Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 ഓഗസ്റ്റ് (H.S.)
ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ജനങ്ങൾക്ക് ന്യായവിലയിൽ കാർഷിക ഉത്പന്നങ്ങളും ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 2000 ഓണവിപണികൾ ഒരുങ്ങുന്നു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഓണസമൃദ്ധി കർഷക ചന്തകൾ എന്ന പേരിലാണ് വിപണികൾ സംഘടിപ്പിക്കുന്നത്. കർഷകന് മികച്ച വില ഉപയോക്താവിന് ന്യായവില എന്ന സന്ദേശമുയർത്തിയാണ് കൃഷിഭവനുകൾ, വിഎഫ്പിസികെ, ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ഇടനിലക്കാരില്ലാതെ സംഭരണം
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊതുവിപണിയിലെ മൊത്തവിലയേക്കാൾ 10 ശതമാനം അധികവില നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇത് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കും.
ജൈവ ഉത്പന്നങ്ങൾക്ക് പ്രത്യേക വില ആനുകൂല്യവും ഉറപ്പാക്കിയിട്ടുണ്ട്. ഓണക്കാലത്ത് പച്ചക്കറികൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും പൊതുവിപണിയിൽ വലിയ തോതിൽ വില വർധിക്കാറുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എല്ലാ വർഷവും വിപുലമായ രീതിയിൽ കർഷക ചന്തകൾ ഒരുക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറയുന്ന സാഹചര്യത്തിൽ പ്രാദേശിക കർഷകർക്ക് ഈ വിപണികൾ വലിയ ആശ്വാസമാകും. വിഷരഹിതമായ പച്ചക്കറികൾ മിതമായ നിരക്കിൽ ലഭ്യമാകുന്നതിനാൽ സാധാരണക്കാർക്കും ഇത് ഏറെ പ്രയോജനകരമാണ്.
ഡിജിറ്റൽ സംവിധാനവും പണമിടപാടും
കർഷക ചന്തകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ഇത്തവണ കൃഷിവകുപ്പ് സംയോജിത ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ വിവരങ്ങളും വിപണനവുമായി ബന്ധപ്പെട്ട കണക്കുകളും തത്സമയം രേഖപ്പെടുത്താനും നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. ഉത്പന്നങ്ങളുടെ വിലയായി കർഷകർക്ക് ലഭിക്കേണ്ട തുക ഡിബിടി സംവിധാനത്തിലൂടെ കാലതാമസമില്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കും. ഓരോ വിപണിയിലെയും സംഭരണം, വിപണനം, പണമിടപാട് എന്നിവ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഏകോപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിപണികളുടെ വിന്യാസംഈ വർഷം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും പ്രവർത്തിക്കും. ആകെ 2000 വിപണികളിൽ 1074 എണ്ണം കൃഷിവകുപ്പും 160 എണ്ണം വിഎഫ്പിസികെയും 766 എണ്ണം ഹോർട്ടികോർപ്പുമാണ് സംഘടിപ്പിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ, ഇക്കോഷോപ്പുകൾ, ക്ലസ്റ്ററുകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപണികൾ പ്രവർത്തിക്കുക. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം പച്ചക്കറികൾക്കൊപ്പം മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, തേൻ, മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾ, കേരള ഗ്രോ ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവയും ഇവിടെ ലഭ്യമാകും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വിപണികളുടെ പ്രവർത്തനം.
സംസ്ഥാനതല ഉദ്ഘാടനംഓണസമൃദ്ധി കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10.30ന് കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിൽ നടക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം മേയർ വി വി രാജേഷ്, തിരുവനന്തപുരം എം പി ശശി തരൂർ, തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR