മകള് നല്കിയ ലൈംഗിക പീഡനക്കേസില് കുറ്റവിമുക്തനാക്കിയതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് പിതാവ്
Idukki , 20 ഓഗസ്റ്റ് (H.S.) മകളുടെ പ്രണയബന്ധത്തെ എതിർത്തതിൻ്റെ പേരിൽ സ്വന്തം മകൾ നൽകിയ വ്യാജ ലൈംഗിക പീഡനക്കേസിൽ 18 മാസത്തോളം അഴിയെണ്ണേണ്ടി വന്ന പിതാവിന് ഒടുവിൽ നീതി. കോടതി വെറുതെ വിട്ടതിന് പിന്നാലെ നിരപരാധിയായ ഇദ്ദേഹത്തിൻ്റെ കരളലയിപ്പിക്കുന്ന വാക്
DAUGHTER FAKE CASE AGAINST FATHER


Idukki , 20 ഓഗസ്റ്റ് (H.S.)

മകളുടെ പ്രണയബന്ധത്തെ എതിർത്തതിൻ്റെ പേരിൽ സ്വന്തം മകൾ നൽകിയ വ്യാജ ലൈംഗിക പീഡനക്കേസിൽ 18 മാസത്തോളം അഴിയെണ്ണേണ്ടി വന്ന പിതാവിന് ഒടുവിൽ നീതി. കോടതി വെറുതെ വിട്ടതിന് പിന്നാലെ നിരപരാധിയായ ഇദ്ദേഹത്തിൻ്റെ കരളലയിപ്പിക്കുന്ന വാക്കുകളോടെയാണ് കേസിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അയ്യപ്പൻകോവിൽ–മേരികുളം സ്വദേശിയായ പിതാവിനെ കട്ടപ്പന അതിവേഗ പോക്സോ കോടതി പൂർണമായി കുറ്റവിമുക്തനാക്കിയിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്ന് വിചാരണവേളയിൽ തെളിഞ്ഞതോടെയാണ് നിർണായക വിധിയുണ്ടായത്.

മകളുടെ കാമുകനും കാമുകൻ്റെ അമ്മയും ചേർന്ന് ഗൂഢാലോചന നടത്തി നൽകിയ പരാതിയിലാണ് പൊലീസ് അതിവേഗം നടപടിയെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. ജാമ്യം പോലും ലഭിക്കാതെ ഒന്നരവർഷത്തോളമാണ് നിരപരാധിയായ ഈ പിതാവിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്.

വീട്ടിൽ വന്ന് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് മകൾ എനിക്കെതിരെ പരാതി നൽകിയെന്ന വിവരം പോലും അറിയുന്നത്. ചെയ്യാത്ത തെറ്റിനാണ് ഒന്നരവർഷത്തോളം അടിയുറങ്ങി ജയിലിൽ കിടന്നത്. ഒടുവിൽ കോടതിയിലൂടെ നീതി ലഭിച്ചതിൽ മാത്രമാണ് ആശ്വാസം, പിതാവ് പറഞ്ഞു.

മകളുടെ പ്രണയബന്ധത്തെ എതിർത്തതാണ് എല്ലാത്തിനും തുടക്കം. പെൺകുട്ടി കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് വിലക്കിയിരുന്നു. എന്നാൽ എതിർപ്പ് അവഗണിച്ച് ഇരുവരും ബന്ധം തുടർന്നു. കോളജിലെ സുഹൃത്താണെന്ന് പറഞ്ഞാണ് യുവാവ് ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് പിതാവിനെതിരെ പീഡന പരാതി ഉയർന്നത്, മാതാവ് പ്രതികരിച്ചു.

പെൺകുട്ടി കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനെ പിതാവ് ഉൾപ്പെടെയുള്ളവർ വിലക്കിയിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും ഫോൺ ബന്ധം തുടരുകയും യുവാവ് ഇടയ്ക്കിടെ വീട്ടിലെത്തുകയും ചെയ്തിരുന്നു. കോളജിലെ സുഹൃത്താണെന്നായിരുന്നു പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നതെന്നും മാതാവ് പറയുന്നു.

ഇതിനിടെയാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. കേസിൽ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിചാരണയ്ക്കിടെ കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായി. പിതാവിനെതിരെ ആദ്യം മൊഴി നൽകിയ പെൺകുട്ടി പിന്നീട് കാമുകന് അനുകൂലമായി നിലപാട് സ്വീകരിച്ച് കൂറുമാറുകയായിരുന്നു.

പിതാവ് ജയിലിൽ കഴിയുന്നതിനിടെ മാസങ്ങൾക്കുശേഷം കാമുകൻ വീണ്ടും വീട്ടിലെത്തിയതായും മാതാവ് പറയുന്നു. ഇതോടെ കുടുംബം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെൺകുട്ടി കാമുകന് അനുകൂലമായി നിലകൊണ്ടു.

18 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് പിതാവിൻ്റെ നിരപരാധിത്വം കോടതി ശരിവെച്ചത്. പോക്സോ പോലുള്ള ഗുരുതരമായ കേസിൽ പ്രതിയാക്കപ്പെട്ട് ജീവിതത്തിലെ നിർണായക കാലം ജയിലിൽ കഴിയേണ്ടിവന്ന ഒരാൾക്ക്, ഒടുവിൽ കോടതിയിൽ നിന്ന് ലഭിച്ച കുറ്റവിമുക്തി വലിയ ആശ്വാസമായിരിക്കുകയാണ്. വിചാരണയിൽ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയെ പൂർണമായി കുറ്റവിമുക്തനാക്കുകയായിരുന്നു.

വിചാരണവേളയിൽ പ്രോസിക്യൂഷന് ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, പരാതി വ്യാജമാണെന്ന് വ്യക്തമാകുകയും ചെയ്തു. ഇതടിസ്ഥാനമാക്കിയാണ് പ്രതിയെ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനാക്കിയത്, -പോക്സോ കോടതി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ പെൺകുട്ടി കാമുകനൊപ്പമാണെന്നാണ് മാതാവ് പറയുന്നത്. അതേസമയം, കേസിൻ്റെ പശ്ചാത്തലവും മൊഴിമാറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.

വ്യാജ പരാതിക്ക് പിന്നിൽ..

പ്രണയത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള പ്രതികാരമായി കാമുകനും കുടുംബവും ചേർന്ന് വ്യാജ കേസ് നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു. വിചാരണയിൽ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നും പരാതി വ്യാജമാണെന്നും വ്യക്തമായതോടെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ വെറുതെവിട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News