Enter your Email Address to subscribe to our newsletters

Newedlhi , 02 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ കാലവർഷക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുന്നു. പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് വലിയ നാശനഷ്ടങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസമിൽ പ്രളയത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. കേരളത്തിൽ മഴക്കെടുതിയിൽ ആറ് പേർ മരണപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഒഡീഷയിൽ പ്രളയസാഹചര്യം കണക്കിലെടുത്ത് 10 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, പ്രളയബാധിതരായ ഏഴ് സംസ്ഥാനങ്ങൾക്കായി ദുരന്ത നിവാരണ ഫണ്ടിൽ (SDRF) നിന്ന് 2,117.85 കോടി രൂപയുടെ കേന്ദ്ര വിഹിതം മുൻകൂറായി അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
അസമിൽ വൻ നാശനഷ്ടം; ദുരിതത്തിലായി ലക്ഷങ്ങൾ
അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (ASDMA) കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും നിലവിൽ 1.93 ലക്ഷത്തോളം ആളുകൾ ഇപ്പോഴും പ്രളയക്കെടുതി നേരിടുന്നുണ്ട്. ദുരന്തബാധിത മേഖലകളിൽ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
കേരളത്തിൽ വൻ മഴക്കെടുതി; തിരച്ചിൽ തുടരുന്നു
കേരളത്തിൽ തുടരുന്ന കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആറ് പേർ മരണപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാണാതായവർക്കായി വിവിധ ഏജൻസികളുടെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്ത് നിലവിൽ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1,465 പേരാണ് ഈ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. മഴക്കെടുതിയിൽ 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നു. കോഴിക്കോട് ആനക്കാംപൊയിലിൽ 35 മണിക്കൂറിനിടെ 340 മില്ലീമീറ്റർ മഴയും വയനാട് മേപ്പാടിയിൽ 177 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി.
ഒഡീഷയിൽ അതീവ ജാഗ്രത; 8 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു
ഒഡീഷയിൽ മഹാനദി ഉൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നതോടെ പ്രളയസാഹചര്യം വഷളായിരിക്കുകയാണ്. 20 ജില്ലകളിലായി 8.34 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. സലാണ്ടി, ബ്രാഹ്മണി, വൈതരണി, ജലാക്ക, ബുധബലാംഗ് തുടങ്ങിയ നദികളും കരകവിഞ്ഞു. ഹിരാകുഡ് അണക്കെട്ടിന്റെ 22 ഷട്ടറുകൾ തുറന്നതോടെ മഹാനദിയുടെ തീരത്തുള്ള 10 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കട്ടക്ക്, പുരി, ഖോർധ, അങ്കുൾ, സംബൽപൂർ തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
2,117 കോടി രൂപയുടെ അടിയന്തര സഹായം കേന്ദ്രം അനുവദിച്ചു
ദുരന്തബാധിത സംസ്ഥാനങ്ങളിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടപ്പിലാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം 2,117.85 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. ഹിമാചൽ പ്രദേശ്, ഒഡീഷ, നാഗാലാന്ദ് എന്നീ സംസ്ഥാനങ്ങൾക്ക് ആദ്യ ഗഡു ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിനും ഒഡീഷയ്ക്കുമായി രണ്ടാം ഗഡു മുൻകൂറായി നൽകാനും കേന്ദ്രം അനുമതി നൽകി.
---------------
Hindusthan Samachar / Roshith K