വീണയെ തള്ളാതെ സിപിഎം, ഇഡിയ്ക്കെതിരെ രൂക്ഷവിമർശനം
Thiruvananthapuram, 21 ഓഗസ്റ്റ് (H.S.) സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടി യെ തള്ളാതെ സിപിഎം. അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിക്കുന്നത് കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകില്ലെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനി
Veena Vijayan


Thiruvananthapuram, 21 ഓഗസ്റ്റ് (H.S.)

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടി യെ തള്ളാതെ സിപിഎം. അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിക്കുന്നത് കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകില്ലെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗത്തിൽ വ്യക്തമാക്കി. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിലാണ് കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയ ആയുധമായി കേന്ദ്ര ഏജൻസികൾകേന്ദ്ര ഭരണാധികാരികൾ അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്ന പ്രവണത പലപ്പോഴുമുണ്ടായിട്ടുണ്ടെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. മോദി സർക്കാർ അധികാരത്തിലേറിയതോടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമായി കേന്ദ്ര അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുകയാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് നിശ്ശബ്ദമാക്കാൻ ശ്രമിച്ചതിൻ്റെ നിരവധി അനുഭവങ്ങളുമുണ്ട്.

മാധ്യമ വിചാരണയും ഭീകരതയുംസിഎംആർഎൽ-എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ പേരിൽ സിപിഎമ്മിനെയും പാർട്ടി നേതാക്കളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രചാരണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ വീണ്ടും പ്രസക്തമാകുന്നത്. പാർട്ടി നേതാക്കളുടെ സ്വകാര്യതകളിലേക്കും കടന്നുചെന്ന് അന്വേഷണത്തിൻ്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണ്. അപസർപ്പക കഥകൾ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണ്. കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും തെളിവുകൾ ശേഖരിക്കുകയും നിയമാനുസൃതമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുക എന്നതാണ് അന്വേഷണ ഏജൻസികളുടെ ചുമതല. എന്നാൽ, കോടതികളിൽ റിപ്പോർട്ട് സമർപ്പിക്കാറുണ്ടെന്നല്ലാതെ മാധ്യമങ്ങൾക്ക് ഓരോന്ന് പറഞ്ഞുകൊടുക്കാറില്ല. അന്വേഷണത്തിൻ്റെ പേരിൽ മാധ്യമങ്ങളിൽ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത് രാഷ്ട്രീയപ്രചാരണത്തിന് ഉപകരണമാക്കുന്നതിൻ്റെ ഭാഗമാണ്.

കോടതികളിലെ തിരിച്ചടിയും ഇരട്ടത്താപ്പുംഡൽഹി മദ്യനയക്കേസിലും അന്വേഷണ ഏജൻസികളുടെ ആരോപണങ്ങൾ രാഷ്ട്രീയചർച്ചകളിൽ വലിയ പ്രചാരണം നേടിയിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കണ്ടാണ് അരവിന്ദ് കെജ്രിവാളിനെതിരായ കേസ് ഡൽഹി കോടതി തള്ളിയത്. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരമാണ് കേസെടുത്തതെന്നും വിശ്വസനീയ തെളിവൊന്നും മുന്നോട്ട് വയ്ക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിൽ കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പലതവണ കോടതികളിൽ തകർന്നടിഞ്ഞതാണ്. ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടി രൂപയുടെ ക്രമക്കേടാണ് കേന്ദ്ര ഏജൻസികൾ നേരത്തെ ആരോപിച്ചത്.

നിലവിൽ ഒരാൾക്കെതിരെ പറയുന്ന രണ്ടു കോടി കഴിച്ച്, ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡി അന്വേഷിച്ചോ എന്ന് മുഖപ്രസംഗം ചോദിക്കുന്നു. ബാങ്ക് വഴി വാങ്ങുകയും ആദായനികുതി അടയ്ക്കുകയും ചെയ്തത് സാമ്പത്തിക കുറ്റകൃത്യമാണെന്ന് ആരോപിക്കുന്നു. അതേസമയം, യുഡിഎഫ് നേതാക്കളും ഇപ്പോൾ ഇഡി പ്രചാരണം ഏറ്റെടുത്ത മാധ്യമങ്ങളും പലവിധത്തിൽ കോടികൾ വാങ്ങിയിട്ടുള്ളതായി പറയുന്നു. ഇതേക്കുറിച്ച് അന്വേഷണവുമില്ല.

സിപിഎമ്മിനെ തകർക്കാനാകില്ല

സിപിഎമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമെന്ന ലക്ഷ്യമിടുന്നുണ്ടെങ്കിൽ അത് ചരിത്രത്തെ അറിയാത്തവരുടെ കണക്കുകൂട്ടലാണ്. ജയിലറകൾ കണ്ടും നിരോധനങ്ങൾ നേരിട്ടും പൊലീസ് മർദനം സഹിച്ചും രക്തസാക്ഷിത്വങ്ങൾ ഏറ്റുവാങ്ങിയും വളർന്ന പ്രസ്ഥാനമാണിത്.

കേരളത്തിൽ സിപിഎം കരുത്താർജിച്ചത് ഏതെങ്കിലും അധികാരികളുടെയും മാധ്യമങ്ങളുടെയും പ്രോത്സാഹനം കൊണ്ടല്ല. ഇത്തരം ഏതു നീക്കത്തെയും ജനാധിപത്യപരമായും നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്തും ആർജവവും സിപിഎമ്മിനുണ്ടെന്നും ദേശാഭിമാനി മുഖപ്രസംഗം വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News