Enter your Email Address to subscribe to our newsletters

Pathanamthitta , 21 ഓഗസ്റ്റ് (H.S.)
ശബരിമല നിലയ്ക്കലില് കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളൊന്നുമില്ല ഹെലികോപ്റ്റര് പറത്തിയ സംഭവത്തില് വിശദീകരണവുമായി വ്യോമസേന. പ്രകൃതിദുരന്ത രക്ഷാപ്രവർത്തനങ്ങളുടെ മുൻകരുതലിൻ്റെ ഭാഗമായുള്ള പരീക്ഷണ പറക്കലായിരുന്നു നടന്നതെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. കൊല്ലം ജടായുപ്പാറ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് വ്യോമസേനയുടെ ഹെലികോപ്റ്റര് പറത്തിയത്.
അതീവ സുരക്ഷാ മേഖലയായ ശബരിമല നിലയ്ക്കലിൽ ഇന്നലെയാണ് ഇന്ത്യൻ വ്യോമസേനയുടെ (IAF) മുന്നറിയിപ്പുകളൊന്നുമില്ലാതെ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. സംഭവം സുരക്ഷാ ഉദ്യോഗസ്ഥരിലും പ്രദേശവാസികളിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വ്യോമസേനാ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് തൊട്ടുമുകളിലെത്തിയത്. ഹെലിപ്പാഡിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു സ്ഥലത്തുണ്ടായിരുന്നവർ. എന്നാൽ ഏകദേശം 10 സെക്കന്ഡ് അന്തരീക്ഷത്തിൽ തന്നെ നിലയുറപ്പിച്ച ശേഷം ലാൻഡ് ചെയ്യാതെ ഹെലികോപ്റ്റർ മടങ്ങുകയായിരുന്നു.
സുരക്ഷാ ആശങ്കയും വ്യോമസേനയുടെ വിശദീകരണവും
ഹെലികോപ്റ്ററിൻ്റെ വരവിനെക്കുറിച്ചോ വേഗത്തില് തിരികെ പോയ സാഹചര്യത്തെക്കുറിച്ചോ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെ നിരീക്ഷണ പറക്കലാണോ അതോ സുരക്ഷാ പരിശോധനയുടെ ഭാഗമാണോ എന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന വിശദീകരണവുമായി എത്തിയിരിക്കുന്നത്. കൊല്ലം ജടായുപ്പാറ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് വ്യോമസേന നിരീക്ഷണം നടത്തിയത്. എടിഎസിൽ (ATS) നിന്ന് പൊലീസിന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം പിന്നീട് ലഭിക്കുകയും ചെയ്തു.
അന്വേഷണം ആരംഭിച്ച് പൊലീസ്; മുൻപും ആവർത്തിച്ച സംഭവം
മുന്നറിയിപ്പില്ലാതെ ഹെലികോപ്റ്റര് പറത്തിയ സാഹചര്യത്തെക്കുറിച്ച് കേരള പൊലീസ് വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു വ്യക്തമാക്കാൻ പമ്പ പൊലീസിന് നിർദ്ദേശം നൽകി. വ്യോമസേനയ്ക്ക് പരീക്ഷണ പറക്കൽ നടത്താൻ പൊലീസിൻ്റെ മുൻകൂർ അനുമതി ആവശ്യമില്ലെങ്കിലും, ലാൻഡ് ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമാണ് അനുമതി തേടേണ്ടത്. കഴിഞ്ഞ ഏപ്രിലിലും കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്നുപറന്നത് വലിയ വാർത്തയായിരുന്നു. അന്ന് മോശം കാലാവസ്ഥ കാരണമാണ് താഴ്ന്ന് പറക്കേണ്ടി വന്നതെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കുകയും സംഭവത്തിൽ പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ശബരിമല പോലെയുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ വ്യോമസേന നടത്തുന്ന മുൻകരുതൽ പരീക്ഷണ പറക്കലുകൾ സ്വാഭാവികമാണെങ്കിലും മുൻകൂട്ടിയുള്ള സന്ദേശങ്ങളിലെ വിടവ് വൻ സുരക്ഷാ വീഴ്ചയും ജനങ്ങളിൽ ആശങ്കയും സൃഷ്ടിക്കാൻ ഇടയാക്കും. ഭാവിയിൽ ഇത്തരം അടിയന്തര ട്രയൽ ഫ്ലൈറ്റുകൾ സംഘടിപ്പിക്കുമ്പോൾ പൊലീസുമായും പ്രാദേശിക ഭരണകൂടവുമായും കൃത്യമായ ഏകോപനം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR