Enter your Email Address to subscribe to our newsletters

Alappuzha , 20 ഓഗസ്റ്റ് (H.S.)
കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാര സംഘത്തിലെ മൂന്ന് ആൺകുട്ടികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു. ഇതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും. കേസിലെ മുഖ്യ ആസൂത്രകയായ പതിമൂന്നുകാരിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് കരുവാറ്റയിലെ വാടകവീട്ടിൽ ശിവൻകുട്ടി ചെട്ടിയാർ (67) എന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിൻ്റെ കൊച്ചുമകളായ പതിമൂന്നുകാരിയെയും സുഹൃത്തുക്കളായ മൂന്ന് ആൺകുട്ടികളെയുമാണ് പൊലീസ് പിടികൂടിയത്.
നിലവിൽ ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) സംരക്ഷണയിലാണ് പെൺകുട്ടിയുള്ളത്. മറ്റ് മൂന്ന് ആൺകുട്ടികളെയാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകുന്നത്. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കും.
കൊല്ലപ്പെട്ട ശിവൻകുട്ടി തന്നോട് ശാരീരികമായി അതിക്രമം കാണിക്കാൻ ശ്രമിച്ചെന്നും മോശമായി സ്പർശിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചൈൽഡ്ലൈനിന്റെ നേതൃത്വത്തിൽ കൗൺസിലിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഐഫോണും ബൈക്കും വാങ്ങുന്നതിനായി വീട്ടിലെ സ്വർണവും പണവും കവരാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പെൺകുട്ടിയുടെ പുതിയ വെളിപ്പെടുത്തലോടെ കേസിൽ മറ്റൊരു മാനം കൂടി കൈവന്നിരിക്കുകയാണ്. ശിവൻകുട്ടിയുടെ ഭാര്യയും മകളും ആശുപത്രിയിലായിരുന്ന സമയത്താണ് കൊല്ലം സ്വദേശികളായ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെൺകുട്ടി കൃത്യം നടപ്പിലാക്കിയത്. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും ആശുപത്രിയിലായിരുന്നു. ഈ സമയം പെൺകുട്ടിയെ സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെനിന്ന് വീട്ടിലെത്തിയ കുട്ടിയാണ് ശിവൻകുട്ടി മരിച്ചുകിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്.
കൊലപാതകത്തിന് മുൻപ് ശിവൻകുട്ടി അതിക്രൂരമായ ശാരീരിക മർദനങ്ങൾക്ക് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. തലയ്ക്ക് ശക്തമായി അടിയേറ്റതിനെ തുടർന്ന് തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. ഇതിനുപിന്നാലെ അബോധാവസ്ഥയിലായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. താടിയെല്ലിന് മുകളിലായി ആഴത്തിലുള്ള നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലത്ത് നിന്ന് ട്രെയിൻ മാർഗമെത്തിയ പ്രതികൾ വീടിന്റെ ശുചിമുറിയിലെ വെൻ്റിലേറ്ററിലൂടെയാണ് അകത്തുകടന്നത്. തുടർന്ന് ശബ്ദം കേട്ടെത്തിയ ശിവൻകുട്ടിയെ ആക്രമിക്കുകയായിരുന്നു. കേസിൻ്റെ അന്വേഷണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് നിർദേശം നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതടക്കമുള്ള നടപടികൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR