Enter your Email Address to subscribe to our newsletters

Chennai, 20 ഓഗസ്റ്റ് (H.S.)
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തി വി.ഡി.സതീശന്‍. 31-ാമത് സതേണ്‍ സോണല് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇരുവരുമായി പ്രത്യേകം ചര്‍ച്ചയും വിജയ് നടത്തി.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ നദീജലത്തിന്റെ പങ്കിടലും സ്ത്രീസുരക്ഷയും പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതിയുടെ നടത്തിപ്പും വ്യോമയാന മേഖലയിലെ പ്രശ്നങ്ങളും വ്യാഴാഴ്ചത്തെ സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. ചെന്നൈയ്ക്കടുത്ത് കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് സമ്മേളനംനടക്കുന്നത്.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. 1956-ലെ സംസ്ഥാന പുനഃസംഘടനാനിയമത്തിലെ വകുപ്പുകള്‍പ്രകാരം രൂപവത്കരിക്കപ്പെട്ട മേഖലാ കൗണ്‍സിലുകളുടെ ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സതേണ്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായും തമിഴ്‌നാട് ചീഫ് സെക്രട്ടറി സായികുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്. വൈസ് ചെയര്‍മാന്‍, സെക്രട്ടറിപദങ്ങള്‍ അംഗസംസ്ഥാനങ്ങള്‍ മാറിമാറി വഹിക്കുകയാണ് ചെയ്യുക. 30-ാമത് സമ്മേളനം 2022-ല്‍ തിരുവനന്തപുരത്താണ് നടന്നത്.
പൊതുവായ വിഷയങ്ങളില്‍ ഉപദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അധികാരമേ കൗണ്‍സിലിന് ഉള്ളൂവെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഏകോപിതപ്രവര്‍ത്തനത്തിന് വേദിയൊരുക്കാന്‍ സമ്മേളനത്തിന് കഴിയും. വ്യാഴാഴ്ച രാവിലെ മന്ത്രിതല സമ്മേളനവും ഉച്ചയ്ക്കുശേഷം ഉദ്യോഗസ്ഥതല യോഗവും നടക്കും. കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയും ഇതിനിടെ നടന്നേക്കും. സമ്മേളനം കഴിഞ്ഞ് മഹാബലിപുരത്തെ പൈതൃകകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകീട്ട് അമിത് ഷാ ഡല്‍ഹിക്ക് മടങ്ങും.
---------------
Hindusthan Samachar / Sreejith S