കോഴിക്കോട് ആറ് പഞ്ചായത്തുകൾ വെള്ളത്തിനടിയിൽ
Kozhikode , 02 ഓഗസ്റ്റ് (H.S.) ശക്തമായ മഴ തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, പെരുവയൽ, കൊടിയത്തൂർ, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിൽ വ്യാപകമായ വെള്ളപ്പൊക്കം. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ ഇന്നലെ അർധരാത്രി മുതൽ വെള്ളത്തിനടിയിലായി.
Weather update


Kozhikode , 02 ഓഗസ്റ്റ് (H.S.)

ശക്തമായ മഴ തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, പെരുവയൽ, കൊടിയത്തൂർ, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിൽ വ്യാപകമായ വെള്ളപ്പൊക്കം. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ ഇന്നലെ അർധരാത്രി മുതൽ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം രൂക്ഷമായ പഞ്ചായത്തുകളിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. മറ്റുള്ളവർക്കായി വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

പെരുവയൽ മഞ്ഞൊടിയിൽ മാത്രം 42 കുടുംബങ്ങൾ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരുവയൽ പള്ളിക്കടവിലും നിരവധി വീടുകളിൽ വെള്ളം കയറിയതോടെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. കുറ്റിക്കാട്ടൂർ, ആനക്കുഴിക്കര തുടങ്ങിയ പ്രദേശങ്ങളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. പ്രധാന റോഡുകളിലടക്കം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടു.

വെള്ളക്കെട്ടിൽ വീണ യുവാവിൻ്റെ നില ഗുരുതരം

പെരുവയൽ കോണാറമ്പിൽ പുഴവെള്ളം കാണാനെത്തിയ കൊണാറമ്പ് സ്വദേശിയായ സുഹൈൽ വെള്ളക്കെട്ടിൽ കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പരിസരവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി സുഹൈലിനെ കരയ്ക്കെത്തിച്ചു. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. യുവാവിൻ്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.

ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ്. ചൂലൂർ സങ്കേതത്തിൽ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട വീടുകളിൽ കഴിയുന്നവരെ മാവൂർ ഫയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡിങ്കി ബോട്ടിൻ്റെ സഹായത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചാത്തമംഗലത്തെ ഇഷ്ടിക ബസാർ, കോട്ടോൽതാഴം, വിരുപ്പിൽ, പാഴൂർ, കൂളിമാട് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിൻ്റെ തീവ്രത കൂടുതലാണ്. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. എന്ന് പ്രദേശവാസിയായ മുൻഷിദ് പറഞ്ഞു.

റോഡുകൾ വെള്ളത്തിനടിയിൽ; ദുരിതാശ്വാസ പ്രവർത്തനം ശക്തമാക്കി

മാവൂർ ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കുന്ന്, ആയംകുളം, തെങ്ങിലക്കടവ്, വളയന്നൂർ, കുറ്റിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി. ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേക്കും വെള്ളം കയറിയതോടെ തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു എന്ന് പ്രദേശവാസിയായ ഗിരീഷ് ഇടിവി ഭാരതിനോട് പറഞ്ഞു

തെങ്ങിലക്കടവിൽ ചെറുപുഴ കരകവിഞ്ഞൊഴുകിയതോടെ പ്രധാന റോഡുകളിലടക്കം വെള്ളം കയറി. മിക്ക റോഡുകളിലും ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. അർധരാത്രിയിൽ പെട്ടെന്ന് പുഴ കരകവിഞ്ഞതോടെ സമീപത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സാധനങ്ങൾ മാറ്റാൻ പോലും സമയം ലഭിക്കാതിരുന്നതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടായി.

പ്രധാന റോഡുകളിലടക്കം വെള്ളം കയറിയതോടെ ബസ് സർവീസുകൾ നിർത്തിവച്ചു. ഇതോടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ വലിയ പ്രയാസത്തിലായി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ചെറിയ തോണികൾ വിന്യസിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നത്.

പെരുമണ്ണ, കൊടിയത്തൂർ, ഒളവണ്ണ പഞ്ചായത്തുകളിലും നിരവധി വീടുകളിൽ വെള്ളം കയറി. ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ചാലിയാർ, ഇരുവഴിഞ്ഞി, ചെറുപുഴ എന്നിവ നിറഞ്ഞുകവിഞ്ഞതിനാൽ വെള്ളപ്പൊക്കത്തിൻ്റെ തീവ്രതയ്ക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങൾ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News