മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
Thiruvananthapuram, 02 ഓഗസ്റ്റ് (H.S.) മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഫ്രീമോൻ്റെ (28) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. കാണാതായ ഷിജിനായി (32) തെരച്ചിൽ തുടരുകയാണ്. കോസ്റ്റൽ
Muthalappozhi boat accident


Thiruvananthapuram, 02 ഓഗസ്റ്റ് (H.S.)

മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഫ്രീമോൻ്റെ (28) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. കാണാതായ ഷിജിനായി (32) തെരച്ചിൽ തുടരുകയാണ്.

കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പിൻ്റെ മറൈൻ എൻഫോഴ്സ്മെൻ്റ് വിങ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരുടെ സംയുക്ത തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുതലപ്പൊഴിയിൽ നിന്ന് 20 കിലോമീറ്റർ അകലെ കണ്ണന്തുറയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അപകടത്തിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുന്നത്. അപകടസമയത്ത് വള്ളത്തിൽ നാല് പേരുണ്ടായിരുന്നു. മുതലപ്പൊഴി അഴിമുഖത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് വള്ളം മറിഞ്ഞത്.

അപകടത്തെ തുടർന്ന് വള്ളത്തിലുണ്ടായിരുന്ന ജോസ്, സ്മിത്ത് എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും ഫ്രീമോനും ഷിജിനും തിരയിൽപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് കാണാതയവരുടെ ബന്ധുക്കൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധക്കാരും പൊലീസുകാരുമായി സ്റ്റേഷനിൽ വാക്കേറ്റമുണ്ടാവുകയും തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ ഉപരോധിക്കുകയും ചെയ്തു. ഇതെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവിക സേനയുടെ സഹായം തേടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

അതേസമയം ശക്തമായ തിരയിൽപ്പെട്ട് ഇന്നലെ വിഴിഞ്ഞത്തും ശംഖുമുഖത്തും ബോട്ട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് നിന്നുപോയ രണ്ട് വള്ളങ്ങളാണ് മറിഞ്ഞത്. അപകടത്തിൽ പുല്ലുവിള സ്വദേശി ജോൺ (54), കോട്ടുകൽ സ്വദേശി ആൻ്റണി (63) എന്നിവരെ കാണാതായതായി വിഴിഞ്ഞം തീരദേശ പൊലീസ് അറിയിച്ചു.

ഇരുവർക്കുമായുള്ള തെരച്ചിൽ ഈർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിപ്പിച്ചതിന് ശേഷം ജൂലൈ 31 നാണ് വീണ്ടും മത്സ്യബന്ധനം പുനരാരംഭിച്ചത്.

സംസ്ഥാനത്തിൻ്റെ വിവിധ തീരമേഖലകളിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

- മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

- തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News