കൊച്ചി മെട്രോയുടെ പേരുമാറ്റത്തിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി
Ernakulam , 21 ഓഗസ്റ്റ് (H.S.) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് മാറ്റാനുള്ള നീക്കത്തിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. പേരുമാറ്റം നിലവിൽ സർക്കാരിൻ്റെ പരിഗണനയിലില്ലെന്നും സർക്കാരിനോട് ആലോചിക്കാത
V D Satheeshan


Ernakulam , 21 ഓഗസ്റ്റ് (H.S.)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് മാറ്റാനുള്ള നീക്കത്തിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. പേരുമാറ്റം നിലവിൽ സർക്കാരിൻ്റെ പരിഗണനയിലില്ലെന്നും സർക്കാരിനോട് ആലോചിക്കാതെ വാർത്ത നൽകിയ കൊച്ചി മെട്രോയുടെ നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാരിന് ശിപാർശ നൽകിയിരുന്നു. കൊച്ചി മെട്രോയ്ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ ഏറ്റെടുത്ത് നടത്തുന്നതിനാലാണ് പുതിയ പേര് നിർദേശിച്ചത്.

നാഗ്പൂർ മെട്രോ മഹാരാഷ്ട്ര മെട്രോ ആയും ലഖ്നൗ മെട്രോ ഉത്തർപ്രദേശ് മെട്രോ ആയും മാറ്റിയ ദേശീയ മാതൃക പിന്തുടർന്നാണ് ഈ നീക്കം നടന്നത്. സംസ്ഥാനത്തെ മുഴുവൻ നഗര ഗതാഗത സംവിധാനങ്ങളെയും ഒറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ മാറ്റമെന്ന് കെഎംആർഎൽ എംഡി വ്യക്തമാക്കിയിരുന്നു. പേരുമാറ്റം നിലവിലെ സ്വത്തുക്കളെയോ ജീവനക്കാരെയോ ബാധിക്കില്ലെന്നും ബ്രാൻഡിങ് ചെലവുകൾ കമ്പനി സ്വന്തം ബജറ്റിൽനിന്ന് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഓണം സമൃദ്ധമാക്കും

സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധിയുള്ള കാലമാണെങ്കിലും ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി ക്ഷേമ പെൻഷനുകൾ നേരത്തെ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സാധാരണക്കാർക്ക് പരമാവധി ആശ്വാസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സപ്ലൈകോ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി വിപണിയിൽ ആവശ്യമായ ഇടപെടലുകൾ നടത്തി വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണങ്ങളിൽ പ്രതികരിക്കാനില്ല

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെയുള്ള അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അതിൽ അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്നും അക്കാര്യത്തിൽ ബന്ധപ്പെട്ട ആളുകൾ പ്രതികരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം പറയുന്നത് ഒന്നാണെങ്കിലും ചെയ്യുന്നത് വേറൊന്നാണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പുനർജനി പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ പദ്ധതിയിൽ ഒരു ക്രമക്കേടുമില്ലെന്ന് മുൻ സർക്കാരിൻ്റെ കാലത്ത് തന്നെ കണ്ടെത്തിയതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഏത് ഏജൻസി അന്വേഷിച്ചാലും ക്ലീൻ ചിറ്റ് കിട്ടുമെന്ന് താൻ മുൻപും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെസ്സിയുടെ കേരള സന്ദർശനം

അർജൻ്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പിൻ്റെ റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കായികപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷയമാണിത്. വൈകാതെ തുടർനടപടികളും ഏത് തരത്തിലുള്ള അന്വേഷണമാണെന്നും അറിയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News