കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താനായി 4,000 കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച് കേരള പോലീസ്.
Ernakulam , 20 ഓഗസ്റ്റ് (H.S.) കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താനായി 4,000 കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച് കേരള പോലീസ്. ഒഡിഷയിലെ അതിസാഹസികവും അപകടകരവുമായ നക്സൽ ബാധിത മേഖലയിൽ നിന്നുമാണ് കുറുപ്പംപടി പൊലീസ് സംഘം പെൺകുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെ
RESCUE OPERATION


Ernakulam , 20 ഓഗസ്റ്റ് (H.S.)

കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താനായി 4,000 കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച് കേരള പോലീസ്. ഒഡിഷയിലെ അതിസാഹസികവും അപകടകരവുമായ നക്സൽ ബാധിത മേഖലയിൽ നിന്നുമാണ് കുറുപ്പംപടി പൊലീസ് സംഘം പെൺകുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തത്.

കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെ ഓഗസ്റ്റ് 13-നാണ് കാണാതാകുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ മേഖലയിലും പരിസരങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ പ്രാഥമിക ഘട്ടത്തിൽ കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ, സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം സേലത്തെത്തിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് യുവാവ് മുങ്ങിയത് തിരിച്ചടിയായി.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒഡിഷയിലേക്ക് തിരിച്ചു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ അലോക് എന്ന യുവാവിനൊപ്പം കുട്ടിയുണ്ടെന്ന നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

അതിസാഹസികമായ അർധരാത്രി ഓപ്പറേഷൻ

ഓഗസ്റ്റ് 18-ന് ഒഡിഷയിലെത്തിയ സംഘത്തിന് പ്രദേശം കടുത്ത നക്സൽ ഭീഷണിയുള്ളതാണെന്ന് മനസ്സിലായി. പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് അപകടകരമാണെന്ന് പ്രാദേശിക ബഞ്ചനഗർ പൊലീസ് മുന്നറിയിപ്പ് നൽകി. തുടർന്ന് അർധരാത്രിയോടെ ആയുധധാരികളായ എട്ട് പ്രാദേശിക പൊലീസുകാരുടെ സഹായത്തോടെ അന്വേഷണം നടത്താൻ തീരുമാനിച്ചു.

രാത്രി 12 മണിയോടെ വനമേഖലയിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ച പൊലീസ് സംഘം, ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി ഒറ്റനിരയായി കാട്ടിലൂടെ നടന്നു. കാട്ടിനുള്ളിലെ അഞ്ച് വീടുകളിൽ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് അലോകിൻ്റെ വീട് തിരിച്ചറിഞ്ഞത്. വീട് വളഞ്ഞ പൊലീസും നാട്ടുകാരും തമ്മിൽ ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടായെങ്കിലും പൊലീസ് പെൺകുട്ടിയെ രക്ഷിക്കുകയും അലോകിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പെൺകുട്ടിയെയും കൊണ്ട് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചെത്തി. സബ് ഇൻസ്പെക്ടർ കെ എം അബി, സീനിയർ സിപിഒമാരായ എൻ പി ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരടങ്ങിയ സംഘമാണ് ഈ സാഹസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News