Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 ഓഗസ്റ്റ് (H.S.)
മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽനിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളിൽ പുനഃപരിശോധന വേണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളും തമ്മിൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി ഉടൻ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയിലാണ് മുഖ്യമന്ത്രിമാർ എത്തിയത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും നേരിട്ട് ചർച്ച നടത്തിയത്.
നിർമാണ മേഖലയിലെ പ്രതിസന്ധി
ജൂലായ് ഒൻപതിന് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമാണ് കല്ലുകളുടെയും മറ്റ് നിർമാണ സാമഗ്രികളുടെയും അന്തർസംസ്ഥാന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളിൽനിന്നുള്ള പാറകളുടെയും മെറ്റലുകളുടെയും വരവ് ഗണ്യമായി കുറഞ്ഞു. കേരളത്തിലെ ദേശീയപാത നിർമാണത്തിന് ആവശ്യമായ വസ്തുക്കളുടെ പ്രധാന ഉറവിടം ഈ ജില്ലകളാണ്. പുതിയ നിയന്ത്രണങ്ങൾ വിതരണ ശൃംഖലയെ തകർക്കുകയും നിർമാണ പ്രവർത്തനങ്ങളിൽ വലിയ കാലതാമസത്തിന് വഴിവയ്ക്കുകയും ചെയ്തതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്നാടിൻ്റെ നിയന്ത്രണം കാരണം കേരളത്തിലെ സാധാരണക്കാരുടെ ഭവന നിർമാണം ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിലായിരുന്നു. നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്ന സാഹചര്യവും ഉണ്ടായി. ഇതിന് പരിഹാരം കാണാനാണ് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടത്.
ദേശീയപാത വികസനം അനിവാര്യം
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത വികസന പദ്ധതികൾ കേരളത്തിന് മാത്രമല്ല, ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വി.ഡി സതീശൻ തമിഴ്നാടിനെ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വല്ലർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവയിലേക്കുള്ള മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഈ റോഡുകൾ അനിവാര്യമാണ്. കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ കല്ലുകളും മെറ്റലുകളും ലഭ്യമാകുന്നതിന് വലിയ പരിമിതികളുണ്ട്. അതിനാൽ തമിഴ്നാടിൻ്റെ സ്വാഭാവിക വിഭവങ്ങളുടെ സുസ്ഥിരമായ മാനേജ്മെൻ്റിനെ ബാധിക്കാത്ത വിധത്തിൽ, ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കായി പ്രത്യേക ഇളവുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് മഹാബലിപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗം ചേർന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത വേദിയിലാണ് കേരളം തങ്ങളുടെ ആശങ്കകൾ ഔദ്യോഗികമായി പങ്കുവച്ചത്. അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം സുഗമമാക്കേണ്ടതിൻ്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. കേരളത്തിൻ്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന തമിഴ്നാടിൻ്റെ ഉറപ്പ് സംസ്ഥാനത്തെ നിർമാണ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR