സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും വിവിധ പ്രദേശങ്ങളിലെ പ്രളയ സാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു.
Pathanamthitta , 02 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും വിവിധ പ്രദേശങ്ങളിലെ പ്രളയ സാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു.
Rain


Pathanamthitta , 02 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും വിവിധ പ്രദേശങ്ങളിലെ പ്രളയ സാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ തീരുമാനം സ്വീകരിച്ചത്.

പത്തനംതിട്ട ജില്ലയിൽ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കും ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും അവ നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ പി. വിഷ്ണുരാജാണ് ഉത്തരവിറക്കിയത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കാസർകോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 3 തിങ്കൾ ) ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.

കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ടും ചെറുകിട മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതും കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 ( തിങ്കൾ ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.

അത്യാവശ്യ സാഹചര്യമില്ലെങ്കിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ജില്ലാ ഭരണകൂടത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർന്നും നിരീക്ഷിച്ചുകൊണ്ട് ആവശ്യമായ സാഹചര്യങ്ങളിൽ കൂടുതൽ ജില്ലകളിലും അവധി ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

കേരളത്തില് മഴ കനക്കുന്നു. ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 11.5 സെ.മീ മുതൽ 20.4 സെ.മീ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട് കടൽ അതീവ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News