Enter your Email Address to subscribe to our newsletters

Alappuzha , 02 ഓഗസ്റ്റ് (H.S.)
പ്രതീക്ഷിക്കാത്തൊരു വെള്ളം വരാവായിരുന്നു... പുലർച്ചയോടെയാണ് പരിസരത്തും വീടിനുള്ളിലും കിഴക്കു നിന്ന് വെള്ളം അപ്രതീക്ഷിതമായി വന്നത്. അതിനാൽ എന്തു ചെയ്യണമെന്ന് യാതൊരു മുൻവിധിയുമില്ലായിരുന്നു. സമീപ പ്രദേശങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. പ്രളയ സമാന സാഹചര്യമാണ്. സ്ഥിതി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ ഇവിടെ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മറ്റും മാറി തുടങ്ങി. വളർത്തുമൃഗങ്ങളെയെല്ലാം വെള്ളക്കെട്ടിൽ നിന്ന് സുരക്ഷിതസ്ഥലത്തേയ്ക്ക് മാറ്റികൊണ്ടിരിക്കുന്നു, പ്രദേശവാസി രഘു പറയുന്നു.
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിൻ്റെ ഒഴുക്കും വർധിച്ചത് മൂലം അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി ശക്തമാകുന്നു. പമ്പ, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ആലപ്പുഴ ജില്ലയിലെ തലവടി, എടത്വാ, വീയപുരം, മുട്ടാർ, വെളിയനാട് ഉൾപ്പെടെയുള്ള അപ്പർ കുട്ടനാട് പ്രദേശങ്ങളിലെ പല ഭാഗങ്ങളിലെയും ജനങ്ങൾ ആശങ്കയിലാണ്.
വീടുകളിലേയ്ക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നും സാധനങ്ങളും മറ്റും മാറ്റുന്നതിന് ഗതാഗത തടസമുണ്ടെന്നും നാട്ടുകാരിയായ സുമ പറഞ്ഞു. തലവടി കുതിരച്ചാൽ- കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയാണ്. സ്ഥിതി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും ആവശ്യമായ രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഒരുക്കാനും അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 11.5 സെ.മീ മുതൽ 20.4 സെ. മീ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടൽ അതീവ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരളത്തിൽ മിന്നൽ പ്രളയത്തിന് കാരണം അന്തരീക്ഷ മർദ്ദം കൂടിയതും ന്യൂനമർദ്ദ പാത്തിയും മൺസൂൺ കാറ്റ് ശക്തമായതുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. മൺസൂൺ കാറ്റ് ശക്തമായതോടെ അറബിക്കടലിൽ നിന്നും മേഘങ്ങൾ കൂട്ടമായി കേരളത്തിനു മുകളിലെത്തി. ഇത് രാത്രിയിൽ അതിതീവ്ര മഴ പെയ്തിറങ്ങാൻ കാരണമായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR