നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ച് കാർ;കാർ യാത്രികന് രക്ഷകരായി യുവാക്കള്
Wayanad , 20 ഓഗസ്റ്റ് (H.S.) അഞ്ച് മിനിറ്റ് വൈകിയിരുന്നെങ്കിൽ വയനാട് കാക്കഞ്ചേരി പുഴയിൽ ഒരു ജീവൻ പൊലിഞ്ഞേനെ. നിയന്ത്രണംവിട്ട് കാർ പുഴയിലേക്ക് പതിച്ചപ്പോൾ, കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരന് മുന്നിൽ മരണഭീതിയുടെ നിമിഷങ്ങൾ... സ്വന്തം ജീവൻ പോലും നോക്
RESCUE OPERATION KAKANCHERRY


Wayanad , 20 ഓഗസ്റ്റ് (H.S.)

അഞ്ച് മിനിറ്റ് വൈകിയിരുന്നെങ്കിൽ വയനാട് കാക്കഞ്ചേരി പുഴയിൽ ഒരു ജീവൻ പൊലിഞ്ഞേനെ.

നിയന്ത്രണംവിട്ട് കാർ പുഴയിലേക്ക് പതിച്ചപ്പോൾ, കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരന് മുന്നിൽ മരണഭീതിയുടെ നിമിഷങ്ങൾ... സ്വന്തം ജീവൻ പോലും നോക്കാതെ പുഴയിലേക്ക് എടുത്തുചാടിയ യുവാക്കളാണ് ഇന്നീ നാടിൻ്റെ ഹീറോ.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കാക്കഞ്ചേരി പുഴയോരത്തെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജില്ലാ നിർമിതി കേന്ദ്രത്തിലെ സൈറ്റ് എൻജിനീയറായ തലച്ചിറ അജിസൺ. പതിവായി സഞ്ചരിക്കുന്ന വഴിയായിരുന്നു. പക്ഷേ ആ യാത്രയിൽ അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് പതിച്ചു.

കാർ വെള്ളത്തിലേക്ക് വീണതോടെ അജിസൺ വാഹനത്തിനുള്ളിൽ കുടുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് ലോക്കായിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. നിമിഷങ്ങൾക്കകം പുഴയിലെ ശക്തമായ ഒഴുക്കിനൊപ്പം കാർ വെള്ളത്തിൽ താഴ്ന്നുതുടങ്ങിയിരുന്നു.

അപ്പോഴാണ് തൊട്ടടുത്ത കടവിൽ ഉണ്ടായിരുന്ന അഞ്ച് യുവാക്കള് അപകടം കാണുന്നത്. സ്വാതി കൃഷ്ണൻ, ആദർശ്, ആൽബിൻ പ്രകാശ്, ശരൺ രാകേഷ്, ജിഷ്ണു പ്രകാശ് എന്നീ യുവാക്കള് പുഴയിലേക്ക് എടുത്തുചാടി. കാർ പൂർണമായും വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് കാറിലുള്ളവരെ രക്ഷിക്കണം എന്ന ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ.

''കാറിൻ്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അജിസൻ്റെ സീറ്റ് ബെൽറ്റ് ലോക്കായിരുന്നതിനാൽ പുറത്തേക്ക് ഇറങ്ങാനും കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ പാസഞ്ചർ സൈഡിലെ ഗ്ലാസ് തുറക്കാനായതോടെയാണ് രക്ഷപ്പെടാനുള്ള വഴി തെളിഞ്ഞത്. പക്ഷേ പുറത്തേക്ക് വന്ന അജിസന് മുന്നിൽ വീണ്ടും അപകടം. ശക്തമായ ഒഴുക്കും ആഴവുമുള്ള പുഴയിലേക്ക് അജിസൻ വീണു. ഏകദേശം പത്ത് മീറ്ററോളം ഒഴുക്കിൽപ്പെട്ടുപോയി,'' - ശരൺ രാകേഷ് പറയുന്നു.

വൈകാതെ ശരൺ അജിസൻ്റെ അടുത്തെത്തി. മുങ്ങിപ്പോകാതെ പിടിച്ചുനിർത്തി. പിന്നാലെ എത്തിയ ആദർശും ആൽബിൻ പ്രകാശും ജിഷ്ണു പ്രകാശും ചേർന്ന് അജിസനെ കരയിലേക്ക് വലിച്ചുകയറ്റി. അപ്പോഴേക്കും കാർ പൂർണമായും വെള്ളത്തിനടിയിലായിരുന്നു.

വിവരമറിഞ്ഞെത്തിയ മാനന്തവാടി അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ മുങ്ങിയ കാർ പുറത്തെടുത്തു. എന്നാൽ അന്ന് നടന്ന രക്ഷാപ്രവർത്തനത്തിൻ്റെ വേഗതയാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.ആ അഞ്ച് മിനിറ്റാണ് അജിസൻ്റെ ജീവിതത്തിലേക്കുള്ള മടക്കയാത്രയായി മാറിയത്.

പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരല്ല അവർ. ഒരു നിമിഷം പോലും പാഴാക്കാതെ, സ്വന്തം സുരക്ഷ പോലും മറന്ന് ഒരു അപരിചിതൻ്റെ ജീവൻ രക്ഷിക്കാൻ പുഴയിലേക്ക് ഇറങ്ങിയ സാധാരണ ചെറുപ്പക്കാരാണവർ. അപകടത്തിൻ്റെ ആഴത്തിലേക്ക് കാർ മുങ്ങിയപ്പോൾ, പ്രതീക്ഷയുടെ കരയിലേക്ക് അജിസനെ തിരികെയെത്തിച്ചത് ഈ അഞ്ചുപേരുടെയും ധൈര്യമായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News