Enter your Email Address to subscribe to our newsletters

Idukki , 21 ഓഗസ്റ്റ് (H.S.)
ഓണക്കോടിയും ഓണസദ്യയും പൂക്കളങ്ങളുമൊരുക്കി മലയാളി പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഓണം വെറുമൊരു ആഘോഷമല്ലെന്നും അത് സ്നേഹത്തിൻ്റെയും കരുണയുടെയും പങ്കുവയ്ക്കലിൻ്റെയും കൂട്ടായ്മയുടെയും മഹത്തായ സന്ദേശമാണെന്നും സ്വന്തം പ്രവൃത്തിയിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ഇടുക്കിയിലെ ഒരു വിദ്യാലയം.
ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അംഗങ്ങളും തലചായ്ക്കാൻ സുരക്ഷിതമായ ഒരു ഇടമെന്ന സഹപാഠിയുടെ സ്വപ്നത്തിന് കൈത്താങ്ങായി. എല്ലാവരും ഒറ്റക്കെട്ടോടെ ഒന്നിച്ചപ്പോൾ പിറന്നത് മാതൃകാപരമായ ഒരു സ്നേഹഭവനം.
പട്ടിണിയും വേർതിരിവുകളുമില്ലാത്ത ആ പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്ന ഈ പൂവിളി ദിനങ്ങളിൽ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പി പ്രകാശപൂരിതമായ ഭാവി സമ്മാനിച്ചിരിക്കുകയാണ് ഈ വിദ്യാലയവും സഹപാഠികളും. വിദ്യാർഥികളും അധ്യാപകരും സ്കൂൾ മാനേജ്മെൻ്റും ചേർന്ന് കൈകോർത്തപ്പോൾ ഉയർന്നത് എട്ട് ലക്ഷം രൂപയോളം ചെലവിട്ട് നിര്മ്മിച്ച മനോഹരമായ വീടാണ്. സ്കൂളിലെ വിവിധ സംഘടനകളും നാട്ടിലെ സുമനസുകളും ഈ വലിയ ദൗത്യത്തിൽ പങ്കാളികളായി.
മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും കൃത്യമായ ഏകോപനവും സഹകരണവുമാണ് അത്യാധികം പരിശ്രമം ആവശ്യമായ ഈ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിച്ചത്. പഠനത്തോടൊപ്പം സഹജീവി സ്നേഹവും കരുതലുമാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്ന് ഈ വിദ്യാർഥികൾ തെളിയിച്ചു കഴിഞ്ഞു. സ്കൂള് ഓഡിറ്റോറിയത്തിൽ നടന്ന വൈകാരികമായ ചടങ്ങിൽ സ്നേഹഭവനത്തിൻ്റെ താക്കോൽ കുടുംബത്തിന് കൈമാറി.
ചിങ്ങം ഒന്നിന് വിദ്യാലയത്തിലെ ഒരു വിദ്യാര്ഥിക്ക് വീട് ഓണ സമ്മാനം നല്കിയ സന്തോഷത്തിലാണെന്ന് സ്നേഹവീട് കോ ഓര്ഡിനേറ്റര് ജോബി തോമസ് പറഞ്ഞു. ചെറുതും വലുതുമായ സംഭവനകള് നല്കി സഹായിച്ച എല്ലാവര്ക്കും ജോബി തോമസ് നന്ദി അറിയിച്ചു. സഹപാഠിക്ക് സ്നേഹവീട് എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത് സ്കൂള് പ്രിന്സിപ്പല് അഗസ്റ്റിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീടില്ലാതെ വാടക കൊടുക്കാന് കഷ്ടപ്പെടുന്ന കുടുംബത്തിന് അവരുടെ അഞ്ച് സെൻ്റ് ഭൂമിയില് വീട് എന്നതായിരുന്നു ആശയം. മാര്ച്ച് മാസം ആരംഭിച്ച വീടിൻ്റെ പണി അഞ്ച് മാസം കൊണ്ട് പൂര്ത്തീകരിക്കാന് സാധിച്ചു. വിദ്യാര്ഥികളുടെയും മുന് അധ്യാപകരുടെയും നിലവിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങള് പൂവണിയിക്കാന് വിദ്യാലയത്തിന് സാധ്യമായത്. പ്രിന്സിപ്പല് അഗസ്റ്റിന് മുന് എച്ച് എം ബിജുവും നിലവിലെ എച്ച് എം റെനിമോളും പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. ഫണ്ട് സമാഹരിക്കുന്നതിനും ഭവനത്തിൻ്റെ നിര്മാണ പ്രവര്ത്തനങ്ങള്ക്കും നേതൃത്വം നല്കിയ അധ്യാപകരും ഈ വീടിൻ്റെ കരുത്തായിരുന്നു അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഓണക്കാലത്ത് നാടിൻ്റെ സമത്വസുന്ദരമായ അന്തരീക്ഷം വീണ്ടെടുക്കാൻ പ്രയത്നിച്ച ഈ കൂട്ടായ്മ പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. പ്രകൃതിയും മനുഷ്യനും ഒരുപോലെ വസന്തം തീർക്കുന്ന ഈ ഓണക്കാലത്ത്, ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് സെക്കൻഡറി സ്കൂൾ പണിതുയർത്തിയ ഈ സ്നേഹവീട് ഒരു കുടുംബത്തിന് നൽകുന്ന തണൽ വാക്കുകൾക്ക് അപ്പുറമാണ്. വിദ്യാഭ്യാസം എന്നത് പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പൽ കൂടിയാണെന്നും ഈ വിദ്യാലയം അടിവരയിട്ടു ഉറപ്പിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR