Enter your Email Address to subscribe to our newsletters

New delhi, 21 ഓഗസ്റ്റ് (H.S.)
ന്യൂഡല്‍ഹി: സിവില്‍ ജഡ്ജി തസ്തികയിലേക്ക് നേരിട്ട് നിയമനം നേടുന്നതിനുള്ള യോഗതയില്‍ ഇളവ് വരുത്തി സുപ്രീം കോടതി. നിയമനത്തിനുള്ള അഭിഭാഷകവൃത്തിയിലെ പരിചയത്തിലാണ് ഇളവ് വരുത്തിയത്. നേരത്തെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് വേണ്ടിയിരുന്നത്. എന്നാല്‍ അത് ഒരു വര്‍ഷമായി കുറച്ചു. സുപ്രീം കോടതി.
ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തീവ്രപരിശീലനവും തുടര്‍ന്ന് ഒരു വര്‍ഷത്തെ ലോ ക്ലര്‍ക്ക്ഷിപ്പും നിര്‍ബന്ധമാക്കി. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട സുപ്രധാന കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ ആദ്യം ബന്ധപ്പെട്ട സംസ്ഥാനത്തെ ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ തീവ്രപരിശീലനം നേടണം. തുടര്‍ന്ന് ഒരു വര്‍ഷത്തെ ലോ ക്ലര്‍ക്ക്ഷിപ്പ് പൂര്‍ത്തിയാക്കണം. ഇതില്‍ ആദ്യ ആറുമാസം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെയോ ഹൈയര്‍ ജുഡീഷ്യല്‍ സര്‍വീസിലെ അംഗങ്ങളുടെയോ കീഴില്‍ ആയിരിക്കും. അടുത്ത ആറു മാസം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ കീഴിലായിരിക്കും ക്ലര്‍ക്ക്ഷിപ്പ്.
മൂന്ന് വര്‍ഷത്തെ നിയമപരിചയമെന്ന മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്ന വ്യവസ്ഥയിലെ ബാക്കി രണ്ട് വര്‍ഷത്തിന് പകരമായാണ് പരിശീലനവും ക്ലര്‍ക്ക്ഷിപ്പും കണക്കാക്കുക. 2025 മേയ് 20 മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അപേക്ഷിക്കുന്നവര്‍ക്ക് അഭിഭാഷക വൃത്തിയില്‍ പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം ഒരു വര്‍ഷത്തേക്ക് ട്രെയിനി ജുഡീഷ്യല്‍ ഓഫീസര്‍മാരായി മാത്രമേ നിയമിക്കൂ. തുടര്‍ന്ന് ഒരു വര്‍ഷത്തെ ക്ലര്‍ക്ക്ഷിപ്പും പൂര്‍ത്തിയാക്കണം.
മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് വ്യവസ്ഥ പെട്ടെന്ന് പുനഃസ്ഥാപിച്ചതും മതിയായ മാറ്റക്കാലം അനുവദിക്കാതിരുന്നതും യുവ അഭിഭാഷകര്‍ക്കും നിയമബിരുദധാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.
---------------
Hindusthan Samachar / Sreejith S