മാലൂർ പെരുവങ്ങാട്ടയിൽ പന്നിയെ പിടിക്കാൻ വച്ച കെണിയിൽ വീണ പുലി ചത്തു
Kannur , 20 ഓഗസ്റ്റ് (H.S.) മാലൂർ പെരുവങ്ങാട്ടയിൽ പന്നിയെ പിടിക്കാൻ വച്ച കെണിയിൽ വീണ പുലി ചത്തു. മാലൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് മയക്കുവെടിവെച്ചു പിടികൂടിയത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയ
LEOPARD CAUGHT IN KANNUR


Kannur , 20 ഓഗസ്റ്റ് (H.S.)

മാലൂർ പെരുവങ്ങാട്ടയിൽ പന്നിയെ പിടിക്കാൻ വച്ച കെണിയിൽ വീണ പുലി ചത്തു. മാലൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് മയക്കുവെടിവെച്ചു പിടികൂടിയത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്.

ആദ്യ രണ്ടു ഡോസ് മയക്കുവെടി വെച്ചെങ്കിലും പുലി മയങ്ങിയിരുന്നില്ല. തുടർന്ന് മൂന്നാമതും മയക്കുവെടി വെക്കുകയായിരുന്നു.

എഴുന്നേറ്റ് നിൽക്കാൻപോലും പറ്റാത്ത രീതിയിൽ കെണിയിൽ പൂർണമായും കുടുങ്ങിയ നിലയിലായിരുന്നു പുലി. തുടർന്ന് കമ്പി അറുത്തുമാറ്റി പുലിയെ വലയിലാക്കുകയായിരുന്നു. എന്നാൽ പിടിച്ചു മൂന്നു മണിക്കൂറിനകം ആണ് പുലി ചത്തത്. കെണിയിൽ പെട്ട് ആന്തരീകവയങ്ങൾക്ക് ഉണ്ടായ മുറിവാണ് മരണ കാരണം എന്നാണ് വിവരം. സംഭവത്തിൽ സ്ഥലം ഉടമയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കും. കെണി വച്ചയാളെയും പ്രതി ചേർക്കും. കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിനു ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്ന് ഫോറെസ്റ്റ് ഓഫിസർ നിതിൻ രാജ് പറഞ്ഞു.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പുലി കുടുങ്ങിയ വിവരം നാട്ടുകാർ അറിയുന്നത്. കൊട്ടിയൂർ വനാതിർത്തിയിൽ പെടുന്ന പ്രദേശം ആണ് മാലൂർ. വന്യ മൃഗ ശല്യം രൂക്ഷമായ ഇവിടെ പന്നികളെ പിടിക്കാൻ വല കെട്ടാറുണ്ട്. അങ്ങനെ കെട്ടിയ വലയിലേക്ക് ആണ് പുലി കുടുങ്ങിയത്. കെ.പി.ആർ. നഗർ സ്വദേശി രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ഇന്ന് പുലർച്ചെ പുലി കെണിയിൽ കുരുങ്ങിയത്. കെണിയിൽ കുടുങ്ങിയ വിവരം രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഫോറസ്റ്റ് വകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. വയനാട്ടിൽ നിന്നുള്ള വെറ്റനറി സംഘം ആണ് മയക്കുവെടി വെക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

സംഭവമറിഞ്ഞ് നിരവധി നാട്ടുകാരാണ് അതിരാവിലെ മുതൽ സ്ഥലത്ത് തടിച്ചുകൂടിയിട്ടുള്ളത്. കെണിയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പുലി നടത്തുന്ന ശ്രമങ്ങൾ നാട്ടുകാർക്കിടയിൽ വലിയ ആശങ്ക പരത്തിയിരുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നികൾ നിരന്തരം കൃഷി നശിപ്പിക്കുന്നതിനാലാണ് പലരും ഗത്യന്തരമില്ലാതെ കെണികൾ സ്ഥാപിക്കുന്നത്. എന്നാൽ ഇത്തരം കെണികളിൽ മറ്റ് വന്യമൃഗങ്ങൾ കുടുങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ വന്യമൃഗശല്യം നാൾക്കുനാൾ വർധിച്ചുവരികയാണ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ആറളം, കേളകം, കൊട്ടിയൂർ, മാലൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നി, ആന, പുലി എന്നിവയുടെ ശല്യം രൂക്ഷമാണ്. കൃഷിനാശത്തിന് പുറമെ മനുഷ്യൻ്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളിൽ ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യവും നാട്ടുകാർ ശക്തമായി ഉന്നയിക്കുന്നുണ്ട്. വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News