Enter your Email Address to subscribe to our newsletters

Thrissur, 20 ഓഗസ്റ്റ് (H.S.)
ഓണക്കാലത്ത് തൃശൂരില്‍ അരങ്ങേറുന്ന പുലിക്കളിക്കെതിരെ നടന്‍ വി.കെ ശ്രീരാമന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശ്രീരാമന്റെ പ്രതികരണം. കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം എന്നാണ് പുലിക്കളിലെ നടന്‍ വിശേഷിപ്പിച്ചത്. പുരുഷന്മാര്‍ക്കു മാറും വയറും വളരുന്നതു രൂപ വൈകൃതമാണെന്നും കലയ്ക്കുവേണ്ടി വൈകൃതത്തെ ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് വി.കെ. ശ്രീരാമന്‍ കുറിച്ചു്. ഇതുപോലൊരു കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ല. ഈ കുംഭകുലുക്കിക്കളിയെ ശാര്‍ദൂലവിക്രീഡിതം എന്നാണു പറയുന്നതെന്നും ശ്രീരാമന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പരിഹസിച്ചു.
ശ്രീരാമന്റെ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. പുലിക്കളി സംഘങ്ങള്‍ ശ്രീരാമനെതിരെ രംഗത്തെത്തി. പുലികളി പലര്‍ക്കും ജീവിതമാര്‍ഗമാണെന്നും സിനിമയില്‍ കഥാപാത്രത്തിനു വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം എന്നുമെല്ലാം കമന്റായി വിമര്‍ശകര്‍ അഭിപ്രായം രേഖപ്പെടുത്തി.
തൃശ്ശൂരിന്റെ ജനകീയവും പാരമ്പര്യപരവുമായ ആഘോഷമായ പുലിക്കളിയെ അധിക്ഷേപിക്കുന്ന തരത്തില്‍ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് ബിജെപി വിമര്‍ശിച്ചു. തലമുറകളായി തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശ്ശൂര്‍ ജനതയുടെ ആവേശവും ചേര്‍ന്നുനില്‍ക്കുന്ന നാടിന്റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല.
പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാര്‍ക്ക് പിന്തുണ നല്‍കുന്നതിനും കേന്ദ്രസര്‍ക്കാര്‍ പോലും മുന്നോട്ടുവരുന്ന ഈ ഘട്ടത്തില്‍, അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ടതാണ്. ശ്രീരാമന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യമോ ആസൂത്രിത നീക്കമോ ഉണ്ടോയെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു നാടിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അതിന്റെ കലാകാരന്മാരെയും അവഹേളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അതിനാല്‍ വി.കെ. ശ്രീരാമന്‍ തന്റെ പരാമര്‍ശം ഉടന്‍ പിന്‍വലിക്കുകയും തൃശ്ശൂര്‍ ജനതയോടും പുലിക്കളി കലാകാരന്മാരോടും പരസ്യമായി മാപ്പ് പറയുകയും വേണം. അല്ലാത്തപക്ഷം ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും, തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകത്തെ അപമാനിക്കുന്ന നിലപാടുകള്‍ക്ക് ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും ജസ്റ്റിന്‍ ജേക്കബ് മുന്നറിയിപ്പ് നല്‍കി.
---------------
Hindusthan Samachar / Sreejith S