടത് അവിടത്തെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടിയാണ്; അവരുടെ ഓരോരുത്തരുടെയും വിലപ്പെട്ട ജീവനുവേണ്ടിയാണ്. എന്നാൽ നിർഭാഗ്യവശാൽ, അന്ന് എന്നെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വികസന വിരോധിയായി ചിത്രീകരിച്ചവർ, ഇന്ന് ഈ മഹാപ്രളയക്കെടുതികൾ നേരിൽ കാണുമ്പോഴെങ്കിലും സത്യം തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഏത് വലിയ നിർമ്മാണവും മനുഷ്യരാശിക്ക് മേൽ പതിക്കുന്ന ഡമോക്കിൾസിന്റെ വാളായിരിക്കും. ഈ പച്ചയായ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടേണ്ടതിനു പകരം ആറന്മുള വിമാനത്താവള പദ്ധതിക്ക് വേണ്ടി ഇനിയും മുറവിളി കൂട്ടുന്നത് ജനദ്രോഹമെന്നല്ലാതെ എന്തു പറയാൻ?
ഭൂപ്രകൃതിശാസ്ത്രപരമായി ആറന്മുളയെന്ന പ്രദേശം പ്രകൃതി തന്നെ കനിഞ്ഞു നൽകിയ വലിയൊരു സ്വാഭാവിക ജലസംഭരണിയാണ്. പമ്പാനദിയുടെ തീരത്തുള്ള ഇവിടുത്തെ വിശാലമായ പാടശേഖരങ്ങളും തണ്ണീർത്തടങ്ങളുമാണ് നദി കരകവിഞ്ഞൊഴുകുമ്പോഴും അധിക ജലത്തെ സുരക്ഷിതമായി ഉൾക്കൊള്ളാൻ സഹായിക്കുന്നത്. പ്രകൃതി സ്വന്തം കൈകൊണ്ട് ഒരുക്കിയിട്ടുള്ള ഈ സ്വാഭാവിക ഡാമുകളെയാണ് മുൻപ് വിമാനത്താവളത്തിനായി മണ്ണിട്ട് നികത്താൻ ക്രൂരമായ ശ്രമങ്ങൾ നടന്നത്. ഏകദേശം 700 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളും ചതുപ്പുകളും കോൺക്രീറ്റ് കാടുകളാക്കി മാറ്റിക്കൊണ്ടാണ് വിമാനത്താവള നിർമ്മാണത്തിന് മുതിർന്നത്. റൺവേകൾക്കും ടെർമിനലുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ലക്ഷക്കണക്കിന് ലോഡ് മണ്ണാണ് നികത്താൻ വേണ്ടി വരുന്നത്. ആറന്മുളയിലെ പാടങ്ങൾ മണ്ണിട്ട് മൂടി കഴിഞ്ഞാൽ അവിടെ മഴവെള്ളം ശേഖരിക്കപ്പെടാനുള്ള സ്വാഭാവിക സംവിധാനം എന്നെന്നേക്കുമായി തകർന്നുപോകും.
പാടങ്ങൾ നികത്തപ്പെടുന്നതോടെ പമ്പയിലെ വെള്ളത്തിനും മഴവെള്ളത്തിനും ഒഴുകിപ്പോകാൻ യാതൊരു വഴികളുമില്ലാതെ വരുന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കൂടുതൽ ശക്തിയിൽ ഇരച്ചുകയറാൻ ഇത് കാരണമാകുന്നു. തണ്ണീർത്തടങ്ങൾ നശിക്കുന്നതിലൂടെ ഭൂഗർഭ ജലവിതാനം താഴ്ന്നുപോകുകയും, പ്രദേശത്ത് വരുംകാലങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് വഴിയൊരുക്കുകയും ചെയ്യും. നാഷണൽ ഗ്രീൻ ട്രൈബ്യൂണലും (NGT) വിദഗ്ധ സമിതികളും അന്ന് കർശനമായി വ്യക്തമാക്കിയത് പാടശേഖരങ്ങളുടെ നികത്തൽ ആ പ്രദേശത്തെ പാരിസ്ഥിതികമായി പൂർണ്ണമായി തകർക്കുമെന്നാണ്. ഒരു വിമാനത്താവളം കൂടി ഇവിടെ യാഥാർത്ഥ്യമായിക്കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതം എത്രമാത്രം ഭീകരമായിരിക്കും എന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല.
ഓരോ മഴക്കാലത്തും ആറന്മുള എങ്ങനെയാണ് ഘട്ടംഘട്ടമായി വെള്ളത്തിനടിയിലാകുന്നത് എന്നത് ആശങ്കയോടെയല്ലാതെ നോക്കിക്കാണാൻ കഴിയില്ല.
പമ്പാനദിക്ക് 36 കൈവഴികൾ ഉണ്ടായിരുന്നു ഇന്ന് ആറെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. പമ്പയും അച്ചൻകോവിലും തമ്മിൽ ബന്ധിപ്പിക്കുന്ന ഉത്ര പള്ളിയാർ നാമാവശേഷമായി. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിന് പാടശേഖരങ്ങൾ മണ്ണിട്ടു മൂടി. പമ്പയിൽ വെള്ളം പൊങ്ങിയാൽ മറ്റ് ഇടങ്ങളിലേക്ക് ഒഴുകിപ്പോകാൻ കൈവഴികളോ നീർത്തടങ്ങളോ കുറഞ്ഞത് മൂലം വളരെ വെള്ളം പെട്ടെന്ന് പൊങ്ങുന്ന. എന്നാൽ പ്രകൃതി ശാന്തമാകുമ്പോൾ, വെള്ളം ഇറങ്ങിക്കഴിയുമ്പോൾ മനുഷ്യൻ വീണ്ടും വിസ്മൃതിയിലാകുന്നു; വികസനത്തിന്റെ പേര് പറഞ്ഞ് അവർ വീണ്ടും ഇത്തരം വിനാശകരമായ പദ്ധതികൾക്കായി മുറവിളി കൂട്ടുന്നു. ഈ സാമൂഹിക വിസ്മൃതിയാണ് മനുഷ്യരെ വലിയ ദുരന്തങ്ങളിലേക്ക് അറിഞ്ഞുകൊണ്ട് തള്ളിവിടുന്നത്. സ്ഥലം എംഎൽഎയും മറ്റ് ജനപ്രതിനിധികളും ഭയവിഹ്വലരായി നോക്കിക്കാണുന്ന ഈ ഭീകരാവസ്ഥയെ കുറിച്ച് 12 വർഷങ്ങൾക്കു മുമ്പ് ആറന്മുള പ്രക്ഷോഭസമയത്ത് മുൻകൂട്ടി കണ്ടു പ്രവചിച്ചതാണ്, അത് ജനങ്ങളോട് വിളിച്ചു പറഞ്ഞതുമാണ്.
നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾക്ക് പോലും താങ്ങാൻ കഴിയാത്തത്ര വലിയ വെള്ളപ്പൊക്കമാണ് ഇന്ന് ആറന്മുള അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാടങ്ങളും തോടുകളും നീർച്ചാലുകളും കയ്യേറി നിർമ്മാണങ്ങൾ നടത്തുമ്പോൾ പ്രകൃതിയിൽ നിന്നും തിരിച്ചടികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. യഥാർത്ഥ വികസനം എന്നത് മനുഷ്യന്റെ ജീവനും സ്വത്തിനും ഉറപ്പായ സുരക്ഷ നൽകുന്നതാണ്. മനുഷ്യനെ വെള്ളത്തിലാഴ്ത്തിക്കൊണ്ട് ആകാശത്തേക്ക് വിമാനങ്ങൾ പറത്തുന്നതിനെയാണോ നാം വികസനം എന്ന് വിളിക്കേണ്ടത്? ആറന്മുളയിൽ വിമാനത്താവളം വന്നാൽ എത്രയോ ഹെക്ടർ കൃഷിഭൂമിയും അമൂല്യമായ പരിസ്ഥിതിലോല പ്രദേശങ്ങളുമാണ് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഞാൻ അന്നും ഇന്നും സമരത്തോടൊപ്പം നിലയുറപ്പിച്ചത് ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനാണ്, അവരുടെ അതിജീവനത്തിനു വേണ്ടിയാണ്.
അവരുടെ ജീവന്റെ വിലയും വരുംതലമുറയുടെ ഭാവിയും തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രിയ സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ പ്രക്ഷോഭം വ്യാപകവും ശക്തവുമാക്കിയത്. അന്ന് ഈ പദ്ധതിക്കെതിരെ സമരം നയിച്ചപ്പോൾ എന്നെ വികസന വിരോധിയായി മുദ്രകുത്തി സമൂഹത്തിന് മുന്നിൽ ഒറ്റപ്പെടുത്താൻ പലരും ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ഞങ്ങൾ ഉയർത്തിയ ഓരോ മുന്നറിയിപ്പുകളും എത്രത്തോളം യാഥാർത്ഥ്യമായിരുന്നു എന്ന് ഓരോ മഴക്കാലവും നമ്മെ കൂടുതൽ ശക്തമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇതിന്റെ അർത്ഥം വിമാനത്താവളം ഒരിടത്തും പാടില്ല എന്നല്ല; മറിച്ച്, ആറന്മുളയെപ്പോലെയുള്ള പാരിസ്ഥിതിക ലോല പ്രദേശത്തെ ഒഴിവാക്കി വിമാനത്താവളത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തണം എന്നാണ്. ഓരോ മഴക്കെടുതിയെയും ശാസ്ത്രീയമായി നേരിടാനുള്ള ശക്തവും സമഗ്രവുമായ ഒരു ദുരന്ത നിവാരണ മാസ്റ്റർ പ്ലാൻ അടിയന്തരമായി ആവശ്യമാണ്. നിലവിലുള്ള ഓരോ പാടവും തണ്ണീർത്തടങ്ങളും നിയമപരമായും കർശനമായും സംരക്ഷിക്കപ്പെടണം. യാതൊരു കാരണവശാലും ഇവയുടെ ആവാസവ്യവസ്ഥ തകർക്കാൻ അനുവദിക്കരുത്. ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും പമ്പാനദിയിൽ കൂടുന്ന എക്കലും കൈവഴികളിലെ ഒഴുക്കിന് തടസ്സമാകുന്ന മാലിന്യങ്ങളും നീക്കം ചെയ്യുന്നത് വെള്ളപ്പൊക്കത്തിന്റെ മാരകമായ ആഘാതം ഗണ്യമായി കുറയ്ക്കും. പ്രകൃതിയെ നിർദ്ദയം നശിപ്പിക്കുന്ന ഇത്തരം വിനാശകരമായ നിർമ്മാണ പദ്ധതികൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നടങ്കം ഒത്തൊരുമിച്ച് നിൽക്കേണ്ടതുണ്ട്.
ഇന്നത്തെ ഈ വെള്ളപ്പൊക്കവും സാധാരണക്കാരുടെ കണ്ണീരും നമുക്ക് ശക്തമായ ചില മുന്നറിയിപ്പുകളും പാഠങ്ങളും നൽകുന്നുണ്ട്. ഈ മുന്നറിയിപ്പ് ഇനിയും അവഗണിച്ചാൽ വരുംതലമുറ നമ്മോട് ഒരിക്കലും പൊറുക്കില്ല.
സാധാരണക്കാരുടെ ജീവനും സ്വത്തിനും പൂർണ്ണ സംരക്ഷണം നൽകിക്കൊണ്ടുള്ള സുസ്ഥിരമായ വികസന മാതൃകകളാണ് നമുക്ക് വേണ്ടത്. പ്രകൃതിയെ തോൽപ്പിച്ച് നമുക്ക് ഒരു നിമിഷം പോലും മുന്നോട്ട് പോകാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ആറന്മുള ഇന്നത്തെ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.
ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു, അത് നമ്മൾ നികത്തി; ഇവിടെ ഒരു വയൽ ഉണ്ടായിരുന്നു, അതും നമ്മൾ നികത്തി. പക്ഷേ, പ്രകൃതിക്ക് അതിന്റേതായ കണക്കുപുസ്തകങ്ങളുണ്ട് എന്ന ഓർമ്മ നമുക്ക് എപ്പോഴുമുണ്ടാകട്ടെയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR