കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ സിപിഐ സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ' മാർച്ചിൻ്റെ ചെലവിലേക്കായി ക്രൗഡ് ഫണ്ടിങ്ങുമായി പാർട്ടി.
Thiruvananthapuram, 20 ഓഗസ്റ്റ് (H.S.) കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ സിപിഐ സംഘടിപ്പിക്കുന്ന ''ഡൽഹി ചലോ'' മാർച്ചിൻ്റെ ചെലവിലേക്കായി ക്രൗഡ് ഫണ്ടിങ്ങുമായി (ജനകീയ സമാഹരണം) പാർട്ടി. സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിലാണ് മാർച്ച് നട
CPI CROWD FUNDING CAMPAIGN


Thiruvananthapuram, 20 ഓഗസ്റ്റ് (H.S.)

കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ സിപിഐ സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ' മാർച്ചിൻ്റെ ചെലവിലേക്കായി ക്രൗഡ് ഫണ്ടിങ്ങുമായി (ജനകീയ സമാഹരണം) പാർട്ടി. സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിലാണ് മാർച്ച് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവെ റദ്ദാക്കിയതിൽ പാർട്ടി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ക്രൗഡ് ഫണ്ടിങ് വിവരങ്ങൾപാർട്ടി ദേശീയ നേതൃത്വത്തിൻ്റെ അറിവോടെ സമരപരിപാടിയുടെ കൺവീനറും രാജ്യസഭാ എംപിയുമായ പി. സന്തോഷ് കുമാറിൻ്റെ പേരിലാണ് ക്രൗഡ് ഫണ്ടിങ്ങിനായുള്ള കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്. രാജ്യത്തുണ്ടായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും മറ്റ് കേന്ദ്രനയങ്ങൾക്കും എതിരെയാണ് പാർട്ടി പ്രധാനമായും എതിർപ്പുയർത്തുന്നത്. ഡൽഹി ചലോയുടെ ചെലവിനത്തിലേക്ക് 100 രൂപ മുതൽ എത്ര രൂപ വരെയും നൽകാവുന്ന രീതിയിലാണ് കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. പണം നൽകാനുള്ള ബാങ്ക് വിവരങ്ങളും ക്യൂആർ കോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾ വഴിയാണ് കുറിപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും അതത് ഭാഷകളിൽ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. സാമൂഹികമാധ്യമ ഗ്രൂപ്പുകൾ വഴി പാർട്ടി ഘടകങ്ങളിലേക്ക് ആദ്യം ഇത് എത്തിക്കും. പിന്നീട് അനുഭാവികളിൽ നിന്നും പാർട്ടിയോട് താത്പര്യമുള്ള പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിക്കും. മറ്റ് സൗകര്യങ്ങൾ കൃത്യമായി ഒരുക്കുന്നതിന് വേണ്ടി ഡൽഹിയിലേക്ക് റാലിയുടെ ഭാഗമായി എത്തുന്നവർ ഈ മാസം 21ന് മുൻപായി ട്രെയിൻ യാത്രയുടെ വിവരങ്ങൾ പാർട്ടിയെ മുൻകൂട്ടി അറിയിക്കണമെന്നും കുറിപ്പിലുണ്ട്. ഇതല്ലാതെ യാത്രയുടെ ഭാഗമായി രസീതടിച്ച് വേറെ പിരിവുകളൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി. സുനീർ പറഞ്ഞു.

ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധം

കേന്ദ്രവിരുദ്ധ സമരത്തിന് ഡൽഹിയിൽ പോകാൻ കേരളത്തിൽ നിന്ന് സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കിയതിൽ പാർട്ടി കടുത്ത പ്രതിഷേധത്തിലാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിന്ന് പാർട്ടി മുൻകൂറായി അടച്ച 10 ലക്ഷം രൂപ മടക്കി നൽകി.

സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രവർത്തകരെ എത്തിക്കുന്നതിന് വേണ്ടിയാണ് 22 ബോഗികളുള്ള ട്രെയിൻ ബുക്ക് ചെയ്തിരുന്നത്. ബാക്കി പണം സ്വരൂപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് 10 ലക്ഷം രൂപ ഐആർസിടിസിയുടെ ഏജൻസിയിൽ നിന്ന് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ട്രെയിനിൻ്റെ സ്റ്റോപ്പുകൾ എവിടെയൊക്കെയാണ് എന്നത് ഉൾപ്പെടെ വിവിധ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവെയുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഓഗസ്റ്റ് 10ന് ശേഷം ആരും വിളിച്ചാൽ ഫോണെടുക്കാത്ത സ്ഥിതിയായി. 10 ലക്ഷം തിരിച്ചു നൽകിയതല്ലാതെ ട്രെയിൻ റദ്ദാക്കിയതിൻ്റെ കാരണം ഉൾപ്പെടെ ഒന്നും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സമരം പൊളിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ബോധപൂർവമായ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News