Enter your Email Address to subscribe to our newsletters

Ernakulam , 20 ഓഗസ്റ്റ് (H.S.)
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂർണമായി കടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിലും പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയറുകളിലും രേഖപ്പെടുത്തുന്നത്.
സമാഹരിച്ച ആകെ തുകയിൽ 72 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 135 കോടി രൂപ നോൺ-സബ്സിഡി ഇനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്. പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞ് നിർത്താൻ കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ നൽകിയതാണ് ജനങ്ങളെ സപ്ലൈകോയിലേക്ക് കൂടുതൽ ആകർഷിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിവിധ വിൽപ്പനശാലകളും ഫെയറുകളും സന്ദർശിച്ചത്. ജില്ലാ - താലൂക്ക് തലങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം രണ്ടു കോടി രൂപയുടെ വിറ്റുവരവുണ്ടായി.
മെഗാ ട്രേഡ് ഫെയറുകളിൽ കോഴിക്കോട് മുന്നിൽ
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ പ്രധാന നഗരങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന മെഗാ ട്രേഡ് ഫെയറുകൾക്ക് ജനങ്ങളിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചിൽ നടക്കുന്ന മെഗാ ഫെയറിലാണ്. ഇവിടെ നിന്ന് മാത്രം ഇതുവരെ 32 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഓഗസ്റ്റ് 13 - ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിച്ച ഫെയറിലൂടെ 30 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.
എ എ വൈ സൗജന്യ ഓണക്കിറ്റ് വിതരണം വേഗത്തിൽ
സംസ്ഥാനത്തെ എ എ വൈ (മഞ്ഞ കാർഡ്) വിഭാഗക്കാർക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണം അവസാന ഘട്ടത്തിലാണ്. ആകെ നൽകുന്ന ആറ് ലക്ഷം കിറ്റുകളിൽ 4,32,000 എണ്ണവും വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 20 - ഓടെ മുഴുവൻ കിറ്റുകളും റേഷൻ കടകൾ വഴി അർഹരായവർക്ക് ലഭ്യമാക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ അറിയിച്ചു.
പൊതുവിപണിയിൽ ഇടപെട്ട് വിലനിലവാരം നിയന്ത്രിക്കാനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഓണാഘോഷ സാധനങ്ങൾ ലഭ്യമാക്കാനും സപ്ലൈകോയുടെ സജീവമായ ഇടപെടലിന് സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിൽപ്പന ഇനിയും ഉയരാനാണ് സാധ്യത.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR