Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ഓഗസ്റ്റ് (H.S.)
കനത്ത മഴയിലും ഉരുൾപൊട്ടലിലും കേരളം ഒന്നടങ്കം ഭീതിയോടെ കഴിയുമ്പോൾ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ് പൊന്നാനിയിലെ ഒരു വിരുന്ന് സൽക്കാരം. സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫൈസൽ ബാഫഖി തങ്ങളുടെ വസതിയിൽ വിരുന്നിൽ പങ്കെടുത്തതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഫൈസൽ ബാഫഖി തങ്ങൾ തന്നെ തൻ്റെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്ക് നൽകിയ ഉച്ചഭക്ഷണ സൽക്കാരത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും ഇടതുപക്ഷം ഇത് വലിയ രാഷ്ട്രീയ ആയുധമാക്കിയതും.
'ടൈമിങ് ശരിയായില്ല'; ഇടതുപക്ഷത്തിൻ്റെ കടുത്ത ആക്രമണം
സംസ്ഥാനം കനത്ത പ്രകൃതിദുരന്തത്തെ നേരിടുമ്പോൾ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ മാറ്റിവെച്ച് സ്വകാര്യ സൽക്കാരങ്ങളിൽ മുഴുകുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് സി.പി.എം, സി.പി.ഐ നേതാക്കളുടെ പ്രധാന ആരോപണം.
സി.പി.എം നേതാക്കളായ എ.എ. റഹീമും വി ശിവൻകുട്ടിയും സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് എല്ലാ പരിപാടികളും റദ്ദാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചിരുന്ന ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷത്തിൻ്റെ സൈബർ പോരാട്ടം. നാട് ഭീതിയിലാഴുമ്പോൾ വിരുന്നിന് മുൻഗണന നൽകിയ മുഖ്യമന്ത്രി തൻ്റെ മുഴുവൻ പരിപാടികളും റദ്ദാക്കി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇടതുനേതാക്കൾ ആവശ്യപ്പെട്ടു.
ആദ്യം അവിശ്വസനീയമായി തോന്നി
“കേരളം ഒട്ടാകെ കനത്ത ദുരന്തത്തിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി പൊന്നാനിയിലെ വിരുന്നിൽ പങ്കെടുത്ത വാർത്തയും ദൃശ്യങ്ങളും ആദ്യം കണ്ടപ്പോൾ അവിശ്വസനീയമായാണ് തോന്നിയത്. എന്നാൽ പിന്നീട് അത് കൃത്യമായി സ്ഥിരീകരിക്കേണ്ടി വന്നു.” എ എ റഹീം പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഈ അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ഔദ്യോഗിക ചുമതലകളെല്ലാം മാറ്റിവെച്ച് ഒരു യൂത്ത് ലീഗ് നേതാവിൻ്റെ വീട്ടിൽ അതിഥിയായി പോയി വിഭവസമൃദ്ധമായ വിരുന്ന് ആസ്വദിക്കുന്നത് തികച്ചും അനുചിതവും തെറ്റായ സമയത്തുമാണ് എന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ ആയിരക്കണക്കിന് ജനങ്ങൾ ഭീതിയിലും ആശങ്കയിലും കഴിയുമ്പോൾ, ഔദ്യോഗിക ചുമതലകളേക്കാൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും മുൻഗണന നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തൻ്റെ നിലവിലുള്ള മറ്റെല്ലാ സ്വകാര്യ-പൊതു പരിപാടികളും അടിയന്തരമായി റദ്ദാക്കണമെന്നും സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റഹീം ൻ്റെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എം.വി. ഗോവിന്ദൻ്റെ പ്രതികരണം
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളം കനത്ത മഴക്കെടുതി നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ വിരുന്ന് സൽക്കാരത്തിൽ മാത്രമാണെന്നും സർക്കാരിൻ്റേത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. “ജനങ്ങളുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിൽ മഴക്കെടുതികളുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ ശ്രദ്ധ വിരുന്ന് സൽക്കാരത്തിൽ മാത്രമായിരുന്നെന്നും” അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്ന് ആസ്വദിക്കുമ്പോൾ തൊട്ടപ്പുറത്ത് ജനങ്ങൾ പ്രാണഭയത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കനത്ത പ്രകൃതിദുരന്ത സാധ്യത നിലനിൽക്കുമ്പോൾ യു.ഡി.എഫ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നത് തികഞ്ഞ അനാസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നിർണായക ഘട്ടങ്ങളിലെ ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വി ശിവൻകുട്ടിയുടെ പ്രതികരണം
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന് തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കൊവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
എംഎം മണിയുടെ പ്രതികരണം
റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്-എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഹെലികോപ്റ്റർ യാത്രയും ചർച്ചയാക്കി പ്രതിപക്ഷം
വിരുന്ന് വിവാദത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയും ഇടതുപക്ഷം ചർച്ചയാക്കിയിട്ടുണ്ട്. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൻ്റെ അമ്മായിയപ്പനെ സന്ദർശിക്കാൻ മുഖ്യമന്ത്രി ഔദ്യോഗിക ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്നാണ് മുൻ മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ഹെലികോപ്റ്റർ യു-ടേൺ അടിക്കേണ്ടി വന്നിട്ടും, വിട്ടുപിടിക്കാതെ രണ്ടുതവണ മുഖ്യമന്ത്രി യാത്രയ്ക്ക് ശ്രമിച്ചുവെന്ന് ഇവർ പരിഹസിക്കുന്നു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ധൂർത്തിനെതിരെ സംസാരിച്ച സതീശൻ ഇപ്പോൾ അതേ സൗകര്യം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് എൽ.ഡി.എഫിന്റെ ആക്ഷേപം.
രാഷ്ട്രീയ ആരോപണങ്ങളെ തള്ളി ഭരണപക്ഷം
അതേസമയം, ദുരന്തസമയത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് ഭരണപക്ഷമായ യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി സ്വാഭാവികമായ ഒരു സൗഹൃദ സന്ദർശനം മാത്രമാണ് നടത്തിയതെന്നും, അടിയന്തര സാഹചര്യങ്ങൾ അദ്ദേഹം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യമന്ത്രിക്ക് പ്രതിരോധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി നിരന്തരം ജില്ലാ കളക്ടർമാരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരം രാഷ്ട്രീയ ചളിവാരിയെറിയലുകൾ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് ചേർന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ട ശേഷം മുഖ്യമന്ത്രി തന്നെ എല്ലാ വിവാദങ്ങൾക്കും മറുപടി നൽകുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR