Enter your Email Address to subscribe to our newsletters

Thiruvanathapuram, 21 ഓഗസ്റ്റ് (H.S.)
ആലപ്പുഴയിൽ കുടുംബശ്രീ സംസ്ഥാന ഓണം വിപണന മേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ അറിയിച്ചു.
ആഗസ്റ്റ് 20 ന് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ഓണം വിപണന മേളയുടെ ഉദ്ഘാടന വേദിയിലേക്ക് എത്തിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കായി വഴിയിൽ പ്രത്യേകം മാറ്റ് വിരിച്ചു' എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. മാധ്യമങ്ങളിൽ വന്ന വാര്‍ത്ത പൂര്‍ണമായും വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്.
രാവിലെ 10.30-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി കൃത്യ സമയത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം റോഡില്‍ നിന്നും എല്ലാവരും നടക്കുന്ന അതേ വഴിയിലൂടെ തന്നെയാണ് മന്ത്രിയും ജി. സുധാകരൻ എം.എൽ എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടന വേദിയിലേക്ക് പ്രവേശിച്ചത്. മന്ത്രിയുടെ വരവിനും ഉദ്ഘാടന ചടങ്ങിനുമിടയില്‍ അനാവശ്യമായ കാത്തിരിക്കലോ വൈകിപ്പിക്കലോ ഉണ്ടായിട്ടില്ല. മന്ത്രിക്കായി പ്രത്യേക വഴിയും ഒരുക്കിയില്ല. പരിപാടി നടന്ന വേദിയിൽ രാവിലെ മഴ പെയ്തിരുന്നു. മഴ തോർന്നതിനുശേഷമാണ് മാറ്റ് വിരിക്കുകയും അവശേഷിച്ച ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തത്. ഇതിനെ വളച്ചൊടിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്.
ഏകദേശം 2500-ഓളം കുടുംബശ്രീ അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിപുലമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയുടെ സമയക്രമവും സംഘാടനവും സംബന്ധിച്ച വ്യക്തമായ രേഖകളും ഡിജിറ്റല്‍ തെളിവുകളും കുടുംബശ്രീയുടെ പക്കലുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാതെ വാർത്ത നൽകുന്നത് അഭിലഷണീയമല്ലെന്നും കുടുംബശ്രീ സംസ്ഥാന മിഷൻ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S