മുത്തങ്ങ വധശ്രമക്കേസ്: നാലു പ്രതികളുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി.
Ernakulam , 21 ഓഗസ്റ്റ് (H.S.) മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. പ്രതികൾക്ക് കർശന വ്യവസ്ഥകളോടെ കോടതി ജ
MUTHANGA AGITATION CASE


Ernakulam , 21 ഓഗസ്റ്റ് (H.S.)

മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. പ്രതികൾക്ക് കർശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു.

കൽപറ്റ സെഷൻസ് കോടതി വിധിച്ച അഞ്ചു വർഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് താത്കാലികമായി മരവിപ്പിച്ചത്. എം. ഗീതാനന്ദന് പുറമെ ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ട ബിനു, രമേശൻ, അനിൽ കുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തരും 46,000 രൂപ വീതം പിഴത്തുക കോടതിയിൽ കെട്ടിവയ്ക്കണം. കൂടാതെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ആൾജാമ്യം നൽകണമെന്നും വ്യവസ്ഥയുണ്ട്. വിചാരണ കോടതി നൽകിയ അഞ്ചു വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഉപഹർജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.

വിചാരണ കോടതി വിധിയിൽ പിഴവെന്ന് ഹൈക്കോടതി

കൽപറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഗൂഢാലോചന സംബന്ധിച്ച് പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമ വിധിയിൽ എങ്ങനെയാണ് വിചാരണ കോടതിക്ക് പറയാനാകുക എന്ന് ഹൈക്കോടതി വാദത്തിനിടെ ചോദ്യമുന്നയിച്ചു.

ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. വിധിയുടെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി സിബിഐയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടിസ് അയച്ചു. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കേസിൽ സിബിഐ അന്വേഷണ സംഘത്തിനെതിരെ വിചാരണ കോടതി ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് സിബിഐയും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്താണ് മുത്തങ്ങ സമരം?

കേരളത്തെ പിടിച്ചുകുലുക്കിയ ആദിവാസി ഭൂസമരങ്ങളിൽ ഒന്നാണ് 2003ലെ മുത്തങ്ങ സമരം. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സി.കെ ജാനു, എം. ഗീതാനന്ദൻ എന്നിവരാണ് സമരം നയിച്ചത്. 2003 ഫെബ്രുവരി 19ന് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി സമരം ചെയ്ത ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസും വനംവകുപ്പും ശ്രമിച്ചതോടെയാണ് വലിയ സംഘർഷമുണ്ടായത്.

പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജോഗി എന്ന ആദിവാസിയും വിനോദ് എന്ന പൊലീസ് കോൺസ്റ്റബിളും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെയും വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരനെയും തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാലു പേർക്ക് കൽപറ്റ കോടതി അഞ്ചു വർഷം തടവുശിക്ഷ വിധിച്ചത്. എന്നാൽ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ ഗീതാനന്ദൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

ഈ കേസിൽ 57 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ വിചാരണ നേരിട്ട മുഴുവൻ പേരെയും കോടതി വെറുതെ വിട്ടു. വിചാരണ കാലയളവിൽ 15 പേർ മരണപ്പെടുകയും ചെയ്തു. നീണ്ട 23 വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ മാസം കൽപറ്റ കോടതി ഈ കേസുകളിൽ വിധി പറഞ്ഞത്. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News