Enter your Email Address to subscribe to our newsletters

Thrissur , 02 ഓഗസ്റ്റ് (H.S.)
ഏങ്ങണ്ടിയൂർ ദേശീയപാത 66 അഞ്ചാംകല്ല് ഓവർബ്രിഡ്ജിനു സമീപം അപകടകരമായ രീതിയിൽ വിള്ളലുകൾ കണ്ടെത്തി. ചേറ്റുവ ഭാഗത്ത് നിന്നും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുന്ന ദേശീയ പാതയിലാണ് വലിയ രീതിയിലുള്ള വിള്ളലുകൾ ടാർ ഒഴിച്ച് അടച്ച രീതിയിൽ കാണപ്പെട്ടത്. സമീപത്ത് നീളത്തിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടതായും കാണാം.
മഴ ശക്തമാകുമ്പോൾ മഴവെള്ളം ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള വിടവുകളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി റോഡ് ഇടിയാനും അടിയിലെ സർവീസ് റോഡിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ അപകടങ്ങൾ ഉണ്ടാവാനും സാധ്യത വർധിപ്പിക്കുന്നു. മഴവെള്ളം ഒലിച്ചിറങ്ങി റോഡും ഏകദേശം 20 അടിയോളം ഉയരമുള്ള കോൺക്രീറ്റ് ഭാഗങ്ങളും ഇടിഞ്ഞ് പൊളിഞ്ഞു താഴേക്ക് പതിക്കും.
റോഡിലെ വിള്ളലുകൾ വലിയ ഭീഷണിയായി നിലനിൽക്കുന്നുണ്ട്, ദേശീയപാത കരാർ കമ്പനി അധികൃതർ ആരും അറിയാതെ വിള്ളലുകൾക്കിടയിൽ ഏകദേശം 25 മീറ്ററോളം ടാർ ഒഴിച്ചു അടച്ച രീതിയിലാണ് നിലവിൽ കാണുന്നത്, സമീപ ഭാഗങ്ങളിൽ ഏറെ നീളത്തിൽ വിള്ളലുകൾ രൂപപ്പെട്ടതായി കാണാം, ഈ ഭാഗം കുറച്ച് താഴ്ന്ന നിലയിലാണ്. ദേശീയപാതയിൽ വിള്ളലുകൾ ഉണ്ടാവുമ്പോൾ വിള്ളലുകൾക്കിടയിൽ ടാർ ഒഴിച്ച് പോവുകയാണ് ദേശീയപാത കരാർ കമ്പനി ചെയ്യുന്നത്.
ഇങ്ങനെ ചെയ്യുന്നത് മൂലം വരും സമയങ്ങളിൽ ഇവിടെ വലിയ അപകടം പതുങ്ങിയിരിക്കുന്നുണ്ടെന്നും വലിയ അപകടങ്ങൾ ഉണ്ടാവുന്നതിനു മുന്നേ സംരക്ഷിക്കണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
മേൽ വിഷയത്തിൽ ദേശീയപാത അതോറിറ്റിയും റോഡ് സേഫ്റ്റി വിഭാഗവും അടിയന്തരമായി പ്രദേശം സന്ദർശിച്ച് വാഹന യാത്രക്കാരുടെയും കാൽ നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണം. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ വിള്ളലുകളിൽ ടാർ ഒഴിച്ച് വിള്ളലുകൾ അടച്ച് വലിയ അപകടം ക്ഷണിച്ചു വരുത്തുന്ന കരാർ കമ്പനിക്കെതിരെ വേണ്ട നടപടി സ്വീകരിക്കണം. പൊതുജനങ്ങളെ വലിയ അപകടങ്ങൾ ഉണ്ടാവുന്നതിനു മുന്നേ സംരക്ഷിക്കണം ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
പേമാരി തകർത്ത റോഡുകൾ
സംസ്ഥാനത്ത് തുടരുന്ന പേമാരിയിൽ തകർന്ന മലപ്പുറം ജില്ലയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി എപി അനിൽ കുമാർ അറിയിച്ചിട്ടുണ്ട്. അഞ്ചാം തീയതി വരെ മഴ ഉണ്ടാകും എന്നുള്ള വിവരമാണ് ലഭ്യമായിട്ടുള്ളതെന്നും മൺസൂൺ തുടങ്ങുന്നതിനു മുൻപ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യം വന്നാലും നേരിടാൻ സജ്ജമാകണമെന്ന് ജില്ലാ കലക്ടർമാർക്ക് നേരത്തെ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR