Enter your Email Address to subscribe to our newsletters

Kasaragod , 21 ഓഗസ്റ്റ് (H.S.)
മഴക്കാലമെത്തുന്നതോടെ രോഗങ്ങൾ പരത്തി ചോര കുടിക്കാൻ എത്തുന്ന കൊതുകുകളുടെ പേടിസ്വപ്നത്തിനിടയിലേക്ക് ഇതാ വേറിട്ടൊരു കൂട്ടം! നമ്മളെ കടിച്ച് ചോര കുടിക്കാത്ത, രോഗങ്ങൾ പരത്താത്ത ഒരു 'പാവം' കൊതുക് വിഭാഗം നമുക്കിടയിലുണ്ട്; 'മലയ' വിഭാഗത്തിൽപ്പെട്ട കൊതുകുകൾ.
കാസർകോട് വലിയപറമ്പ് പഞ്ചായത്തിലെ പടന്നക്കടപ്പുറത്ത് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ എൻഡമോളജി ടീം നടത്തിയ സർവേയിലാണ് 'മലയ ജെന്യുറോസ്ട്രിസ്' എന്ന അപൂർവ ഇനം കൊതുകുകളെ കണ്ടെത്തിയത്. മനുഷ്യർക്ക് യാതൊരുവിധ ഉപദ്രവവും ഉണ്ടാക്കാത്ത, കാഴ്ചയിൽ ആകർഷകമായ ഈ കൊതുകുകൾ പക്ഷേ ഉറുമ്പുകള്ക്കൊരു ഉപദ്രവകാരിയാണ്.
വെള്ളി, വയലറ്റ്, ഇളംനീല നിറത്തിൽ മിനുമിനുത്ത ശൽക്കങ്ങളോടുകൂടിയതാണ് ഈ കൊതുകുകൾ. ജില്ലാ മലേറിയ ഓഫിസർ കെ വി ഗീരീഷ്, ബയോളജിസ്റ്റ് പ്രസൻലാൽ, ഹെൽത്ത് സൂപ്പർവൈസർ വി വി സുരേഷ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ്, ഇൻസെക്ട് കലക്ടർമാരായ എച്ച് ലത, പി വി മനോജ്കുമാർ, സി അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. സാധാരണ കൊതുകുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവയുടെ ജീവിതമെന്ന് ഗവേഷകർ പറയുന്നു.
ഉറുമ്പുകൾ ശേഖരിച്ച മധുരമുള്ള ദ്രാവകം അതിൻ്റെ വായയിൽ നിന്ന് ചോർത്തിയെടുത്ത് ഭക്ഷിക്കും. 'ക്രിമാറ്റോഗാസ്റ്റർ' വിഭാഗത്തിൽപ്പെടുന്ന (പിൻഭാഗം മുകളിലേക്കുയർത്തി നടക്കുന്ന) ഉറുമ്പുകളുടെ പക്കൽ നിന്നാണ് ഭക്ഷണം തട്ടിയെടുക്കുക. സാധാരണ കൊതുകുകളുടേതു പോലെ നേരേ നീണ്ടതല്ല ഇവയുടെ കൊമ്പ്. അഗ്രഭാഗം വീർത്തതും മുകളിലേക്ക് വളഞ്ഞുമാണ് ഘടന. തുമ്പിക്കൈയുടെ അറ്റത്തെ പ്രത്യേക ഭാഗം കൊണ്ടാണ് ഉറുമ്പുകളിൽ നിന്ന് ഭക്ഷണം ചോർത്തുക. മരപ്പൊത്തുകളിലും മുളയുടെ സുഷിരങ്ങളിലും ഇലകളുടെ ഇടയിലും തങ്ങിയ വെള്ളത്തിലാണ് മുട്ടയിട്ട് വളരുക.
1908ൽ ഇംഗ്ലീഷുകാരനായ ഡോ. ഡാനിയേൽസ് മലേഷ്യയിലെ ബംഗ്ലാവിൽ ഒരു കൊതുകിനെ കാണുന്നു. കുപ്പിയിലാക്കി തൻ്റെ സുഹൃത്തും ഗവേഷകനുമായ ഡോ. ജി എഫ് ലൈസസ്റ്റർക്ക് കൈമാറി. ആ പുതിയ ഇനം കൊതുകിന് മലയ ജെനുറോസ്ട്രിസ് എന്ന് പേരിട്ടു. പിൽക്കാലത്ത് മലയ ജീനസിൽപ്പെടുന്ന പതിനൊന്ന് സ്പീഷിസുകൾ കൂടി കണ്ടെത്തി. 1938 ലാണ് കേരളത്തിൽ ഇവയെ കണ്ടെത്തിയതെന്ന്റിട്ട. സുവോളജി പ്രൊഫസർ ഡോ. പി കെ സുമോദൻ പറഞ്ഞു.
ഇവയുടെ സവിശേഷതകളും ജീവിതരീതിയും
- മനുഷ്യരെ കടിക്കാറില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ കൊതുകുകൾ മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ കടിച്ച് ചോര കുടിക്കാറില്ല. അതിനാൽ തന്നെ ഇവ മനുഷ്യരിൽ രോഗങ്ങൾ പരത്തുന്നതുമില്ലെന്നാണ് കണ്ടെത്തൽ.
- ഉറുമ്പുകളുമായുള്ള വിചിത്രമായ ബന്ധം, ഇവയുടെ പ്രധാന ആഹാരരീതി വളരെ കൗതുകകരമാണ്. മരങ്ങളിലും മറ്റും കാണുന്ന ചില പ്രത്യേകതരം ഉറുമ്പുകളുടെ (ഉദാഹരണത്തിന് ക്രിമാറ്റോഗാസ്റ്റർ ജനുസ്സിൽപെട്ടവ) വായയിൽ നിന്ന് ഇവ ആഹാരം അപഹരിക്കാറാണ് പതിവ്. ഉറുമ്പുകൾ ശേഖരിച്ചുവയ്ക്കുന്ന മധുരമുള്ള ദ്രാവകം ഉറുമ്പിൻ്റെ മുന്നിൽ വന്ന് വായയോട് ചേർത്ത് ഈ കൊതുകുകൾ ചോർത്തിയെടുക്കുന്നു. ഈ ഒരു പ്രത്യേകത കാരണം ഇവയെ പലപ്പോഴും 'ആൻ്റ് അസോസിയേറ്റഡ് മൊസ്കിറ്റോസ്' (Ant-associated mosquitoes) എന്നും വിളിക്കാറുണ്ട്.
- ശാരീരിക ഘടന - ഇവയുടെ കൊമ്പ് സാധാരണ കൊതുകുകളുടേത് പോലെ നേരെ നീണ്ടതല്ല. മറിച്ച്, അഗ്രഭാഗം അല്പം വീർത്തതും മുകളിലേയ്ക്ക് വളഞ്ഞതുമാണ് (കൊമ്പിൻ്റെ അറ്റത്ത് പ്രത്യേക ഭാഗമുണ്ട്, ഇത് ഉറുമ്പുകളിൽ നിന്ന് ദ്രാവകം വലിച്ചെടുത്തു കുടിക്കാൻ സഹായിക്കുന്നു). വലിപ്പത്തിൽ വളരെ ചെറിയ ഇനമാണിവ. ഇവ വിശ്രമിക്കുമ്പോഴോ അല്ലെങ്കിൽ സാധാരണ നിലയിലോ ഈ കൊമ്പ് (പ്രൊബസിസ്) തലയോട് ചേർത്ത് താഴേക്ക് മടക്കി വയ്ക്കാറുണ്ട്.
- പ്രജനന കേന്ദ്രങ്ങൾ - സാധാരണയായി മരപ്പൊത്തുകൾ, മുളങ്കാടുകളിലെ ചെറിയ സുഷിരങ്ങൾ, വലിയ ഇലകളുടെ ഇടയിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയിലാണ് ഇവ മുട്ടയിട്ട് വളരുന്നത്. കടലോര പ്രദേശങ്ങളിലെ സസ്യജാലങ്ങൾക്കിടയിലും ഇവയ്ക്ക് അനുയോജ്യമായ പ്രജനന സാഹചര്യങ്ങൾ ഉണ്ടാകാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR