ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവത്തിൽ ആൻ്റി റാഗിങ് നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് അന്വേഷണം ഊർജിതമാക്കി
Idukki , 20 ഓഗസ്റ്റ് (H.S.) ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവത്തിൽ ആൻ്റി റാഗിങ് നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് അന്വേഷണം ഊർജിതമാക്കി. മർദനത്തിൽ ജനനേന്ദ്രിയം തകർന്ന പത്തൊൻപതുകാരൻ്റെ മൊഴി വീണ്ടും രേ
THODUPUZHA STUDENT ASSAULT CASE


Idukki , 20 ഓഗസ്റ്റ് (H.S.)

ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവത്തിൽ ആൻ്റി റാഗിങ് നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് അന്വേഷണം ഊർജിതമാക്കി. മർദനത്തിൽ ജനനേന്ദ്രിയം തകർന്ന പത്തൊൻപതുകാരൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്താനുമാണ് പൊലീസിൻ്റെ തീരുമാനം. കുറ്റകൃത്യം മറച്ചുവയ്ക്കാൻ സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സ് പഠിക്കുന്ന ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്. അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിന് സ്വന്തമായി ഹോസ്റ്റൽ സൗകര്യമുണ്ടെന്നാണ് പ്രവേശന സമയത്ത് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പ്രദേശത്തെ ഒരു വാടകവീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ഈ വീട്ടിലെ മൂന്ന് മുറികളിലായി 11 പേരാണ് താമസിച്ചിരുന്നത്.

ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന മൂന്ന് പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെടുകയും വിവരം അധ്യാപകരെ അറിയിക്കുകയും ചെയ്തു. എന്നാൽ തെളിവായി ദൃശ്യങ്ങൾ പകർത്തി നൽകാനാണ് അധ്യാപകർ ആവശ്യപ്പെട്ടതെന്ന് കുട്ടി പറഞ്ഞു.

വിദ്യാർഥി തൻ്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി അധ്യാപകർക്ക് കൈമാറി. തുടർന്ന് അധ്യാപകർ ഹോസ്റ്റലിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ലഹരി ഉപയോഗിച്ചതായി ഇവർ സമ്മതിച്ചു. എന്നാൽ ഒരു തവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു ഇവരുടെ വാദം. ലഹരി ഉപയോഗിച്ചവരെ അധ്യാപകർ ചോദ്യം ചെയ്തെങ്കിലും ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ തയ്യാറായില്ല. സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയാണ് പിന്നീട് വലിയൊരു ദുരന്തത്തിലേക്ക് വഴിതെളിച്ചത്.

ഇതിനുപിന്നാലെയാണ് ദൃശ്യങ്ങൾ പകർത്തി നൽകിയത് അണക്കര സ്വദേശിയായ വിദ്യാർഥിയാണെന്ന് ഇവർ മനസ്സിലാക്കിയത്. തുടർന്ന് സഹപാഠികൾ വിദ്യാർഥിയെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് കുട്ടി പറയുന്നു. മർദനത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലത് വൃഷണം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തുപറയാൻ വൈകിയതെന്നും കുട്ടി പറഞ്ഞു. ശാരീരികമായും മാനസികമായും വലിയ ആഘാതമാണ് വിദ്യാർഥിക്ക് ഏറ്റിരിക്കുന്നത്. നിലവിൽ ആശുപത്രിയിൽ തുടരുന്ന വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂർണമായി സുഖം പ്രാപിക്കാൻ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

അന്വേഷണം ഊർജിതംസംഭവത്തിൽ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. എന്നാൽ ലഹരി ഉപയോഗിച്ച മറ്റ് രണ്ട് പേർക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. കൂടുതൽ പേർ മർദനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് വീണ്ടും മൊഴിയെടുക്കും. രണ്ട് പേരുടെ പേരുകൾ കൂടി കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെക്കൂടി പ്രതിചേർത്ത് എഫ്ഐആറിൽ മാറ്റം വരുത്താനാണ് പൊലീസിൻ്റെ നീക്കം. ഇടുക്കി എസ്പിയുടെ കർശന നിർദേശത്തെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വിദ്യാർഥിയുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനം തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നാണ് പ്രധാന ആരോപണം. ലഹരി ഉപയോഗം കണ്ടെത്തിയിട്ടും പൊലീസിനെയോ മറ്റ് അധികൃതരെയോ അറിയിക്കാൻ അധ്യാപകർ തയ്യാറായില്ല. പകരം വിദ്യാർഥിയെക്കൊണ്ട് തന്നെ ദൃശ്യങ്ങൾ പകർത്തിച്ചത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ സ്വകാര്യ സ്ഥാപനത്തിലേക്ക് എസ്എഫ്ഐ പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News