Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 ഓഗസ്റ്റ് (H.S.)
എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപക നിയമനത്തിനായുള്ള അഭിമുഖ സമിതികളിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഗുരുതരമായ രാഷ്ട്രീയ ഇടപെടലിനും സാമ്പത്തിക അഴിമതിക്കും വഴിവെക്കുന്നതാണെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി ശിവൻകുട്ടി. ഇതുപോലൊരു നടപടി കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇതാദ്യമാണെന്നും അധ്യാപക നിയമനത്തിലെ സുതാര്യതയും നിഷ്പക്ഷതയും ഇല്ലാതാക്കുന്ന നീക്കമാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിൻ്റെ യഥാർഥ ലക്ഷ്യം നിയമന നടപടികളെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, സ്വന്തക്കാരെയും പാർട്ടി പ്രവർത്തകരെയും പിൻവാതിൽ നിയമനം വഴി കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. ജൂലൈ 16 ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പിന്നീട് ഭേദഗതി വരുത്തി മന്ത്രിമാരുടെ ഓഫീസുകളിലെ പേഴ്സണൽ സ്റ്റാഫിനെ പ്രത്യേകമായി ഉൾപ്പെടുത്തിയതിൻ്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ നിയമിതർക്ക് അഭിമുഖ ബോർഡിൽ എന്ത് കാര്യം?
അധ്യാപക സ്ഥാനാർഥികളുടെ യോഗ്യതയും കഴിവും വിലയിരുത്തേണ്ട അഭിമുഖ ബോർഡിൽ രാഷ്ട്രീയ നിയമിതരായ പേഴ്സണൽ സ്റ്റാഫിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്ന് ശിവൻകുട്ടി ചോദിച്ചു. പൊതുവിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം ഡെപ്യൂട്ടി കലക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് സർക്കാർ പ്രതിനിധികളായി ഉൾപ്പെടുത്തേണ്ടത്. എന്നാൽ അതിന് പകരം ഏഴ് മന്ത്രിമാരുടെ ഓഫിസുകളിൽ നിന്നുള്ള എട്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫിസിലെ അഡിഷണൽ സെക്രട്ടറി എർഷാദ് എംഎസ്, പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലെ അഡിഷണൽ സെക്രട്ടറി എച്ച്. നജീബ്, എക്സൈസ് മന്ത്രിയുടെ ഓഫീസിലെ ജോയിൻ്റ് സെക്രട്ടറി സ്മിത അലക്സ്, വനം മന്ത്രിയുടെ ഓഫിസിലെ അഡീഷണൽ സെക്രട്ടറി പിസി സാബു, ഫിഷറീസ്-സാമൂഹ്യനീതി മന്ത്രിയുടെ ഓഫിസിലെ അഡീഷണൽ സെക്രട്ടറി അബ്ദുള് മജീദ് കാക്കോട്ടിൽ, ടൂറിസം മന്ത്രിയുടെ ഓഫീസിലെ ജോയിൻ്റ് സെക്രട്ടറി രഞ്ജൻ ആർപി രാജ്, പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലെ അഡീഷണൽ സെക്രട്ടറി നിസാർ എച്ച്, ജോയിൻ്റ് സെക്രട്ടറി ദിലീപ് എസ്എം എന്നിവരെയാണ് സമിതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമനങ്ങളിൽ സുതാര്യത നഷ്ടപ്പെടും; സർക്കാർ ഉത്തരവ് പിൻവലിക്കണം
അഭിമുഖ സമിതികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് സ്കൂൾ മാനേജ്മെൻ്റകളുടെ ഭരണപരമായ തീരുമാനങ്ങളിലും നിയമന നടപടികളിലും അനാവശ്യ സ്വാധീനം ചെലുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇത് ക്രമക്കേടുള്ള നിയമനങ്ങൾക്കും വ്യാപകമായ അഴിമതിക്കും വഴിവെക്കുമെന്നും വി ശിവൻകുട്ടി ആരോപിച്ചു.
പരിചയസമ്പന്നരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി രാഷ്ട്രീയ പിന്തുണയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത് ഭാവിയിൽ നിയമപരമായ തർക്കങ്ങൾക്കും കോടതി കേസുകൾക്കും ഇടയാക്കുമെന്നും അതിൻ്റെ ആഘാതം ഉദ്യോഗാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അധ്യാപക നിയമന പ്രക്രിയയെ 'അഴിമതിയുടെ ഉത്സവമാക്കി' മാറ്റാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ച ശിവൻകുട്ടി, ജൂലൈ 16 ലെ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അഭിമുഖ സമിതികളിൽ നിന്ന് രാഷ്ട്രീയ നിയമിതരെ ഒഴിവാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR