പന്തീരാങ്കാവ് ലഹരിക്കേസ്; പ്രതികൾക്ക് കുരുക്കായി എക്സൈസ് അന്വേഷണം
Kozhikode , 20 ഓഗസ്റ്റ് (H.S.) പന്തീരാങ്കാവിന് സമീപം ഇരിങ്ങല്ലൂർ ടോൾ പ്ലാസയിൽ ആൻ്റി നായർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇതുവരെ ഒൻപത് പേർ വലയിലായെന്ന് കോഴിക്കോട് ജോയിൻ്റ് എക്സൈസ് കമ്മിഷണർ വൈ. ഷിബു അറിയിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ കലക്
KERALA EXERCISE DEPARTMENT


Kozhikode , 20 ഓഗസ്റ്റ് (H.S.)

പന്തീരാങ്കാവിന് സമീപം ഇരിങ്ങല്ലൂർ ടോൾ പ്ലാസയിൽ ആൻ്റി നായർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇതുവരെ ഒൻപത് പേർ വലയിലായെന്ന് കോഴിക്കോട് ജോയിൻ്റ് എക്സൈസ് കമ്മിഷണർ വൈ. ഷിബു അറിയിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏപ്രിൽ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങല്ലൂർ ടോൾ പ്ലാസയിൽവച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് മൂന്നര കിലോയോളം വരുന്ന സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയത്. സാധാരണ നിലയിൽ ലഹരിമരുന്ന് പിടികൂടുന്നതിലൊതുങ്ങുമായിരുന്ന ഈ കേസിൽ, എക്സൈസ് ഉദ്യോഗസ്ഥരുടെ ആത്മാർഥമായ അന്വേഷണമാണ് ഒൻപത് പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയ എക്സൈസ് സംഘത്തിൻ്റെ പ്രവർത്തനം പഴുതടച്ചതും സാഹസികവും മികവുറ്റതുമായിരുന്നെന്ന് ജോയിൻ്റ് എക്സൈസ് കമ്മിഷണർ വ്യക്തമാക്കി.

തുടക്കം രഹസ്യവിവരത്തിൽനിന്ന്രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങല്ലൂർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടി സ്വദേശി പി.കെ ഷെഫീക്കിനെയും അടിവാരം സ്വദേശിനിയും യൂട്യൂബ് ഇൻഫ്ലുവൻസറുമായ ഫാത്തിമ നസ്റിനെയും ആദ്യം പിടികൂടിയത്. ഇവരിൽ ഒതുങ്ങുമായിരുന്ന കേസിൽ, ലഹരി എത്തിയ മറ്റ് സ്രോതസ്സുകളെക്കുറിച്ച് എക്സൈസ് സംഘം വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതും കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചതും. അന്വേഷണത്തിനായി കോഴിക്കോട്, വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർമാരെ ഉൾപ്പെടുത്തി 12 പേരുടെ സ്പെഷ്യൽ ടീം രൂപീകരിക്കുകയാണ് എക്സൈസ് ആദ്യം ചെയ്തത്.

ആദ്യം പിടിയിലായ രണ്ടുപേരുടെ ഫോൺ കോളുകൾ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി നടത്തിയ അന്വേഷണത്തിലാണ് ഏഴുപേർ കൂടി വലയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ഇനി ഒരു നൈജീരിയൻ സ്വദേശി കൂടി പിടിയിലാകാനുണ്ട്. ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞ ഇയാളെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടി കോഴിക്കോട് എത്തിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ജോയിൻ്റ് എക്സൈസ് കമ്മിഷണർ വ്യക്തമാക്കി.

പിന്നിൽ വൻ ലഹരിമാഫിയഓരോ പ്രതികളെ പിടികൂടുമ്പോഴും അവരെ വിശദമായും ശാസ്ത്രീയമായും ചോദ്യം ചെയ്താണ് മറ്റുള്ളവരിലേക്ക് അന്വേഷണം എത്തിച്ചതെന്ന് കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫ് പറഞ്ഞു. പ്രതികളെ തേടി വിവിധ സംസ്ഥാനങ്ങളിൽ പോകുമ്പോൾ ഏറെ വെല്ലുവിളികളാണ് അന്വേഷണ സംഘത്തിന് നേരിടേണ്ടി വന്നത്. ജീപ്പിലും ട്രെയിനിലുമുൾപ്പെടെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. സിന്തറ്റിക് മയക്കുമരുന്നിൽ ഏറ്റവും മുന്തിയ ഇനമാണ് പന്തീരാങ്കാവിൽനിന്ന് എക്സൈസ് പിടിച്ചെടുത്തത്. ഇത് തായ്വാനിൽനിന്നാണ് എത്തിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായിട്ടുണ്ട്.

എക്സൈസിൻ്റെ കൃത്യമായ അന്വേഷണവും തെളിവ് ശേഖരണവും കാരണമാണ് കഴിഞ്ഞ മൂന്നുമാസമായി ജയിലിൽ കഴിയുന്ന പ്രതികളിൽ ഒരാൾക്കുപോലും ജാമ്യം ലഭിക്കാതിരുന്നത്. മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും എക്സൈസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു. അന്വേഷണത്തിൽ പങ്കാളികളായ മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും ഏറെ പരിമിതികളുണ്ടെങ്കിലും ലഹരിക്കെതിരെ ശക്തമായ അന്വേഷണവും നടപടികളുമുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News