കേരളം-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
Thiruvananthapuram,02 ഓഗസ്റ്റ് (H.S.) കേരളം-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ആഗസ്റ്റ് 2, 3) മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയി
FISHERMEN


Thiruvananthapuram,02 ഓഗസ്റ്റ് (H.S.)

കേരളം-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ആഗസ്റ്റ് 2, 3) മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്.

മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും ആഗസ്റ്റ് 2 മുതൽ 6 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കൂടാതെ ഇന്ന് (ആഗസ്റ്റ് 2) തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, ലക്ഷദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ (ആഗസ്റ്റ് 3) ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മോശം കാലാവസ്ഥ തുടരും.

ആഗസ്റ്റ് 4 മുതൽ 6 വരെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴമുന്നറിയിപ്പിലും മാറ്റം.തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ മുഴുവൻ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.ഈ സാഹചര്യത്തിൽ അതീവ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.എങ്കിലും നേരിയ അളവിൽ ശമനമുണ്ടാകും.കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം മലവെള്ളപ്പാച്ചിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഴക്കെടുതിയിൽ 8പേരുടെ ജീവൻ ഇതിനോടകം പൊലിഞ്ഞു.

കനത്ത മഴയെ തുടർന്ന് നിരവധി ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്.

മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ മത്സ്യബന്ധന വിലക്കും തുടരുകയാണ്. തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News