Enter your Email Address to subscribe to our newsletters

Kozhikode, 21 ഓഗസ്റ്റ് (H.S.)
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽനിന്ന് പിടികൂടിയ 10 കോടി രൂപ വിലമതിക്കുന്ന വൻ രാസലഹരി ശേഖരത്തിന്റെ ഉറവിടം തേടി എക്സൈസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) നടത്തിയത് സമാനതകളില്ലാത്ത സാഹസിക അന്വേഷണം. ലഹരി ശൃംഖലയുടെ വേരറുക്കാൻ സർക്കാർ വാഹനത്തിൽ 17 സംസ്ഥാന അതിർത്തികളിലൂടെ 15,000 കിലോമീറ്ററിലധികം ദൂരമാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. 116 ദിവസം നീണ്ടുനിന്ന അതികഠിനമായ അന്വേഷണത്തിനൊടുവിൽ കേരളത്തിന് പുറത്തുനിന്നടക്കം 9 പ്രധാന പ്രതികളെയാണ് എക്സൈസ് സംഘം വലയിലാക്കിയത്.
നഗരത്തിൽ നിന്ന് പിടികൂടിയ എംഡിഎംഎ അടക്കമുള്ള രാസലഹരിയുടെ ഉറവിടം തേടി തുടങ്ങിയ അന്വേഷണം രാജ്യത്തെ വൻകിട ലഹരി ശൃംഖലകളിലേക്കാണ് എക്സൈസിനെ എത്തിച്ചത്. കേരളത്തിന് പുറമേ പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്ടിലെ തെങ്കാശി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു സംഘത്തിന്റെ റെയ്ഡ്. ഓരോ സംസ്ഥാനത്തും പ്രാദേശിക ലഹരി മാഫിയകളുടെ ഒളിത്താവളങ്ങൾ കണ്ടെത്തി അതിവിദഗ്ദ്ധമായാണ് പ്രതികളെ ഓരോരുത്തരെയായി പിടികൂടിയത്.
ദുരിതം നിറഞ്ഞ 116 ദിവസങ്ങൾ
വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രണ്ടംഗ സംഘങ്ങളായി തിരിഞ്ഞാണ് കൊടും തണുപ്പും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ ഇതര സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയത്. പോയ വഴികളിലെല്ലാം വലിയ പ്രതിസന്ധികളും അപകടങ്ങളുമാണ് സംഘത്തെ കാത്തിരുന്നത്. അന്വേഷണത്തിനിടയിൽ വാഹനം അപകടത്തിൽപ്പെടുകയും പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം പോലും ലഭിക്കാതിരിക്കുകയും ചെയ്തു.
ഹോട്ടലുകളിലോ ലോഡ്ജുകളിലോ മുറിയെടുത്ത് താമസിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സർക്കാർ വാഹനത്തിൽ തന്നെയാണ് ഉദ്യോഗസ്ഥർ രാത്രികളിൽ കിടന്നുറങ്ങിയത്. പ്രാദേശിക ഭാഷയോ ഭൂപ്രകൃതിയോ വശമില്ലാത്ത ഉൾഗ്രാമങ്ങളിൽ ലഹരി മാഫിയയുടെ ഭീഷണികൾക്കിടയിലായിരുന്നു ഓരോ നീക്കവും.
വലയിലായത് 9 പ്രതികൾ
തുടർച്ചയായ 116 ദിവസത്തെ സാഹസിക അന്വേഷണത്തിനൊടുവിൽ ലഹരി നിർമ്മാണത്തിലും വിതരണത്തിലും മുഖ്യപങ്കുവഹിച്ച അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ 9 പേരെയാണ് സംഘം വിജയകരമായി പിടികൂടിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണികളെ പൂട്ടാൻ ഈ ഓപ്പറേഷനിലൂടെ സാധിച്ചു.
ലഹരി മാഫിയക്കെതിരെ കേരള എക്സൈസ് വകുപ്പ് നടത്തിയ ഏറ്റവും വലിയ അന്തർസംസ്ഥാന ഓപ്പറേഷനുകളിലൊന്നായി ഈ അന്വേഷണം മാറി. സ്വന്തം ജീവൻ പോലും പണയം വെച്ച് ലഹരി ശൃംഖലയെ തകർത്ത എക്സൈസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്.
---------------
Hindusthan Samachar / Roshith K