Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ഓഗസ്റ്റ് (H.S.)
ഓണ പാച്ചിലിനും പൂക്കളം ഒരുക്കുന്ന തിരക്കുകള്‍ക്കും ഇടയില്‍, തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഒരു പുതുജീവന്‍ കൂടി. മലയാളികള്‍ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുങ്ങവേ, പ്രതീക്ഷയുടെ മറ്റൊരു വിളക്കുകൂടി നമ്മുടെ കൂടെയെത്തി. അമ്മത്തൊട്ടിലിന്റെ 1002-ാമത്തെ കുരുന്ന്. അതും പെണ്‍കരുത്ത് തന്നെ.
ആയിരാമത്തെ കുഞ്ഞ് 'സഹസ്ര' അമ്മയുടെ മടിയില്‍ വന്നിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഈ നൂറുമേനി കൂടി. വ്യാഴാഴ്ച, ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് 3.10 ന് ആയിരുന്നു അലാറം മുഴങ്ങിയത്. ഏകദേശം 5 ദിവസം പ്രായവും 2.56 കി.ഗ്രാം ഭാരവുമുള്ള ആ പൊന്നോമനയെ, മറ്റൊരു കൈയും തൊടുന്നതിനു മുന്‍പ്, പൊറ്റമ്മമാരുടെ സ്‌നേഹം കാത്തിരുന്നിരുന്നു
സമൃദ്ധിയുടെ നാളുകള്‍ വരവേല്‍ക്കുന്ന വിശാഖം നാളില്‍ എത്തിയതിനാലും, ഓണക്കാലം കൊണ്ടുവരുന്ന ഐശ്വര്യം പോലെ അവള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നതിനാലും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി കുഞ്ഞിന് 'സമൃദ്ധ' എന്ന് പേരിട്ടു.'ഓണക്കാലത്ത് എത്തിയ ഈ കുഞ്ഞ് നമ്മുടെ നാടിന് മുഴുവന്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സൂചനയാണ്' അദ്ദേഹം പറഞ്ഞു.
അലാറം കേട്ട ഉടന്‍ തന്നെ സമിതി ആ സ്ഥാനത്ത് ഉണ്ടായിരുന്ന ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി, ട്രഷറര്‍ കെ. ജയപാല്‍ എന്നിവരടങ്ങുന്ന സംഘം നേഴ്‌സുമാര്‍ക്കൊപ്പം അമ്മത്തൊട്ടിലില്‍ എത്തി കുഞ്ഞിനെ നെഞ്ചിലേറ്റി. തുടര്‍ന്ന് ശിശു പരിചരണ കേന്ദ്രത്തില്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം, തൈക്കാട് ശിശു-മഹിളാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം വിശദമായി പരിശോധിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇനി അവള്‍ക്ക് സമിതിയുടെ കരുതലിന്റെ ചൂടും ചോറും കിട്ടും
2023 മെയ് മാസം മുതല്‍ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകള്‍ വഴി മാത്രം സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയത് 'സമൃദ്ധ' ഉള്‍പ്പെടെ 113 കുരുന്നുകള്‍ ആണ്. അതില്‍ 80 പെണ്‍കുട്ടികളും 33 ആണ്‍കുട്ടികളും ഉണ്ട്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ മാത്രം എത്തിയ പത്താമത്തെ കുഞ്ഞാണ് 'സമൃദ്ധ'.'സമൃദ്ധ'യുടെ ദത്തെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഈ കുഞ്ഞിന് നിയമപരമായ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
---------------
Hindusthan Samachar / Sreejith S