പ്രധാനമന്ത്രിയെ അവഹേളിച്ച കേസില് ജാന്മണി ദാസ് അറസ്റ്റില്; ജാമ്യത്തില് വിട്ടു
Kochi, 20 ഓഗസ്റ്റ് (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ് അറസ്റ്റില്‍. ബി.ജെ.പി. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴി
janmani


Kochi, 20 ഓഗസ്റ്റ് (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ് അറസ്റ്റില്‍. ബി.ജെ.പി. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് ജാന്‍മണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ജാന്‍മണിയുടെ വിവാദ പരാമര്‍ശം. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാന്‍മണിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എശ്), കേരള പൊലീസ് ആക്ട് എന്നിവയിലെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 192 (ലഹള ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍), 356(2) (അപകീര്‍ത്തിപ്പെടുത്തല്‍), കേരള പോലീസ് ആക്ടിലെ വകുപ്പ് 120(ഒ) എന്നിവ പ്രകാരമാണ് കേസ്. സമൂഹത്തില്‍ ബോധപൂര്‍വ്വം അസ്വസ്ഥതകള്‍ സൃഷ്ടിക്കുക, ജനങ്ങള്‍ക്കിടയില്‍ പരസ്പരം പ്രകോപനം ഉണ്ടാക്കുക, പൊതുസമാധാനം തകര്‍ക്കുക എന്നീ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ജാന്‍മണി ഈ അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതെന്ന് എഫ്.ഐ.ആറില്‍ പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

വസ്തുതാവിരുദ്ധമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ ഒരു വീഡിയോയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും ജാന്‍മണി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ഉയര്‍ന്നതിന് പിന്നാലെ ജാന്‍മണിക്കും പോസ്റ്റ് ഷെയര്‍ ചെയ്ത മറ്റൊരാള്‍ക്കും നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതെന്നും പൊലീസ് അറിയിച്ചു.

സംഭവം വിവാദമായതോടെ വിശദീകരണവും പരസ്യ ക്ഷമാപണവുമായി ജാന്‍മണി രംഗത്തെത്തിയിരുന്നു. 'സത്യം പറഞ്ഞാല്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. എനിക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ല. ഭാഷാ പ്രയോഗത്തില്‍ സംഭവിച്ച വലിയൊരു പിഴവാണിത്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ഓണ്‍ലൈനില്‍ കണ്ട ഒരു ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്. എന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.' ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റില്‍ ജാന്‍മാണി പറഞ്ഞു.

തനിക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും ഭീഷണി സന്ദേശങ്ങളും വരുന്നുണ്ടെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജാന്‍മണിയുടെ ക്ഷമാപണം മഹിളാ മോര്‍ച്ച തള്ളിക്കളഞ്ഞു. ഇത് വെറുമൊരു ഭാഷാപരമായ പരിമിതിയല്ലെന്നും ബോധപൂര്‍വമുള്ള അധിക്ഷേപമാണെന്നും ചൂണ്ടിക്കാട്ടിയാണ് മഹിളാ മോര്‍ച്ച നിയമനടപടികളുമായി മുന്നോട്ടുപോയത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും വീഡിയോ ദൃശ്യങ്ങളും പൊലീസ് കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News