Enter your Email Address to subscribe to our newsletters

Idukki , 20 ഓഗസ്റ്റ് (H.S.)
നീലക്കുറിഞ്ഞി പൂവിട്ട ചൊക്രമുടി ഭൂമി വീണ്ടും വിവാദത്തിലേക്ക്. ഹർജിക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഇടുക്കി ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ സർക്കാർ ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താൽക്കാലികമായി കരം അടച്ചു നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നാർ ഇക്കാനഗർ സ്വദേശികളായ സഹോദരങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധിയുടെ പകർപ്പ് ലഭിച്ച് 10 ദിവസത്തിനകം നികുതി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975 - ൽ ലഭിച്ച പട്ടയ ഭൂമിയാണിത്. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം സമ്പാദിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഈ ഭൂമി ഉൾപ്പെടെ 13 ഏക്കർ 79 സെൻ്റ് സ്ഥലത്തിൻ്റെ പട്ടയം 2025 മാർച്ച് മാസത്തിൽ റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു.
തുടർന്ന് പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഹർജിക്കാർ ഇടുക്കി ജില്ലാ കലക്ടർക്ക് അപ്പീൽ നൽകി. ഈ അപ്പീൽ നിലവിൽ കലക്ടറുടെ പരിഗണനയിലാണ്. എന്നാൽ കാർഷിക വായ്പ പുതുക്കുന്നതിനായി ഭൂനികുതി അടയ്ക്കേണ്ടതുണ്ടെന്നും വില്ലേജ് ഓഫിസർ കരം സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ഹൈക്കോടതി അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ താൽക്കാലികമായി നികുതി സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു. വിധിയുടെ പകർപ്പ് ലഭിക്കുന്ന തീയതി മുതൽ 10 ദിവസത്തിനകം നികുതി സ്വീകരിക്കണമെന്നാണ് നിർദേശം. സംസ്ഥാന സർക്കാർ, ജില്ലാ കലക്ടർ, ദേവികുളം സബ് കലക്ടർ, ഉടുമ്പൻചോല തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫിസർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
വിധിയിലൂടെ റദ്ദാക്കപ്പെട്ട പട്ടയം കോടതി പുനഃസ്ഥാപിച്ചു നൽകിയിട്ടില്ല എന്നത് റവന്യൂ വകുപ്പിന് താൽക്കാലിക ആശ്വാസമാണെങ്കിലും, ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ട്. ചൊക്രമുടിയിൽ നിന്ന് മുൻപ് ഒഴിപ്പിക്കപ്പെട്ട കൂടുതൽ പേർ സമാന ആവശ്യവുമായി കോടതിയെ സമീപിച്ചാൽ അത് വലിയ നിയമ കുരുക്കിലേക്ക് വഴിമാറും. നിലവിൽ ഉത്തരവിൻ്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ നൽകിയ പകർപ്പിൻ്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബൈസൺവാലി വില്ലേജ് ഓഫിസർ അറിയിച്ചു.
ചൊക്രമുടിയിൽ വ്യാജരേഖകളുണ്ടാക്കി അനധികൃതമായി കൈവശം വെച്ച ലക്ഷക്കണക്കിന് രൂപയുടെ സർക്കാർ ഭൂമിയുടെ പട്ടയങ്ങളും നികുതി സ്വീകരിക്കുന്നതിനുള്ള അവകാശങ്ങളുമാണ് റവന്യൂ വകുപ്പ് ഔദ്യോഗികമായി റദ്ദാക്കിയിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR