കേന്ദ്ര സർക്കാരിൻ്റെ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കേരളത്തിൽ വൻ മുന്നേറ്റം.
Thiruvananthapuram, 21 ഓഗസ്റ്റ് (H.S.) കേന്ദ്ര സർക്കാരിൻ്റെ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കേരളത്തിൽ വൻ മുന്നേറ്റം. പദ്ധതി ആരംഭിച്ച് ഇതുവരെ സംസ്ഥാനത്ത് രണ്ടര ലക്ഷത്തിലധികം ഉപഭോക്താക്കൾക്കായി രണ്ടായിരത്തിലധികം കോടി രൂപ സബ്സിഡി ഇനത്തിൽ വിതരണം
Solar panal installation


Thiruvananthapuram, 21 ഓഗസ്റ്റ് (H.S.)

കേന്ദ്ര സർക്കാരിൻ്റെ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കേരളത്തിൽ വൻ മുന്നേറ്റം. പദ്ധതി ആരംഭിച്ച് ഇതുവരെ സംസ്ഥാനത്ത് രണ്ടര ലക്ഷത്തിലധികം ഉപഭോക്താക്കൾക്കായി രണ്ടായിരത്തിലധികം കോടി രൂപ സബ്സിഡി ഇനത്തിൽ വിതരണം ചെയ്തു. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് കെഎസ്ഇബിയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാനത്താകെ നാല് ലക്ഷത്തിലധികം അപേക്ഷകളാണ് പദ്ധതിക്കായി ഇതുവരെ ലഭിച്ചത്. ഇതിൽ 2,84,090 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വിജയകരമായി ഗ്രിഡുമായി ബന്ധിപ്പിച്ചു. ഇൻസ്റ്റലേഷൻ പൂർത്തിയായവരിൽ 2,67,410 പേർക്ക് ഇതിനകം കേന്ദ്ര സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭിച്ചു. ആവശ്യമായ രേഖകളും ബാങ്ക് അക്കൗണ്ട് വാലിഡേഷനും കൃത്യമായി സമർപ്പിച്ചാൽ ശരാശരി 30 ദിവസത്തിനകം സബ്സിഡി ലഭ്യമാകുന്നുണ്ട്.

മുന്നിൽ എറണാകുളം

അപേക്ഷകരുടെ എണ്ണത്തിലും സോളാർ പാനൽ സ്ഥാപിച്ചതിലും എറണാകുളം ജില്ലയാണ് ഒന്നാമത്. ഏറ്റവും കുറവ് വയനാട്ടിലാണ്. എറണാകുളത്ത് 70,345 അപേക്ഷകൾ ലഭിച്ചപ്പോൾ 48,072 സ്ഥലത്ത് പാനലുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നുണ്ട്. മുപ്പതിനായിരത്തിലധികം അപേക്ഷകൾ ലഭിച്ച അഞ്ച് ജില്ലകളാണ് പട്ടികയിലുള്ളത്. തൃശൂർ ജില്ലയിൽ 48,335 അപേക്ഷകൾ ലഭിച്ചതിൽ 34,144 ഇടങ്ങളിൽ പാനൽ സ്ഥാപിച്ചു. തിരുവനന്തപുരത്ത് 43,997 അപേക്ഷകളിൽ 30,056 എണ്ണവും കൊല്ലത്ത് 39,143 അപേക്ഷകളിൽ 25,654 എണ്ണവും പൂർത്തിയായി. ആലപ്പുഴയിൽ 37,721 അപേക്ഷകൾ ലഭിച്ചപ്പോൾ 24,914 വീടുകളിൽ പദ്ധതി നടപ്പിലാക്കി.

മലപ്പുറത്ത് 32,837 അപേക്ഷകളിൽ 22,527 ഇടത്തും കോഴിക്കോട് 28,842 അപേക്ഷകളിൽ 18,979 ഇടത്തും കണ്ണൂരിൽ 28,070 അപേക്ഷകളിൽ 19,982 ഇടത്തും സോളാർ പാനലുകൾ സ്ഥാപിച്ചു. കോട്ടയത്ത് 25,890 അപേക്ഷകളിൽ 17,801 എണ്ണവും പാലക്കാട് 24,907 അപേക്ഷകളിൽ 17,754 എണ്ണവും പൂർത്തിയായി. പത്തനംതിട്ടയിൽ 14,736 അപേക്ഷകൾ ലഭിച്ചതിൽ 10,198 ഇടത്തും കാസർകോട് 12,654 അപേക്ഷകളിൽ 9,031 ഇടത്തും ഇടുക്കിയിൽ 5,158 അപേക്ഷകളിൽ 3,303 ഇടത്തും പാനലുകൾ സ്ഥാപിച്ചു. ഏറ്റവും പിന്നിലുള്ള വയനാട്ടിൽ 2,722 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1,675 ഇടങ്ങളിൽ സോളാറിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

സബ്സിഡിയും ഉത്പാദനവും

ഒരു കിലോവാട്ടിന് 30,000, രണ്ട് കിലോവാട്ടിന് 60,000, പരമാവധി മൂന്ന് കിലോവാട്ട് വരെ 78,000 രൂപ എന്ന തോതിലാണ് കേന്ദ്ര സബ്സിഡി അനുവദിക്കുന്നത്. കെഎസ്ഇആർസി റെഗുലേഷൻ പ്രകാരം അപേക്ഷ സമർപ്പിച്ച് പത്ത് ദിവസത്തിനകം നെറ്റ് മീറ്റർ സ്ഥാപിക്കണം. സോളാർ ഉപഭോക്താക്കളിൽ നിന്ന് കെഎസ്ഇബി ഗ്രിഡിലേക്ക് അധികമായി നൽകുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 3.26 രൂപ നിരക്കിലാണ് നൽകുന്നത്.

ഈയിനത്തിൽ 2020 മുതൽ 2025 വരെയായി 1.15 കോടിയിലധികം രൂപ ഉപഭോക്താക്കൾക്ക് കൈമാറി. സംസ്ഥാനത്തെ ആകെ സോളാർ ഉത്പാദന ശേഷി 2,233.79 മെഗാവാട്ടാണ്. ഇതിൽ സിംഹഭാഗവും ഗാർഹിക മേഖലയിൽ നിന്നാണ്. കൊമേഴ്സ്യൽ മേഖലയിൽ 289.89 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് മൊത്തം 1525 അംഗീകൃത സോളാർ വെണ്ടർമാരാണുള്ളത്.

വൈദ്യുതി ഉപഭോഗംസംസ്ഥാനത്ത് സാധാരണ ദിവസങ്ങളിൽ പ്രതിദിനം ശരാശരി 85 മുതൽ 95 ദശലക്ഷം യൂണിറ്റ് വരെയാണ് വൈദ്യുതി ഉപഭോഗം. വേനൽക്കാലത്ത് എയർകണ്ടീഷണറുകളുടെ അമിത ഉപയോഗം കാരണം ഇത് പ്രതിദിനം 110 മുതൽ 117 ദശലക്ഷം യൂണിറ്റ് വരെ ഉയർന്ന് സർവകാല റെക്കോർഡിലെത്താറുണ്ട്. വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് സംസ്ഥാനത്തെ പരമാവധി വൈദ്യുതി ആവശ്യകത 5,800 മുതൽ 6,100 മെഗാവാട്ട് വരെയാണ്. സംസ്ഥാനത്തെ ആകെ ഉപഭോഗത്തിൻ്റെ എഴുപത് ശതമാനത്തിലധികവും ഗാർഹിക മേഖലയിലാണ് വിനിയോഗിക്കുന്നത്. ശേഷിക്കുന്ന ഭാഗം വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

സോളാറിലേക്ക് മാറണംസംസ്ഥാനത്ത് മഴക്കുറവ് മൂലമുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിയിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ സോളാർ ഘടിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ കൂടിയായ രാജു വാഴക്കാല ഇടിവി ഭാരതിനോട് വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം കുറയുന്നതോടെ കൂടുതൽ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും. ഇത് വൈദ്യുതി ബില്ലിൽ പ്രതിഫലിക്കാൻ ഇടയാക്കിയേക്കും.

അതുകൊണ്ട് തന്നെ വരും കാലത്ത് സോളാറിലേക്ക് തിരിയേണ്ടതായി വരും. സോളാർ വെണ്ടർമാരിൽ നിന്ന് വൈദ്യുതി ശേഖരിച്ച് അവർക്ക് മികച്ച വില നൽകാൻ സർക്കാർ തയാറാകണമെന്നും ലോഡ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വൈദ്യുതി വകുപ്പ് സാങ്കേതികവിദ്യ പരിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News