Enter your Email Address to subscribe to our newsletters

Ernakulam , 20 ഓഗസ്റ്റ് (H.S.)
മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണം വേണമെന്ന പരാതിക്കാരൻ്റെ ആവശ്യം തള്ളിയതായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം നേരിട്ട് ഹാജരായി കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ, സർക്കാരിൻ്റെ സാവകാശം തേടലിലും നിരുത്തരവാദപരമായ സമീപനത്തിലും ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചു.
സർക്കാരിനോട് രൂക്ഷവിമർശനവുമായി ഹൈക്കോടതി
നിലവിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയപ്പോൾ, പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം നടത്തുക? എന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ ഉറച്ച നിലപാടില്ലാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചത്.
ഹൈക്കോടതി ഒരു വില്ലേജ് ഓഫീസോ തഹസീൽദാർ ഓഫീസോ ആണോയെന്നും സാവകാശം തേടിയുള്ള അപേക്ഷ ഒരു ക്ലർക്കിൻ്റെ കയ്യിലാണോ കൊടുത്തയക്കുന്നത് എന്നും കോടതി ചോദിച്ചു. സർക്കാരിലെ ഏറ്റവും സുപ്രധാനമായ പദവിയിലിരിക്കുന്ന വ്യക്തി എന്തുകൊണ്ട് നേരിട്ട് അപേക്ഷ നൽകിയില്ലെന്ന് ചോദിച്ച ഹൈക്കോടതി, സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണിതെന്ന കാര്യം ഓർമ്മിപ്പിച്ചു. വിജിലൻസ് അന്വേഷണത്തിൽ തീരുമാനം അറിയിക്കാൻ ജൂനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് സാവകാശം തേടിയതിനാണ് കോടതി അമർഷം രേഖപ്പെടുത്തിയത്.
ഹാജരാകാൻ കോടതി നിർദ്ദേശിച്ചത് ഉത്തരവ് നടപ്പിലാക്കാത്തതിനാൽ
നേരത്തെ പരാതിക്കാരൻ്റെ ഭാഗം കൂടി കേട്ട ശേഷം മൂന്നാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും അത് സമയബന്ധിതമായി നടപ്പിലാക്കിയില്ല. സാവകാശം തേടിയുള്ള സർക്കാരിൻ്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് വ്യാഴാഴ്ച തന്നെ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.
ഡി ജി പിക്കെതിരായ ഗുരുതര ആരോപണങ്ങൾ
മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തി, യു എ ഇയിൽ പൊലീസ് യൂണിഫോം ധരിച്ച് സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു, മോട്ടോർ വാഹന വകുപ്പിലും ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കുമ്പോഴും അഴിമതി നടത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി ആരോപണങ്ങൾ നിലനിൽക്കെ ശ്രീജിത്തിന് ഡി ജി പിയായി ധൃതിപിടിച്ച് പ്രമോഷൻ നൽകിയതിനെയും ഹൈക്കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR