അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ജിഎസ്ടി വെട്ടിപ്പിൽ മുൻ സർക്കാരിലെ ഉന്നതർക്കും പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്
Thiruvananthapuram , 21 ഓഗസ്റ്റ് (H.S.) അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ജിഎസ്ടി വെട്ടിപ്പിൽ മുൻ സർക്കാരിലെ ഉന്നതർക്കും പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) റിപ്പോർട്ട്. രണ്ടാം പിണറായി സർക്കാരിൽ പ്രധാന പദവികൾ
Messi


Thiruvananthapuram , 21 ഓഗസ്റ്റ് (H.S.)

അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ജിഎസ്ടി വെട്ടിപ്പിൽ മുൻ സർക്കാരിലെ ഉന്നതർക്കും പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) റിപ്പോർട്ട്. രണ്ടാം പിണറായി സർക്കാരിൽ പ്രധാന പദവികൾ വഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കൾക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. അന്വേഷണ സംഘം ഈ റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി.

ലയണൽ മെസി ഉൾപ്പെടുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് വൻ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ ചാർജ് മെമ്മോ നൽകിയിരുന്നു. ഇതിന് പുറമെയാണ് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എസ്ഐടി ഇപ്പോൾ ശുപാർശ നൽകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സ്പോൺസർഷിപ്പ് ഇടപാടുകൾ നടന്ന ഈ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ഭീമമായ നികുതിയാണ് നഷ്ടപ്പെട്ടത്.

ഉദ്യോഗസ്ഥനെതിരായ പ്രതികാര നടപടിജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയ ഇൻ്റലിജൻസ് ഓഫിസർ രത്നാകരനെതിരെ നടന്ന പ്രതികാര നടപടികളും അന്വേഷണ പരിധിയിലുണ്ട്. താൻ കണ്ടെത്തിയ ഗുരുതരമായ നികുതി വെട്ടിപ്പും മറ്റ് വിവരങ്ങളും അടങ്ങിയ വിശദമായ ഇൻ്റലിജൻസ് റിപ്പോർട്ട് രത്നാകരൻ കോഴിക്കോട് സോണിലെ ജോയിൻ്റ് കമ്മിഷണർക്ക് കൈമാറിയിരുന്നു. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ നാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൽ തുടർനടപടി എടുക്കുന്നതിന് പകരം, കാസർകോട് സ്വദേശിയായ രത്നാകരനെ ദൂരസ്ഥലമായ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. ഇതിന് പിന്നിൽ നടന്ന ഉന്നതതല ഇടപെടലുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. രത്നാകരൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കുറിപ്പ്ഇതിനിടെ, കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജൻ്റീന ടീം സമ്മതിച്ചെന്ന തരത്തിൽ മുൻ കായിക മന്ത്രിയുടെ ഓഫിസിൽ നിന്നും പുറപ്പെടുവിച്ച കുറിപ്പും പുറത്തുവന്നിട്ടുണ്ട്. അർജൻ്റീന ടീമിൻ്റെ ഭാഗത്തുനിന്നും തങ്ങളുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം അറിയിക്കുന്നതിന് മുൻപായിരുന്നു ഈ ഉറപ്പ് നൽകൽ. 2024 ഫെബ്രുവരി രണ്ടിന് മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുള്ള കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പിന് നൽകിയ ഈ കുറിപ്പിൻ്റെ ചുവടുപിടിച്ചാണ് മന്ത്രിയും സംഘവും ടീമിനെ ക്ഷണിക്കാനെന്ന പേരിൽ സ്പെയിൻ സന്ദർശിച്ചതും പദ്ധതിക്ക് സ്പോൺസറെ കണ്ടെത്തിയതെന്നും പറയപ്പെടുന്നു.

സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിനെന്ന പേരിൽ കൊണ്ടുവന്ന പദ്ധതിയുടെ മറവിൽ നടന്ന ഈ നികുതി വെട്ടിപ്പ് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചേക്കാം. ഫുട്ബോൾ ആരാധകരുടെ വികാരം മുതലെടുത്ത് നടന്ന ഈ വൻകിട പദ്ധതിയുടെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ ചുരുളഴിക്കുന്നതാണ് പുതിയ എസ്ഐടി റിപ്പോർട്ട്. മുഖ്യമന്ത്രി വി.ഡി സതീശന് ലഭിച്ച റിപ്പോർട്ടിൽ തുടർനടപടികൾ വേഗത്തിലുണ്ടാകുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News