അഞ്ച് വർഷത്തിനുള്ളിൽ വിവിധ വനേതര പദ്ധതികൾക്കായി വിട്ടുനൽകിയത് 66.71 ഹെക്ടറിലധികം വനഭൂമി.
Thiruvananthapuram, 20 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിവിധ വനേതര പദ്ധതികൾക്കായി വിട്ടുനൽകിയത് 66.71 ഹെക്ടറിലധികം വനഭൂമി. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിലെ കണക്കുകളാണിത
KERALA FOREST LAND DIVERSION


Thiruvananthapuram, 20 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിവിധ വനേതര പദ്ധതികൾക്കായി വിട്ടുനൽകിയത് 66.71 ഹെക്ടറിലധികം വനഭൂമി. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. വനഭൂമി വനേതര ആവശ്യങ്ങൾക്ക് വകമാറ്റിയതിലൂടെ കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെൻ്റ് ആൻഡ് പ്ലാനിങ് അതോറിറ്റി (കാംപ) മുഖേന 34 കോടിയിലധികം രൂപ പിരിച്ചെടുത്തതായും വനംവകുപ്പിൻ്റെ വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവർത്തകൻ മുഹമ്മദ് അഷ്റഫിന് വനംവകുപ്പ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. അഞ്ച് വർഷത്തിനിടെ വനഭൂമി വകമാറ്റുന്നതിനായി ആകെ 143 അപേക്ഷകൾക്കാണ് അനുമതി നൽകിയത്. ഇതിൽ 2023-24 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചത്. ഈ കാലയളവിൽ 78 അപേക്ഷകളാണ് പരിഗണിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ വനഭൂമി വനേതര ആവശ്യങ്ങൾക്കായി വിട്ടുനൽകിയത് 2025-26 വർഷത്തിലാണ്. 28.56 ഹെക്ടർ ഭൂമിയാണ് ഈ വർഷം മാത്രം വകമാറ്റിയത്.

ഓരോ വർഷവും വിട്ടുനൽകിയ ഭൂമിയുടെയും അംഗീകരിച്ച അപേക്ഷകളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ വനഭൂമി നഷ്ടപ്പെടുന്നതിൻ്റെ വ്യാപ്തി വ്യക്തമാകും. 2021-22 വർഷത്തിൽ 11 അപേക്ഷകളിലായി 3.90 ഹെക്ടർ ഭൂമിയാണ് വിട്ടുനൽകിയത്. 2022-23ൽ അഞ്ച് അപേക്ഷകളിലായി 0.34 ഹെക്ടർ ഭൂമിയും വകമാറ്റി. 2023-24ൽ 78 അപേക്ഷകൾക്ക് അനുമതി നൽകിയപ്പോൾ 13.05 ഹെക്ടർ ഭൂമിയാണ് വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. 2024-25 വർഷത്തിൽ 33 അപേക്ഷകളിലായി 20.85 ഹെക്ടർ ഭൂമിയും വിട്ടുനൽകി. ഏറ്റവും ഒടുവിൽ 2025-26ൽ 16 അപേക്ഷകളിലൂടെ 28.56 ഹെക്ടർ ഭൂമിയാണ് വകമാറ്റിയത്.

കാംപ ഫണ്ട് പിരിവും വിതരണവും

വനംവകുപ്പ് ഈടാക്കുന്ന നെറ്റ് പ്രസൻ്റ് വാല്യൂ, കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ, വൈൽഡ് ലൈഫ് കൺസർവേഷൻ തുടങ്ങിയവയും മറ്റ് ചാർജുകളും ഉൾപ്പെടെയാണ് 34,44,48,231 രൂപ സമാഹരിച്ചത്. ഇതിൽ 2021-22 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും ഉയർന്ന തുക പിരിച്ചെടുത്തത്. 10.91 കോടി രൂപയാണ് ഈ വർഷം മാത്രം ലഭിച്ചത്. വനഭൂമി നഷ്ടപ്പെടുമ്പോൾ പകരം മരം നട്ടുപിടിപ്പിക്കുന്നതിനും വന്യജീവി സംരക്ഷണത്തിനുമായാണ് ഈ തുക വിനിയോഗിക്കേണ്ടത്.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയ കാംപയിൽ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച തുകയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യ രണ്ട് വർഷങ്ങളിലും അതായത് 2021-22, 2022-23 കാലയളവിൽ സംസ്ഥാനത്തിന് വിഹിതമൊന്നും ലഭിച്ചിട്ടില്ല. പിന്നീട് 2023-24ൽ 14,46,62,791 രൂപയും 2024-25ൽ 8,74,84,192 രൂപയും ലഭിച്ചു.

2025-26ൽ 4,56,84,505 രൂപയും ഉൾപ്പെടെ ആകെ 27.78 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയത്. എന്നാൽ വിട്ടുനൽകിയ പദ്ധതികളുടെ മേഖല തിരിച്ചുള്ള വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. വന്യജീവികൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വനഭൂമി കുറയുന്നത് വലിയ ആശങ്കകൾക്കാണ് വഴിവയ്ക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News